'സോണിയാ ജീ, മഹാരാഷ്ട്രയില്‍ 'രാഹുല്‍ ഫ്‌ലൈറ്റ്' 21-ാം തവണ തകരാന്‍ പോകുകയാണ്'; രാഹുല്‍ഗാന്ധിയെ പരിഹസിച്ച് അമിത് ഷാ
കോണ്‍ഗ്രസ് നേതാക്കളായ സോണിയ ഗാന്ധിയേയും രാഹുല്‍ ഗാന്ധിയേയും പരിഹസിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രിയും ബിജെപി നേതാവുമായ അമിത് ഷാ. മഹാരാഷ്ട്രയില്‍ 'രാഹുല്‍ ഫ്‌ലൈറ്റ്' 21-ാം തവണ തകരാന്‍ പോകുകയാണെന്നായിരുന്നു അമിത് ഷായുടെ പരിഹാസം. ഇതിനകം 20 തവണ തകര്‍ന്ന 'രാഹുല്‍ ബാബ' എന്ന വിമാനം നവംബര്‍ 20ന് നടക്കുന്ന മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പില്‍ വീണ്ടും തകര്‍ന്നുവീഴുമെന്നും അമിത് ഷാ പറഞ്ഞു. മഹാരാഷ്ട്രയില്‍ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അമിത് ഷാ.
ആര്‍ട്ടിക്കിള്‍ 370, മുസ്ലിം സംവരണം, രാമക്ഷേത്രം എന്നിവയില്‍ കോണ്‍ഗ്രസ് നിലപാടിനെ അമിത് ഷാ കടന്നാക്രമിച്ചു. ജമ്മു കശ്മീരിന്റെ പ്രത്യേക പദവിയുടെ കാര്യത്തില്‍ ബി ജെ പിയുടെ നിലപാട് ശക്തമായി ആവര്‍ത്തിച്ച അമിത് ഷാ, ഇന്ദിരാഗാന്ധി സ്വര്‍ഗത്തില്‍ നിന്ന് മടങ്ങി വന്നാലും ആര്‍ട്ടിക്കിള്‍ 370 പുനഃസ്ഥാപിക്കില്ലെന്ന് പറഞ്ഞു. രാഹുല്‍ ഗാന്ധിയുടെ നാല് തലമുറകള്‍ ആവശ്യപ്പെട്ടാലും ന്യൂനപക്ഷ സമുദായത്തിന് സംവരണം നല്‍കില്ലെന്നും അമിത് ഷാ പറഞ്ഞു. ശിവസേന നേതാവ് ഉദ്ധവ് താക്കറെയ്ക്കെതിരെയും അമിത് ഷാ വിമര്‍ശനം ഉന്നയിച്ചു. ഹിന്ദുക്കളെ ഭീകരരെന്ന് വിളിക്കുന്നവരുമായാണ് ഉദ്ധവ് താക്കറെ സഖ്യമുണ്ടാക്കിയിരിക്കുന്നതെന്നായിരുന്നു അമിത് ഷായുടെ വിമര്‍ശനം.