ഇരുപത് വര്‍ഷത്തിനിടെ 200 സ്ത്രീകളെ ബലാത്സംഗം ചെയ്ത 43കാരനെ ഇറാന്‍ ഭരണകൂടം പരസ്യമായി വധിച്ചു. മുഹമ്മദ് അലി സലാമത്ത് എന്ന ആളെയാണ് ഇറാന്‍ പരസ്യമായി തൂക്കിലേറ്റിയത്. ഇറാന്റെ പടിഞ്ഞാറന്‍ നഗരമായ ഹമേദാനിലെ സെമിത്തേരിയിലായിരുന്നു വധശിക്ഷ നടപ്പിലാക്കിയത്.
ഹമേദാനില്‍ ഫാര്‍മസിയും ജിമ്മും നടത്തിവരികയായിരുന്നു മുഹമ്മദ് അലി സലാമത്ത്. സ്ത്രീകളോട് വിവാഹാഭ്യര്‍ത്ഥന നടത്തുകയോ ഡേറ്റില്‍ ഏല്‍പ്പെടുകയോ ചെയ്യുന്നതാണ് ഇയാളുടെ രീതി. ഇതിന് ശേഷം ബലാത്സംഗം ചെയ്യും. ചില സ്ത്രീകള്‍ക്ക് ഇയാള്‍ ഗര്‍ഭനിരോധന ഗുളികകള്‍ നല്‍കിയിരുന്നു. ഇരുപത് വര്‍ഷമായി ഇയാള്‍ ഇത് തുടര്‍ന്നുവരികയായിരുന്നു.
ഭയം കാരണം പല സ്ത്രീകളും ആദ്യം പരാതി നല്‍കാന്‍ തയ്യാറായിരുന്നില്ല. പിന്നീട് പരാതിയുമായി സ്ത്രീകള്‍ രംഗത്തെത്തുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ ഇക്കഴിഞ്ഞ ജനുവരിയില്‍ മുഹമ്മദ് അലിയെ പൊലീസ് അറസ്റ്റ് ചെയ്തു. മുഹമ്മദ് അലിയുടെ അറസ്റ്റിന് പിന്നാലെ നൂറ് കണക്കിന് ആളുകള്‍ നഗരത്തിലെ നീതിന്യായ വകുപ്പിന് മുന്നില്‍ തടിച്ച് കൂടി ഇയാള്‍ക്ക് വധശിക്ഷ നല്‍കണമെന്ന് ആവശ്യപ്പെട്ടിരുന്നു.
ബലാത്സംഗം ഇറാനില്‍ വധശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. 2005 ല്‍ 20 കുട്ടികളെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കുറ്റത്തിന് 24 കാരനെ ഇറാന്‍ പരസ്യമായി തൂക്കിലേറ്റിയിരുന്നു.