പദവി നഷ്ടപ്പെട്ടു എന്നതിലല്ല പ്രയാസം, പാര്‍ട്ടി മനസ്സിലാക്കിയില്ല എന്നതാണ് , പാര്‍ട്ടിയും സര്‍ക്കാരും തെറ്റു തിരുത്തണം ; ആത്മകഥയില്‍ പിണറായി സര്‍ക്കാരിനെതിരെ തുറന്നടിച്ച് ഇ പി ജയരാജന്‍
രണ്ടാം പിണറായി സര്‍ക്കാരിന് എതിരെ ആഞ്ഞടിച്ച് മുതിര്‍ന്ന സിപിഐഎം നേതാവ് ഇപി ജയരാജയന്‍. പാര്‍ട്ടിയും സര്‍ക്കാരും തെറ്റുകള്‍ തിരുത്തണമെന്ന് ഇപി ജയരാജന്റെ ആത്മകഥയായ 'കട്ടന്‍ ചായയും പരിപ്പുവടയും ഒരു കമ്മ്യൂണിസ്റ്റിന്റെ ജീവിതം'ത്തില്‍ പറയന്നു. തന്റെ ഭാഗം കേള്‍ക്കാതെയാണ് എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്തുനിന്ന് മാറ്റിയത്. വിവാദ വിഷയങ്ങളില്‍ ഉള്‍പ്പെടെ ഇപിയുടെ ആത്മകഥയില്‍ പരാമര്‍ശിക്കുന്നുണ്ട്.
പ്രകാശ് ജാവഡേക്കറുമായുള്ള കൂടിക്കാഴ്ച ലോക്‌സഭ തെരഞ്ഞെടുപ്പിന് മുമ്പ് ചര്‍ച്ചയാക്കിയതിന് പിന്നില്‍ ഗൂഢാലോചനയുണ്ട്. സെക്രട്ടറിയേറ്റില്‍ അറിയിച്ചശേഷമാണ് സാന്റിയാഗോ മാര്‍ട്ടിന്‍ അടക്കമുള്ളവരില്‍ നിന്നും ദേശാഭിമാനിക്ക് പരസ്യം വാങ്ങിയത്. എന്നാല്‍ വിഎസ് അച്യുതാനന്ദന്‍ തനിക്ക് എതിരെ ആയുധമാക്കി. ഡോ.പി. സരിനെ പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയാക്കിയതിലും അതൃപ്തി. ചേലക്കരയില്‍ അന്‍വറിന്റെ സ്ഥാനാര്‍ത്ഥി എല്‍ഡിഎഫിനും ദോഷമുണ്ടാക്കുമെന്നു പുസ്തകത്തില്‍ പറയുന്നു. രാഷ്ട്രീയ വിവാദങ്ങള്‍ക്ക് വിശദമായ മറുപടി പറയുന്ന പുസ്തകം ഡിസി ബുക്ക്‌സ് ഇന്ന് പുറത്തിക്കും.
ഇഎംഎസ് നൊപ്പമുള്ള ഇപിയുടെ ചിത്രമാണ് കവര്‍പേജ് ആയി നല്‍കിയിട്ടുള്ളത്. കണ്‍വീനര്‍ സ്ഥാനത്തു നിന്നും മാറ്റിയതില്‍ വലിയ പ്രയാസം ഉണ്ടാക്കിയതായാണ് ഇപി ജയരാജന്‍ ആത്മകഥയില്‍ പറയുന്നത്. താന്‍ ഇല്ലാത്ത സെക്രട്ടറിയേറ്റില്‍ ആണ് വിഷയം ചര്‍ച്ച ചെയ്തത്. പദവി നഷ്ടപ്പെട്ടു എന്നതിലല്ല പ്രയാസം. പാര്‍ട്ടി മനസ്സിലാക്കിയില്ല എന്നതാണ്. കേന്ദ്ര കമ്മറ്റി അംഗമായ തനിക്കെതിരെ തീരുമാനമെടുക്കേണ്ടത് കേന്ദ്രകമ്മിറ്റി ആണ്. ഈ വിഷയത്തില്‍ പറയാനുള്ളത് കേന്ദ്രകമ്മിറ്റി അറിയിച്ചിട്ടുണ്ട്. അന്തിമ തീരുമാനം ഉണ്ടാകേണ്ടത് അവിടെയാണ്. ഉള്‍പ്പാര്‍ട്ടി ചര്‍ച്ചയില്‍ പറയേണ്ടത് അവിടെ പറയുക എന്നതാണ് കമ്മ്യൂണിസ്റ്റ് ധര്‍മ്മം. എന്നാല്‍ ഈ വിഷയത്തില്‍ പാര്‍ട്ടിയെടുത്ത് തീരുമാനം അണികള്‍ക്കിടയില്‍ തെറ്റിദ്ധാരണ ഉണ്ടാക്കി. എത്ര വിമര്‍ശനങ്ങള്‍ ഉണ്ടായാലും പാര്‍ട്ടിക്കൊപ്പം നിന്ന് പ്രവര്‍ത്തിക്കുമെന്ന് ഇപി ആത്മകഥയില്‍ വ്യക്തമാക്കുന്നു.
എല്ലാ മാധ്യമ സ്ഥാപനങ്ങളും പരസ്യം വാങ്ങിയത് പോലെയാണ് ദേശാഭിമാനിയും വാങ്ങിയതെന്ന് ഇപി ജയരാജന്‍ പറയുന്നു. എന്നാല്‍ വ്യവസ്ഥകള്‍ക്ക് വിധേയവുമായി വാങ്ങിയ പരസ്യം ബോണ്ട് വിവാദമാക്കി. പാര്‍ട്ടിയിലെ വിഭാഗീയത ഇത്തരം കാല്പനിക സൃഷ്ടികള്‍ക്ക് ആക്കം കൂട്ടുകയും ചെയ്തു. തന്നെയും ദേശാഭിമാനിയെയും താറടിച്ചു കാണിക്കാന്‍ വിഭാഗീയതയ്ക്ക് ചുക്കാന്‍ പിടിക്കുന്നവര്‍ ശ്രമിച്ചു. വ്യവസായ വി എം രാധാകൃഷ്ണന്‍ നിന്നും പരസ്യം വാങ്ങിയതും ചിലര്‍ വിവാദമാക്കി. പരസ്യം വാങ്ങിയെങ്കിലും ഒരു വാര്‍ത്തയും രാധാകൃഷ്ണന്‍ അനുകൂലമായി നല്‍കിയിട്ടില്ല. വി എം രാധാകൃഷ്ണന്‍ ദേശാഭിമാനി കെട്ടിടം വിറ്റു എന്നത് വ്യാജ വാര്‍ത്ത. പുറത്താക്കിയ ഡെപ്യൂട്ടി മാനേജര്‍ വേണുഗോപാലിനെ തിരിച്ചെടുത്തത് താന്‍ അറിയാതെയാണ്. ഡിജിറ്റല്‍ ഒപ്പ് താന്‍ അറിയാതെ ഇതിനുവേണ്ടി ഉപയോഗിച്ചു. സാന്റിയാഗോ മാര്‍ട്ടിനും രാധാകൃഷ്ണനും വേണ്ടി ഒരു വിട്ടുവീഴ്ചകളും നല്‍കിയിട്ടില്ലെന്ന് ആത്മകഥയില്‍ ഇപി പറയുന്നു.