ലേബര്‍ ഗവണ്‍മെന്റ് പ്രഖ്യാപിച്ച നാഷണല്‍ ഇന്‍ഷുറന്‍സ് എംപ്ലോയര്‍ കോണ്‍ട്രിബ്യൂഷന്‍ ജിപി സര്‍ജറികളുടെ നിലനില്‍പ്പിന് ഭീഷണിയാകുമെന്ന് മുന്‍നിര ഡോക്ടര്‍മാരുടെ മുന്നറിയിപ്പ്. ചാന്‍സലര്‍ റേച്ചല്‍ റീവ്‌സിന്റെ എംപ്ലോയര്‍ നാഷണല്‍ ഇന്‍ഷുറന്‍സ് കോണ്‍ട്രിബ്യൂഷന്‍ വര്‍ദ്ധനവിലൂടെയുള്ള 25 ബില്ല്യണ്‍ പൗണ്ടിന്റെ നികുതി വേട്ടയ്‌ക്കെതിരെയാണ് ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷന്‍ ശക്തമായ ഭാഷയില്‍ വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്.
ഇന്‍ഷുറന്‍സ് വര്‍ദ്ധന മൂലമുള്ള ചെലവുകള്‍ വഹിക്കാനായി ജിപി പ്രാക്ടീസുകള്‍ക്ക് കൂടുതല്‍ ഫണ്ട് നല്‍കണമെന്നാണ് ഡോക്ടര്‍മാരുടെ യൂണിയന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ജിപിമാര്‍ എന്‍എച്ച്എസ് കുടുംബത്തിന്റെ ഭാഗമല്ലെന്ന സൂചന അതിശയിപ്പിക്കുന്നതാണെന്ന് ബിഎംഎം ചൂണ്ടിക്കാണിച്ചു. നാഷണല്‍ ഇന്‍ഷുറന്‍സ് വര്‍ദ്ധന വഴി എന്‍എച്ച്എസ് ജനറല്‍ പ്രാക്ടീസുകളുടെ നിലനില്‍പ്പാണ് ഭീഷണിയാകുന്നത്. വര്‍ഷങ്ങളുടെ നിക്ഷേപച്യുതി മൂലം നാഷണല്‍ ലിവിംഗ് വേജ് ഭാരം ജനറല്‍ പ്രാക്ടീസുകള്‍ക്ക് ഭാരമേറിയിട്ടുണ്ട്, ബിഎംഎ പറയുന്നു.
റീവ്‌സ് ബിസിനസ്സുകളെ ചുവരില്‍ ചേര്‍ത്തുപിടിച്ച അവസ്ഥയിലാണെന്ന് റീട്ടെയില്‍, ഹോസ്പിറ്റാലിറ്റി മേധാവികള്‍ കുറ്റപ്പെടുത്തിയിരുന്നു. ഏപ്രില്‍ മുതല്‍ 1.2 ശതമാനം വര്‍ദ്ധിച്ച് നാഷണല്‍ ഇന്‍ഷുറന്‍സ് നിരക്ക് ബിസിനസ്സുകള്‍ക്ക് 15 ശതമാനത്തിലേക്കാണ് എത്തുന്നത്. കൂടാതെ ഉയര്‍ന്ന മിനിമം വേജും, എംപ്ലോയ്‌മെന്റ് നിയമങ്ങളും ചേര്‍ന്ന് സ്ഥാപനങ്ങളെ സമ്മര്‍ദത്തിലാക്കുകയാണ്.
എന്നാല്‍ ജിപി പ്രാക്ടീസുകളെയും ചെറുകിട ബിസിനസ്സുകളുടെ ഗണത്തില്‍ പെടുത്തുന്നതാണ് പ്രതിസന്ധിയായി മാറുന്നത്. എന്‍എച്ച്എസിന് ലഭിക്കുന്ന നാഷണല്‍ ഇന്‍ഷുറന്‍സ് ഇളവ് ജിപി പ്രാക്ടീസുകള്‍ക്ക് ലഭിക്കുന്നില്ല. ഇതാണ് ജിപികള്‍ക്ക് വിനയായി മാറുന്നത്. നിലവിലെ ഫണ്ടിംഗ് സംബന്ധിച്ച് പ്രതിഷേധിക്കുന്ന ജിപിമാര്‍ മെല്ലെപ്പോക്ക് സമരത്തിലാണ്. ഇതിന് പുറമെ നാഷണല്‍ ഇന്‍ഷുറന്‍സ് എംപ്ലോയര്‍ കോണ്‍ട്രിബ്യൂഷന്‍ കൂടി ഉയര്‍ത്തുന്നത് സ്ഥിതി വഷളാക്കും.