രണ്ടു വയസ്സുള്ള മകളെ കൊലപ്പെടുത്തിയ കേസില്‍ ജയിലില്‍ ; ജാമ്യം കിട്ടി 300 ദിവസത്തിനു ശേഷവും ജയില്‍ മോചിതയായില്ല ; ഉന്നത ഇടപെടലില്‍ മോചന സാധ്യത തുറക്കുന്നു

രണ്ടു വയസ്സുള്ള മകളെ കൊലപ്പെടുത്തിയ കേസില്‍ ജയിലില്‍ ; ജാമ്യം കിട്ടി 300 ദിവസത്തിനു ശേഷവും ജയില്‍ മോചിതയായില്ല  ; ഉന്നത ഇടപെടലില്‍ മോചന സാധ്യത തുറക്കുന്നു
തമിഴ്‌നാട്ടില്‍ ഹൈക്കോടതി ജാമ്യം നല്‍കി 300 ദിവസം കഴിഞ്ഞിട്ടും ജയില്‍ വിടാനാകാതെ യുവതിക്ക് ഒടുവില്‍ മോചനത്തിനുള്ള വഴികള്‍ തെളിയുന്നു. യുവതിയെ വീട്ടുകാര്‍ ഉപേക്ഷിച്ചതും ജാമ്യത്തുകയ്ക്കുള്ള പണം ഇല്ലാത്തതുമായിരുന്നു 44കാരിയുടെ മോചനം വൈകിച്ചത്. രണ്ട് വയസ്സുകാരിയായ മകളെ കൊലപ്പെടുത്തിയെന്ന കേസില്‍ 2013 ഒക്ടോബറിലാണ് ശിവഗംഗ സ്വദേശിയായ യുവതിയെ ജീവപര്യന്തം തടവിന് പ്രത്യേക കോടതി ശിക്ഷിച്ചത്. വെല്ലൂരിലെ വനിതാ ജയിലിലേക്ക് മാറ്റിയ യുവതിയെ ഒരിക്കല്‍ പോലും സന്ദര്‍ശിക്കാന്‍ കുടുംബം തയ്യാറായിരുന്നില്ല.

പ്രാദേശിക മാധ്യങ്ങള്‍ യുവതിയുടെ അവസ്ഥ വാര്‍ത്ത നല്‍കിയതിന് പിന്നാലെ തമിഴ്‌നാട് പ്രിസണ്‍ മേധാവിയുടെ ഇടപെടലില്‍ യുവതിക്ക് മോചനത്തിനുള്ള സാധ്യത തുറക്കുന്നതായാണ് പുറത്ത് വരുന്ന വിവരം. യുവതിക്ക് ജാമ്യം ലഭിക്കാന്‍ ആവശ്യമായ നിബന്ധനകള്‍ പൂര്‍ത്തിയാകാനുള്ള സഹായങ്ങള്‍ നല്‍കാന്‍ ക്ഷേമ പ്രവര്‍ത്തകരെ ചുമതലപ്പെടുത്തിയിരിക്കുകയാണ് തമിഴ്‌നാട് ജയില്‍ ഡിജിപി മഹേശ്വര്‍ ദയാല്‍. ഇത്തരത്തില്‍ ജയിലില്‍ കിടക്കുന്ന മറ്റ് തടവുകാരുടെ വിവരം ശേഖരിക്കാന്‍ ജയില്‍ ഡിജിപി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ബുധനാഴ്ച ജയില്‍ ഉദ്യോഗസ്ഥന്‍ യുവതിയുടെ കുടുംബവുമായി ബന്ധപ്പെടുകയും ജാമ്യ വ്യവസ്ഥകളേക്കുറിച്ച് സംസാരിക്കുകയും ചെയ്തു. യുവതിയുമായും ജയില്‍ അധികാരികള്‍ സംസാരിച്ചിട്ടുണ്ട്.

2019ലെ മദ്രാസ് ഹൈക്കോടതി ഉത്തരവ് പ്രകാരം, വനിതാ തടവുകാരുടെ ജയില്‍ സാഹചര്യങ്ങള്‍ പഠിക്കാന്‍ നിയോഗിക്കപ്പെട്ട അഭിഭാഷകയായ കെ.ആര്‍.റോജയാണ്, യുവതിയെ കാണുകയും ശിക്ഷാ വിധിക്കെതിരെ അപ്പീല്‍ നല്‍കുകയും ചെയ്തത്. പ്രോസിക്യൂഷന്‍ ഹാജരാക്കിയ തെളിവുകള്‍ കെട്ടിച്ചമച്ചതെന്ന വാദം അംഗീകരിച്ച ഹൈക്കോടതി കഴിഞ്ഞ ഡിസംബര്‍ 20ന് ശിക്ഷ മരവിപ്പിച്ച് യുവതിക്ക് ജാമ്യം അനുവദിച്ചിരുന്നു. 25,000 രൂപ കെട്ടിവയ്ക്കണമെന്നും രക്തബന്ധം ഉള്ള ആരെങ്കിലും ജാമ്യം നില്‍ക്കണമെന്നും ആയിരുന്നു വ്യവസ്ഥകള്‍. ഇതിനായി യുവതിയുടെ 5 സഹോദരങ്ങളെ റോജ സമീപിച്ചെങ്കിലും സഹായിക്കാന്‍ ആരും തയ്യാറായില്ല.

അമ്മ ജാമ്യം നില്‍ക്കാന്‍ തയ്യാറായെങ്കിലും അച്ഛന്‍ വിലക്കിയതും തിരിച്ചടിയായി. ഇതോടെയാണ് ജയില്‍മോചനം മുടങ്ങിയത്. 2012 സെപ്തംബര്‍ 1നായിരുന്നു യുവതി അറസ്റ്റിലായത്. അന്ന് മുതല്‍ ജയിലിലാണ് യുവതി കഴിയുന്നത്.

Other News in this category



4malayalees Recommends