തുള്‍സി ഗബാര്‍ഡിനെ പുതിയ ഇന്റലിജന്‍സ് മേധാവിയാക്കാന്‍ ട്രംപ് ; വിശ്വസ്തരെ പ്രധാന പദവികളില്‍ എത്തിക്കാന്‍ നീക്കം

തുള്‍സി ഗബാര്‍ഡിനെ പുതിയ ഇന്റലിജന്‍സ് മേധാവിയാക്കാന്‍ ട്രംപ് ; വിശ്വസ്തരെ പ്രധാന പദവികളില്‍ എത്തിക്കാന്‍ നീക്കം
യുഎസ് ജനപ്രതിനിധി സഭാ മുന്‍ അംഗമായ തുള്‍സി ഗബാര്‍ഡിനെ പുതിയ ഇന്റലിജന്‍സ് മേധാവിയാക്കുമെന്ന് പ്രഖ്യാപിച്ച് നിയുക്ത പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ട്രംപിന്റെ ഏറ്റവും അടുത്ത ആളുകളിലൊരാളാണ് തുള്‍സി. വിശ്വസ്തരെ പ്രധാന പദവികളില്‍ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിചയസമ്പന്നരെ പോലും മറികടന്ന് തുള്‍സിയെ നിയമിക്കാനുള്ള ട്രംപിന്റെ തീരുമാനം.

ദേശീയ ഇന്റലിജന്‍സ് ഡയറക്ടറായി നിയമിക്കപ്പെടുന്ന തുള്‍സി ഗബാര്‍ഡ് യുഎസിലെ 18 രഹസ്യാന്വേഷണ ഏജന്‍സികളുടെ ഏകോപനത്തിന് മേല്‍നോട്ടം വഹിക്കും. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ട്രംപ് പരിഗണിച്ചിരുന്നവരിലും തുള്‍സി ഉള്‍പ്പെട്ടിരുന്നു. നേരത്തെ ഡെമോക്രാറ്റിക് പാര്‍ട്ടി അനുയായിരുന്ന തുള്‍സി. 2020ലെ തിരഞ്ഞെടുപ്പില്‍ ട്രംപിന്റെ എതിരാളിയാകാന്‍ ഡെമോക്രാറ്റിക് പ്രൈമറിയില്‍ തുള്‍സിയും മത്സരിച്ചിരുന്നു. പിന്നീട് പിന്‍മാറി. 2022ല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി വിട്ടു. ഇത്തവണ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ക്ക് മുന്‍പ് തന്നെ തുള്‍സി ട്രംപിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു.

യുഎസ് പാര്‍ലമെന്റിലെ ഹിന്ദുമത വിശ്വാസിയായ ആദ്യ അംഗം കൂടിയാണ് തുള്‍സി. ഡെമോക്രാറ്റിക് പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കെ ഹവായില്‍ നിന്നാണ് ജനപ്രതിനിധി സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരുന്നത്. ഭഗവദ്ഗീതയില്‍ തൊട്ടാണു സത്യപ്രതിജ്ഞ ചെയ്തത്. അമേരിക്കക്കാരിയാണെങ്കിലും അമ്മ ഹിന്ദുമത വിശ്വാസിയാണെന്നതാണ് ഇന്ത്യന്‍ ബന്ധം. തുള്‍സിയുടെ അച്ഛന്‍ കത്തോലിക്കനും അമ്മ ഹിന്ദുമതം സ്വീകരിച്ചയാളുമാണ്. കൗമാരപ്രായത്തില്‍ തന്നെ തുള്‍സിയും ഹിന്ദുമതം സ്വീകരിക്കുക ആയിരുന്നു.

ടീമിലെ മറ്റ് അംഗങ്ങളുടെ കാര്യത്തിലും തീരുമാനമായിട്ടുണ്ട്. ഫോക്‌സ് ന്യൂസിലെ അവതാരകന്‍ പീറ്റ് ഹെഗ്‌സെത് ആയിരിക്കും പ്രതിരോധ സെക്രട്ടറി. റിപ്പബ്ലിക്കന്‍ അനുകൂല ചാനലാണ് ഫോക്‌സ് ന്യൂസ്. തീവ്ര ദേശീയത നിലപാടും പീറ്റര്‍ ഹെഗ്‌സെതിന്റെ പ്രത്യേകതയാണ്. ആര്‍മി നാഷനല്‍ ഗാര്‍ഡില്‍ സേവനമനുഷ്ഠിച്ചിരുന്ന ഹെഗ്‌സെത് തീവ്രനിലപാടു മൂലം സേനയുമായി തല്ലിപ്പിരിഞ്ഞു രാജിവയ്ക്കുകയായിരുന്നു.

മാറ്റ് ഗെയറ്റ്‌സ് അറ്റോര്‍ണി ജനറലും ജോണ്‍ റാറ്റ് ക്ലിഫ് സിഐഎ മേധാവിയുമാകും. ഇസ്രയേലിലേക്കുള്ള അംബാസഡറായി അര്‍കെന്‍സ മുന്‍ ഗവര്‍ണര്‍ മൈക്ക് ഹക്കബി, പശ്ചിമേഷ്യ പ്രത്യേക പ്രതിനിധിയായി സ്റ്റീവന്‍ വിറ്റ്‌കോഫ്, ഹോംലാന്‍ഡ് സെക്യൂരിറ്റി സെക്രട്ടറിയായി സൗത്ത് ഡക്കോട്ട ഗവര്‍ണര്‍ ക്രിസ്റ്റി നോം എന്നിവരുടെയും നിയമനം പ്രഖ്യാപിച്ചു.

Other News in this category



4malayalees Recommends