മുന്‍ കാമുകിയെ ക്രൂരമായ പീഡനത്തിന് ഇരയാക്കി കൊലപ്പെടുത്തുകയും, പുതിയ പങ്കാളിയുടെ ജനനേന്ദ്രിയം വരെ മുറിച്ചെടുത്ത് വധിക്കുകയും ചെയ്ത കേസിലെ ബലാത്സംഗ കുറ്റവാളി ജീവിതാവസാനം വരെ ജയിലില്‍ കിടക്കാന്‍ വിധിയെഴുതി ജഡ്ജിമാര്‍. ഇരട്ട കൊലപാതക കേസിലെ വിധിക്കെതിരെ കുറ്റവാളി സമര്‍പ്പിച്ച അപ്പീല്‍ തള്ളിയാണ് ശിഷ്ടജീവിതം ജയിലറയ്ക്കുള്ളിലായിരിക്കുമെന്ന് വ്യക്തമാക്കിയത്.
മാര്‍ക്കസ് ഓസ്‌ബോണ്‍ എന്നയാള്‍ നടത്തിയ ഗുരുതര കത്തി അക്രമത്തില്‍ 27-കാരി കാറ്റ് ഹിഗ്ടണ് 99 പരുക്കുകളാണ് ഏറ്റത്. ഇവരുടെ പങ്കാളി 25-കാരന്‍ സ്റ്റീവന്‍ ഹാര്‍ണെറ്റിന് 24 മുറിവുകളും ഏറ്റു. ഹിഗ്ടണിന്റെ ഹഡേഴ്‌സ്ഫീല്‍ഡിലുള്ള വീട്ടിലേക്ക് ഇവരുടെ ഫോണ്‍ ഉപയോഗിച്ച് വിളിച്ചുവരുത്തിയ ശേഷമായിരുന്നു കൊലപാതകങ്ങള്‍.
വീട്ടില്‍ നാല് കുട്ടികള്‍ ഉള്ള സമയത്താണ് ഓസ്‌ബോണ്‍ കൊലപാതകങ്ങള്‍ നടത്തിയത്. കൂടാതെ വീട്ടിലുള്ള മറ്റൊരു സ്ത്രീയെ കത്തി കാണിച്ച് ഇയാള്‍ ബലാത്സംഗത്തിനും ഇരയാക്കി. കാമുകീകാമുകന്‍മാരെ റോമിയോ-ജൂലിയറ്റുമായി താരതമ്യം ചെയ്താണ് ഓസ്‌ബോണ്‍ കൃത്യംനിര്‍വ്വഹിച്ചത്.
കുറ്റങ്ങള്‍ അംഗീകരിച്ച ഓസ്‌ബോണിന്റെ നിലപാട് വിചാരണ കോടതി പരിഗണിച്ചില്ലെന്നും, ഇത് മുന്‍നിര്‍ത്തി ശിക്ഷ കുറയ്ക്കണമെന്നുമായിരുന്നു പ്രതിഭാഗം വാദിച്ചത്. ആജീവനാന്ത ജീവപര്യന്തം അനിവാര്യമല്ലെന്നാണ് ഇവര്‍ വ്യക്തമാക്കിയത്. എന്നാല്‍ സീനിയര്‍ ജഡ്ജിമാര്‍ ഈ വാദം തള്ളി.
ലൈംഗികമായ അസൂയ മൂത്താണ് ഓസ്‌ബോണ്‍ കൊലപാതകങ്ങള്‍ നടത്തിയതെന്ന് മൂന്ന് സീനിയര്‍ ജഡ്ജിമാര്‍ വിധിച്ചു. ഗൂഢാലോചന നടത്തി, ലൈംഗിക അസൂയ മുന്‍നിര്‍ത്തിയാണ് ഇരട്ട കൊലപാതകം നടത്തിയതെന്ന് ജഡ്ജിമാര്‍ ചൂണ്ടിക്കാണിച്ചു.