യുകെയിലെ മലയാളി നഴ്‌സുമാര്‍ ഒത്തുപിടിച്ചു ; ബ്രിട്ടനിലെ റോയല്‍ കോളജ് നഴ്‌സിങ് പ്രസിഡന്റായി മലയാളിയായ ബിജോയ് സെബാസ്റ്റ്യന്‍ ; ഇത് ചരിത്ര വിജയം

യുകെയിലെ മലയാളി നഴ്‌സുമാര്‍ ഒത്തുപിടിച്ചു ; ബ്രിട്ടനിലെ റോയല്‍ കോളജ് നഴ്‌സിങ് പ്രസിഡന്റായി മലയാളിയായ ബിജോയ് സെബാസ്റ്റ്യന്‍ ; ഇത് ചരിത്ര വിജയം
യുകെ നഴ്‌സുമാര്‍ക്കാകെ അഭിമാന നിമിഷം. മലയാളിയായ ബിജോയ് സെബാസ്റ്റിയന്‍ നടന്നുകയറിയത് വന്‍ നേട്ടത്തിലേക്ക്.

അഞ്ചു ലക്ഷത്തിലേറെ അംഗങ്ങളുള്ള യുകെയിലെ ഏറ്റവും വലിയ നഴ്‌സിങ്ങ് ട്രേഡ് യൂണിയനായ റോയല്‍ കോളജ് ഓഫ് നഴ്‌സിങ്ങിന്റെ പ്രസിഡന്റായി മലയാളിയായ മെയില്‍ നഴ്‌സ് ബിജോയ് സെബാസ്റ്റിയന്‍ തിരഞ്ഞെടുക്കപ്പെട്ടു. ചരിത്രത്തില്‍ ആദ്യമായാണ് ഇന്ത്യയില്‍ നിന്ന് ഒരാള്‍ ഈ സ്ഥാനത്തെത്തുന്നത്.

ആരോഗ്യ സംരക്ഷണ മേഖലയിലെ ഏറ്റവും വലിയ സംഘടനയാണ് ആര്‍സിഎന്‍. ആലപ്പുഴ പുന്നപ്ര വണ്ടാനം സ്വദേശിയായ ബിജോയ്, യൂണിവേഴ്‌സിറ്റി കോളജ് ഓഫ് ലണ്ടന്‍ ഹോസ്പിറ്റലില്‍ സീനിയര്‍ ക്രിട്ടിക്കല്‍ കെയര്‍ നഴ്‌സാണ്.

ലോകത്തിലെ ഏറ്റവും വലിയ ട്രേഡ് യൂണിയനുകളില്‍ ഒന്നിന്റെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതില്‍ അഭിമാനമുണ്ടെന്നും ഒട്ടേറെ പ്രതീക്ഷകളോടെയാണ് ഈ സ്ഥാനത്തെ കാണുന്നതെന്നും ബിജോയ് പറഞ്ഞു.

മലയാളികളായ നഴ്‌സിങ് ജീവനക്കാര്‍ ഒന്നടങ്കം പിന്തുണച്ചതോടെയാണ് സ്വദേശികളായ സ്ഥാനാര്‍ത്ഥികളെ പിന്നിലാക്കി ബിജോയ് ഊജ്വല വിജയം സ്വന്തമാക്കിയത്.

ഒക്ടോബര്‍ 14ന് ആരംഭിച്ച പോസ്റ്റല്‍ ബാലറ്റ് വോട്ടെടുപ്പ് നവംബര്‍ 11 നാണ് സമാപിച്ചത്. ഇതിനിടെ യുക്മ നഴ്‌സസ് ഫോറം ഉള്‍പ്പെടെ മലയാളി സംഘടനകള്‍ ബിജോയിക്ക് പരസ്യ പിന്തുണയുമായി രംഗത്തെത്തി. സമൂഹ മാധ്യമങ്ങളിലും ബിജോയിയുടെ സ്ഥാനാര്‍ത്ഥിത്വത്തിന് വലിയ സ്വീകാര്യത ലഭിച്ചു. ബിജോയ് ഉള്‍പ്പെടെ ആറു പേരാണ് മത്സരിച്ചത്. 2025 ജനുവരി 1 മുതല്‍ 2026 ഡിസംബര്‍ 31 വരെ രണ്ടു വര്‍ഷമാണ് പ്രസിഡന്റിന്റെ കാലാവധി.

1916 ല്‍ ബ്രിട്ടനിലാണ് റോയല്‍ കോളജ് ഓഫ് നഴ്‌സിങ് പ്രവര്‍ത്തനമാരംഭിച്ചത്.

കോട്ടയം മെഡിക്കല്‍ കോളേജില്‍ നിന്ന് നഴ്‌സിങ്ങില്‍ ബിരുദ പഠനത്തിന് ശേഷം, കഴിഞ്ഞ പതിമൂന്നര കൊല്ലമായി യൂക്കെയില്‍ നഴ്സ് ആയി ജോലി ചെയ്യുന്ന ബിജോയിയുടെ ഭാര്യ ദിവ്യ ക്ലെമന്റ് ഹാമെര്‍സ്മിത് ഹോസ്പിറ്റലില്‍ സ്റ്റാഫ് നഴ്സ് ആയി ജോലി ചെയ്തു വരുന്നു. ബിജോയിയുടെ സഹോദരി ബ്ലെസിയും ഭര്‍ത്താവ് ജിതിനും യൂക്കെയില്‍ നഴ്സുമാരാണ്.

യുകെ മലയാളി നഴ്‌സുമാര്‍ക്ക് ഇനി ബിജോയ്ക്ക് കീഴില്‍ കൂടുതല്‍ പിന്തുണ ഉറപ്പാക്കാം.

Other News in this category



4malayalees Recommends