വേദപഠന ക്ലാസിലെ വിദ്യാര്‍ത്ഥികള്‍ക്കായുള്ള സമ്മര്‍ ക്യാംപുകളില്‍ പ്രായപൂര്‍ത്തിയാകാത്തവര്‍ക്കെതിരെ ലൈംഗിക അതിക്രമം. അറിഞ്ഞിട്ടും വിവരം പൊലീസിനെ കൃത്യസമയത്ത് അറിയിക്കാന്‍ തയ്യാറായില്ലെന്ന് അന്വേഷണത്തില്‍ വ്യക്തമായതിന് പിന്നാലെ ഗ്ലോബല്‍ ആംഗ്ലിക്കന്‍ കമ്മ്യൂണിയന്‍ ആത്മീയ നേതാവും ചര്‍ച്ച് ഓഫ് ഇംഗ്ലണ്ടിന്റെ തലവനുമായ കാന്റര്‍ബറി ആര്‍ച്ച് ബിഷപ് രാജി വച്ചു. കാന്റര്‍ബറി ആര്‍ച്ച് ബിഷപ്പ് ജസ്റ്റിന്‍ വെല്‍ബിയാണ് ചൊവ്വാഴ്ച രാജി വച്ചത്. വര്‍ഷങ്ങളോളം സഭയുടെ സമ്മര്‍ ക്യാംപില്‍ നടന്ന ലൈംഗിക അതിക്രമം മറച്ചുവയ്ക്കാന്‍ ശ്രമിച്ചതായുള്ള ഗുരുതരമായ ആരോപണമാണ് ജസ്റ്റിന്‍ വെല്‍ബി നേരിടുന്നത്.
2013ല്‍ ഇംഗ്ലണ്ടിലും ആഫ്രിക്കയും നടന്ന ബാലപീഡനങ്ങളേക്കുറിച്ച് വിവരം ലഭിച്ചുവെങ്കിലും മറച്ച് വച്ചതില്‍ തന്റെ ഭാഗത്ത് നിന്നുണ്ടായ പിഴവ് ഏറ്റെടുക്കാനുള്ള സന്നദ്ധത കാണിക്കാതിരുന്നതിന് പിന്നാലെ ജസ്റ്റിന്‍ വെല്‍ബിക്ക് മേല്‍ സമ്മര്‍ദ്ദം ഏറിയിരുന്നു. ചൊവ്വാഴ്ച പിഴവ് സമ്മതിച്ച ജസ്റ്റിന്‍ വെല്‍ബി രാജി പ്രഖ്യാപിക്കുകയായിരുന്നു. 2013നും 2024നും ഇടയില്‍ നടന്ന സംഭവങ്ങളില്‍ സഭയുടേയും തന്റേയും ഉത്തരവാദിത്തം ഏറ്റെടുക്കുന്നുവെന്ന് വ്യക്തമാക്കിയാണ് രാജി പ്രഖ്യാപനം. ചര്‍ച്ച് ഓഫ് ഇംഗ്ലണ്ടിന്റെ നല്ലതിന് വേണ്ടിയാണ് രാജിയെന്ന് ജസ്റ്റില്‍ വെല്‍ബി രാജി പ്രഖ്യാപനത്തില്‍ വ്യക്തമാക്കി.
ആഗോള തലത്തില്‍ ആംഗ്ലിക്കന്‍ വിഭാഗത്തിന് ഏറെ വെല്ലുവിളി നല്‍കുന്നതാണ് കാന്റര്‍ബറി ആര്‍ച്ച് ബിഷപ്പിന്റെ രാജി. 165 രാജ്യങ്ങളിലായി 85 ദശലക്ഷം അനുയായികളാണ് ആംഗ്ലിക്കന്‍ കമ്മ്യൂണിയനുള്ളത്. ഓരോ രാജ്യങ്ങളും ഒരു നേതാവുണ്ടെങ്കിലും കാന്റര്‍ബറി ആര്‍ച്ച് ബിഷപ്പ് പദവിയാണ് ഏറ്റവും ഉന്നത പദവിയിലുള്ളത്. 1989ല്‍ ഓയില്‍ വ്യവസായ മേഖലയിലെ ജോലി ഉപേക്ഷിച്ചാണ് ജസ്റ്റിന്‍ വെല്‍ബി പൌരോഹിത്യത്തിലേക്ക് എത്തിയത്. നിരവധി വിവാദങ്ങള്‍ ഔദ്യോഗിക പദവിയിലുള്ള സമയത്ത് ജസ്റ്റിന്‍ വെല്‍ബി നേരിടേണ്ടി വന്നിരുന്നു. സഭയിലെ വനിതാ പ്രാതിനിധ്യവും സ്വവര്‍ഗാനുരാഗികളുടെ അവകാശങ്ങളുമെല്ലാം ജസ്റ്റില്‍ വെല്‍ബിയുടെ അധികാര പരിധിയിലുള്ള കാലത്ത് ആംഗ്ലിക്കന്‍ കമ്മ്യൂണിയനെ വല്ലാതെ ഉലച്ചിരുന്നു.
വ്യാഴാഴ്ചയാണ് ചര്‍ച്ച് ഓഫ് ഇംഗ്ലണ്ട് സ്വതന്ത്ര്യ അന്വേഷണ റിപ്പോര്‍ട്ട് പുറത്ത് വിട്ടത്. സഭയിലെ ബാരിസ്റ്റര്‍ ആയിരുന്ന ജോണ്‍ സ്മിത്ത് 1970 മുതല്‍ 2018ല്‍ മരിക്കുന്നത് വരെ ബ്രിട്ടനില്‍ 30 ആണ്‍കുട്ടികളേയും ആഫ്രിക്കയില്‍ 85 ആണ്‍കുട്ടികളേയും ലൈംഗികമായി ദുരുപയോഗിച്ചുവെന്ന ആരോപണത്തിലെ റിപ്പോര്‍ട്ടാണ് പുറത്ത് വന്നത്. 2013 ഓഗസ്റ്റില്‍ പീഡന വിവരം അറിഞ്ഞുവെങ്കിലും പൊലീസ് അടക്കമുള്ള അധികാരികളെ വിവരം അറിയിക്കാന്‍ ജസ്റ്റിന്‍ വെല്‍ബി തയ്യാറായില്ലെന്നാണ് 251 പേജുള്ള അന്വേഷണ റിപ്പോര്‍ട്ട് വിശദമാക്കുന്നത്. ഇങ്ങനെ ചെയ്തിരുന്നുവെങ്കില്‍ ദശാബ്ദങ്ങള്‍ നീണ്ട ലൈംഗിക ദുരുയോഗം ചെറുക്കാന്‍ സാധിക്കുമായിരുന്നുവെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നുണ്ട്.