തകാറ്റ എയര്‍ബാഗ് വീണ്ടും മരണഭീഷണിയുമായി രംഗത്ത്; തിരിച്ച് വിളിച്ച അപകടകാരിയായ എയര്‍ബാഗുകള്‍ക്ക് പകരം വാഹന നിര്‍മാതാക്കള്‍ പുനസ്ഥാപിച്ച് നല്‍കിയത് അതിലും അപകടം വരുത്തുന്ന എയര്‍ബാഗുകള്‍; 100 മില്യണ്‍ കാറുകള്‍ ഏത് നിമിഷവും അപകടത്തില്‍ പെടാം

തകാറ്റ  എയര്‍ബാഗ് വീണ്ടും മരണഭീഷണിയുമായി രംഗത്ത്;  തിരിച്ച് വിളിച്ച അപകടകാരിയായ എയര്‍ബാഗുകള്‍ക്ക് പകരം വാഹന നിര്‍മാതാക്കള്‍ പുനസ്ഥാപിച്ച് നല്‍കിയത് അതിലും അപകടം വരുത്തുന്ന എയര്‍ബാഗുകള്‍; 100 മില്യണ്‍ കാറുകള്‍ ഏത് നിമിഷവും അപകടത്തില്‍ പെടാം
നിര്‍മാണ തകരാറ് മൂലം ലോകമാകമാനം നിരവധി മരണങ്ങള്‍ക്ക് വഴിയൊരുക്കിയ തകാറ്റ എയര്‍ബാഗ് വീണ്ടും വിവാദത്തില്‍ പെട്ടിരിക്കുകയാണ്. മോട്ടോര്‍വാഹനങ്ങള്‍ അപകത്തില്‍ പെടുമ്പോള്‍ മോട്ടോറിസ്റ്റുകളുടെ ജീവന്‍ രക്ഷിക്കാന്‍ വേണ്ടി വാഹനങ്ങളില്‍ സ്ഥാപിക്കുന്ന ഈ എയര്‍ബാഗിലെ നിര്‍മാണ തകരാറുകള്‍ മൂലം ആഗോളതലത്തില്‍ 18 പേര്‍ അപകടത്തില്‍ പെട്ട് കൊല്ലപ്പെട്ടിരുന്നു. അതിനെ തുടര്‍ന്ന് മില്യണ്‍ കണക്കിന് തകാറ്റ എയര്‍ബാഗുകള്‍ തിരിച്ച് വിളിച്ചിരുന്നു.

ഓസ്‌ട്രേലിയയില്‍ മാത്രം ഇത്തരത്തില്‍ 2.1 മില്യണ്‍ കാറുകളായിരുന്നു റീകാള്‍ ചെയ്തിരുന്നത്. എന്നാല്‍ ഇവയ്ക്ക് പകരം ലഭ്യമാക്കിയതും തകരാറുള്ള എയര്‍ബാഗുകള്‍ തന്നെയാണെന്നതാണ് ഇപ്പോല്‍ മില്യണ്‍ കണക്കിന് ഡ്രൈവര്‍മാര്‍ക്ക് മരണഭീഷണി ഉയര്‍ത്തിയിരിക്കുന്നത്. അത് പുതിയ വിവാദത്തിനും തിരികൊളുത്തിയിരിക്കുന്നു.കണ്‍സ്യൂമര്‍ ഗ്രൂപ്പായ ചോയ്‌സ് ആണ് ഞെട്ടിപ്പിക്കുന്ന ഈ പുതിയ സത്യം കണ്ടെത്തി മുന്നറിയിപ്പേകിയിരിക്കുന്നത്.

ഇത് കണ്ടെത്താന്‍ മൂന്ന് മാസത്തോളം നീണ്ട ബുദ്ധിപൂര്‍വമായ അന്വേഷണമാണ് ചോയ്‌സ് നടത്തിയിരിക്കുന്നത്. ആറ് മാസം കൊണ്ട് അപകടകാരിയായ എയര്‍ബാഗുകള്‍ പുനസ്ഥാപിച്ച് സുരക്ഷിതമായവ സ്ഥാപിക്കുമെന്നായിരുന്നു കാര്‍ നിര്‍മാതാക്കള്‍ കാര്‍ ഉടമകള്‍ക്ക് ഉറപ്പ് നല്‍കിയിരുന്നത്. എന്നാല്‍ അത് അവര്‍ ലംഘിച്ചിരിക്കുന്നുവെന്നാണിപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്. ബിഎംഡബ്ല്യൂ, ടൊയോട്ട, മസ്ദ, ലെക്‌സസ് , സുബാരു എന്നിവരടക്കമുള്ള വാഹന നിര്‍മാതാക്കള്‍ താല്‍ക്കാലിക പരിഹാരം ചുളുവില്‍ വരുത്തി തകരാറ് പൂര്‍ണമായും പരിഹരിക്കാത്ത എയര്‍ബാഗുകളാണ് പുനസ്ഥാപിച്ചിരിക്കുന്നത്.

നേരത്തെയുള്ളത് പോലുള്ള അപകടസാധ്യതയുയര്‍ത്തുന്ന എയര്‍ബാഗുകളാണ് വീണ്ടും കാര്‍ നിര്‍മാതാക്കള്‍ ഉപഭോക്താക്കള്‍ക്കായി ലഭ്യമാക്കിയിരിക്കുന്നതെന്നും മോട്ടോറിസ്റ്റുകള്‍ ഏത് നിമിഷവും അപകടത്തിലായേക്കാമെന്നുമാണ് ചോയ്‌സ് വക്താവ് ടോം ഗോഡ്‌ഫ്രെ മുന്നറിയിപ്പേകുന്നത്. ഈ എയര്‍ബാഗുകളില്‍ തീപിടിത്തത്തിന് വഴിയൊരുക്കുന്ന അമോണിയം നൈട്രേറ്റുണ്ടെന്നും കാലപ്പഴക്കം വരുമ്പോള്‍ ഇത് അപകടത്തിന് വഴിയൊരുക്കുമെന്നും കണ്ടെത്തിയിരിക്കുന്നു. അതായത് താപനിലയിലുണ്ടാകുന്ന മാറ്റം ഇത് അപകടം ക്ഷണിച്ച് വരുത്തുമെന്നും ചോയ്‌സ് നടത്തിയ അന്വേഷണത്തിലൂടെ വെളിപ്പെട്ടിരിക്കുന്നു. അത് മൂലം ആഗോള വ്യാപകമായി 100 മില്യണ്‍ വാഹനങ്ങള്‍ക്കാണ് ഭീഷണി ഉയര്‍ന്നിരിക്കുന്നത്.

Other News in this category4malayalees Recommends