പ്രവാസികളുടെ ക്രിസ്മസ് ആഘോഷങ്ങള്‍ വിമാനത്താവളങ്ങളില്‍ ഒതുങ്ങി

പ്രവാസികളുടെ ക്രിസ്മസ് ആഘോഷങ്ങള്‍ വിമാനത്താവളങ്ങളില്‍ ഒതുങ്ങി
അബുദാബി: നാട്ടിലെത്തി ക്രിസ്മസ് ആഘോഷിക്കാനുള്ള ഗള്‍ഫ് മലയാളികളുടെ മോഹം വിമാനത്താവളങ്ങളില്‍ ഒതുങ്ങി. കനത്ത കോടമഞ്ഞു മൂലം വ്യോമഗതാഗതം താറുമാറായതിനാല്‍ ആയിരക്കണക്കിന് പ്രവാസികളാണ് ക്രിസ്മസ് രാവില്‍ ഗള്‍ഫിലെ വിവിധ വിമാനത്താവളങ്ങളില്‍ കുടുങ്ങിയത്.

ക്രിസ്മസിനു മൂന്നു ദിവസം മുമ്പ് ആരംഭിച്ച മൂടല്‍മഞ്ഞിന് ഇന്നലെയാണ് നേരിയ ശമനമുണ്ടായത്. വ്യോമഗതാഗതം സാധാരണ നിലയിലാകാന്‍ ഇനിയും രണ്ട് ദിവസമെങ്കിലും വേണ്ടിവരുമെന്ന് അധികൃതര്‍ അറിയിച്ചു. മലയാളികളടക്കമുള്ള പ്രവാസിസഹസ്രങ്ങള്‍ അബുദാബി, ദുബായ്, ഷാര്‍ജ വിമാനത്താവളങ്ങളില്‍ നാടണയാന്‍ എത്തിയപ്പോഴാണ് സര്‍വീസുകള്‍ റദ്ദാക്കുകയോ വൈകിപ്പിക്കുകയോ ചെയ്ത വിവരം അറിയുന്നത്. ക്രിസ്മസ് തലേന്നും ക്രിസ്മസ് ദിനത്തിലും ഇതു തന്നെയായിരുന്നു സ്ഥിതി. ഇതോടെ യാത്രക്കാര്‍ക്ക് വിമാനക്കമ്പനികളുടെ ആതിഥ്യത്തില്‍ ലോഞ്ചുകളില്‍ കഴിയുകയേ നിര്‍വാഹമുണ്ടായിരുന്നുള്ളു.

പലരും ഇതേത്തുടര്‍ന്ന് ടിക്കറ്റുകള്‍ റദ്ദാക്കി ഗള്‍ഫിലെ താമസസ്ഥലങ്ങളിലേയ്ക്ക് മടങ്ങി. കോടമഞ്ഞില്‍ പത്തുമീറ്റര്‍ അകലെ നിന്നുപോലും കാഴ്ച വ്യക്തമായിരുന്നില്ല. ആകാശം പോലും കാണാനാവാത്തവിധം മൂടല്‍മഞ്ഞു പരന്നതോടെ ഇത്തിഹാദ്, എമിറേറ്റ്‌സ്, ഫ്‌ളൈദുബായ്, എയര്‍അറേബ്യ എന്നീ ഗള്‍ഫ് വിമാനകമ്പനികളും എയര്‍ഇന്ത്യ, സ്‌പൈസ് ജറ്റ്, ജറ്റ് എയര്‍വേയ്‌സ് അടക്കമുള്ള വിദേശ വിമാനകമ്പനികളും സര്‍വീസുകള്‍ റദ്ദാക്കി. എമിറേറ്റ്‌സിന്റെയും ഫ്‌ളൈദുബായിയുടേയും 26 സര്‍വീസുകളാണ് ക്രിസ്മസ് തലേന്ന് ദുബായില്‍ റദ്ദാക്കിയത്. ക്രിസ്മസ് ദിനത്തിലും തലേന്നുമായി അബുദാബിയില്‍ നിന്നുമാത്രം വിദേശങ്ങളിലേയ്ക്കുള്ള ഇരുന്നൂറില്‍പരം സര്‍വീസുകള്‍ റദ്ദാക്കി. പല വിമാനക്കമ്പനികളും മുന്നറിയിപ്പില്ലാതെ സര്‍വീസുകള്‍ റദ്ദാക്കിയ ശേഷം വിമാനത്താവളത്തില്‍ കുടുങ്ങിപോയ യാത്രക്കാര്‍ക്ക് ഭക്ഷണമോ വെള്ളമോ പോലും നല്‍കാത്തതിനാല്‍ ക്രിസ്മസ് തലേന്നും ക്രിസ്മസിനും വിമാനത്താവളങ്ങളില്‍ ബന്ദികളാക്കപ്പെട്ട നിലയില്‍ പട്ടിണി കിടക്കേണ്ടി വന്നുവെന്നും യാത്രക്കാര്‍ പരാതിപ്പെട്ടു.

ഒമാനിലും കുവൈറ്റിലും ബഹ്‌റൈനിലും ദോഹയിലുമെല്ലാം മൂടല്‍മഞ്ഞുമൂലം വിമാനങ്ങള്‍ മണിക്കൂറുകള്‍ വൈകിയാണ് സര്‍വീസ് നടത്തിയത്. അവര്‍ക്കും നാട്ടിലെ ക്രിസ്മസ് ആഘോഷം നഷ്ടമായി. കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പുണ്ടായതിനാല്‍ സൗദി അറേബ്യയില്‍ നിന്നുള്ള വിമാനസര്‍വീസുകളും റദ്ദാക്കപ്പെടുകയോ മണിക്കൂറുകള്‍ വൈകിക്കുകയോ ചെയ്തു. ഇവരുടെ ക്രിസ്മസും വിമാനത്താവളങ്ങളിലെ ലോഞ്ചുകളിലൊതുങ്ങി.

ഇന്ത്യയടക്കമുള്ള വിദേശരാജ്യങ്ങളില്‍ നിന്നും ഗള്‍ഫ് രാജ്യങ്ങളിലേയ്ക്കുള്ള സര്‍വീസുകളും മൂടല്‍മഞ്ഞ് കാരണം റദ്ദാക്കപ്പെട്ടു. ഇതിനിടയില്‍ അബുദാബിയിലും ദുബായിലും ഷാര്‍ജയിലുമെത്തേണ്ട വിമാനങ്ങള്‍ പലതും മൂടല്‍മഞ്ഞുമൂലം റാസല്‍ഖൈമ വിമാനത്താവളത്തിലേയ്ക്ക് തിരിച്ചുവിട്ടു. ഇതേത്തുടര്‍ന്ന് മൂടല്‍മഞ്ഞ് ഒഴിഞ്ഞതായി അറിയിപ്പ് കിട്ടുന്നതുവരെ വിദേശവിമാനങ്ങള്‍ ഗള്‍ഫിലേയ്ക്ക് വരരുതെന്ന നിര്‍ദേശവും നല്‍കിയിട്ടുണ്ട്.
Other News in this category4malayalees Recommends