ബ്രിട്ടീഷ് പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മര്‍ സംഘടിപ്പിച്ച ദീപാവലി വിരുന്നില്‍ മാംസവും മദ്യവും വിളമ്പിയതില്‍ രാജ്യത്തെ ഹിന്ദു സമൂഹത്തിന്റെ എതിര്‍പ്പ്. പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയായ ഡൗണിങ് 10 സ്ട്രീറ്റിലാണ് ദീപാവലി ആഘോഷം സംഘടിപ്പിച്ചത്. ആഘോഷത്തില്‍ കമ്മ്യൂണിറ്റി നേതാക്കളും ഉന്നത രാഷ്ട്രീയ നേതാക്കളും പങ്കെടുത്തു. ദീപാലങ്കാരം, കുച്ചിപ്പുടി നൃത്തം എന്നീ കലാപരിപാടികളും അരങ്ങേറിയിരുന്നു. പ്രധാനമന്ത്രി സ്റ്റാര്‍മര്‍ പാര്‍ട്ടിയെ അഭിസംബോധന ചെയ്തു. ദീപാവലി ആഘോഷം പക്ഷെ വിവാദമായിരിക്കുകയാണ്.
അതിഥികള്‍ക്ക് ലാംബ് കബാബ്, ബിയര്‍, വൈന്‍ എന്നിവ നല്‍കി. അത്താഴ മെനുവില്‍ മദ്യവും സസ്യേതര വിഭവങ്ങളും ഉണ്ടെന്നറിഞ്ഞപ്പോള്‍ ചില ബ്രിട്ടീഷ് ഹിന്ദുക്കള്‍ അസംതൃപ്തി അറിയിച്ചു.
കഴിഞ്ഞ വര്‍ഷം ഋഷി സുനക് ദീപാവലി ആഘോഷം നടത്തിയപ്പോള്‍ മാംസവും മദ്യവും ഒഴിവാക്കിയിരുന്നു. പ്രമുഖ ബ്രിട്ടീഷ് ഹിന്ദു പണ്ഡിറ്റായ സതീഷ് കെ ശര്‍മ്മ പ്രധാനമന്ത്രിയുടെ ഓഫീസിനെതിരെ രംഗത്തെത്തി. കഴിഞ്ഞ 14 വര്‍ഷത്തോളമായി, ഡൗണിംഗ് സ്ട്രീറ്റിലെ ദീപാവലി ആഘോഷം മാംസവും മദ്യവും ഇല്ലാതെയാണ് നടത്തിയത്. ഈ വര്‍ഷത്തെ ആഘോഷത്തില്‍ മദ്യവും മാംസവും ഉള്‍പ്പെടുത്തിയതില്‍ ഞെട്ടലുണ്ടായി. പ്രധാനമന്ത്രിയുടെ ഉപദേശകര്‍ അശ്രദ്ധയോടെയാണ് പരിപാടി നടത്തിയതെവന്നും അദ്ദേഹം എക്‌സില്‍ പോസ്റ്റ് ചെയ്തു. അതേസമയം, പ്രധാനമന്ത്രിയുടെ ഓഫിസ് ഇതുവരെ പ്രതികരിച്ചിട്ടില്ല.