കൊച്ചിയിലെ തട്ടുകടയില്‍ നിന്ന് ദേശാടനക്കിളികള്‍ ദുബായില്‍, ഇതിനകം സന്ദര്‍ശിച്ചത് 18 രാജ്യങ്ങള്‍

കൊച്ചിയിലെ തട്ടുകടയില്‍ നിന്ന് ദേശാടനക്കിളികള്‍ ദുബായില്‍, ഇതിനകം സന്ദര്‍ശിച്ചത് 18 രാജ്യങ്ങള്‍
ദുബായ്: ദേശാടനക്കിളികള്‍ എന്ന് ആഗോളമാധ്യമങ്ങള്‍ വിശേഷിപ്പിച്ച കൊച്ചിയിലെ തട്ടുകട നടത്തുന്ന ദമ്പതിമാരായ വിജയനും മോഹനയും ദുബായിലെ സന്ദര്‍ശനത്തിന്റെ രണ്ടാംമൂഴം പൂര്‍ത്തിയാക്കി നാട്ടിലേയ്ക്ക് തിരിച്ചപ്പോള്‍ യാത്ര അയയ്ക്കാനെത്തിയ പ്രവാസികളുടെ കണ്ണുകളില്‍ അത്ഭുതാദരങ്ങള്‍.

ഇനി കൊച്ചി സലിംരാജന്‍ റോഡിലെ ബാലാജി കോഫി ഹൗസ് എന്ന തട്ടുകടയില്‍ മടങ്ങിയെത്തി ചായക്കച്ചവടം നടത്തി പണമുണ്ടാക്കി മറ്റൊരു രാജ്യത്തേയ്ക്ക് പറന്നിറങ്ങണം. അറുപത്തേഴുകാരനായ വിജയനും 65 കാരിയായ ഭാര്യ മോഹനയും ഇതിനകം യു എസ്, യു കെ, ഫ്രാന്‍സ്, ഓസ്ട്രിയ, ഈജിപ്റ്റ്, പലസ്തീന്‍, തായ്‌ലണ്ട്, സിംഗപ്പൂര്‍, ജോര്‍ദാന്‍ എന്നീ 18 രാജ്യങ്ങളില്‍ പര്യടനം പൂര്‍ത്തിയാക്കിക്കഴിഞ്ഞു. ഇന്ത്യയുടെ മുക്കിലും മൂലയിലും സന്ദര്‍ശനം നടത്തിയ ഈ ദമ്പതികള്‍ക്ക് മലയാളം മാത്രമേ അറിയൂ, എങ്കിലും ഉലകംചുറ്റാന്‍ ഭാഷ ഒരു പ്രശ്‌നമേയായിരുന്നില്ല.

ബ്രൗണ്‍ കരയുള്ള മുണ്ടും ഇളംനീല ഷര്‍ട്ടും ചിത്രപ്പണികളുള്ള ബ്ലാങ്കറ്റും ധരിച്ച് ഭാര്യയ്‌ക്കൊപ്പം ദുബായ് ഗ്ലോബല്‍ വില്ലേജിലെ ഇന്ത്യന്‍ പവലിയനുമുന്നില്‍ ഫോട്ടോയ്ക്ക് പോസുചെയ്യാന്‍ നിന്ന വിജയന്‍ പറഞ്ഞു: യാത്രാരേഖകള്‍ എല്ലാം ശരിയാണെങ്കില്‍ ഭാഷ നമ്മുടെ വഴിക്കുവന്നുകൊള്ളും. നാല്‍പ്പത് വര്‍ഷമായി തട്ടുകട നടത്തുന്ന ഈ ദമ്പതികള്‍ ആവിപറക്കുന്ന ചായയുടേയും കാപ്പിയുടേയും ലോകത്തുനിന്ന് ഇടയ്ക്കിടെ മുങ്ങും. പിന്നെ പൊങ്ങുന്നത് ഏഴാം കടലിനക്കരെ ഏതെങ്കിലും മഹാരാജ്യത്ത്. രണ്ട് പെണ്‍മക്കളായ ശശികലയേയും ആശയേയും കാപ്പിക്കടയിലെ വരുമാനംകൊണ്ടും ഭേദപ്പെട്ട നിലയില്‍ കല്യാണം കഴിപ്പിച്ചയച്ചശേഷമാണ് ഈ ദേശാടനപ്പറവകളുടെ ലോകസഞ്ചാര പ്രേമം ചിറകടിച്ചത്.

ഒരു രാജ്യത്തെ സന്ദര്‍ശനം കഴിഞ്ഞാല്‍ പിന്നെ ബാലാജി കോഫി ഹൗസില്‍ മടങ്ങിയെത്തി അടുത്ത ലോകപര്യടനത്തിനുള്ള പണം സ്വരുക്കൂട്ടലായി. കുറച്ചു പണം ബാങ്കില്‍ നിന്നും വായ്പയെടുക്കും. തിരിച്ചടവില്‍ കിറുകൃത്യതയുള്ളതിനാല്‍ എത്ര പണം കടം നല്‍കാനും ബാങ്കുകള്‍ക്ക് സന്തോഷം.

ഇത്തവണ ഈ വൃദ്ധദേശാടന പക്ഷികളുടെ ദുബായ് സന്ദര്‍ശനത്തിന്റെ മുഴുവന്‍ ചെലവുകളും വഹിച്ചത് ദുബായ് അരൂഹാ ടൂര്‍സിന്റെ മലയാളിയായ മാനേജിങ് ഡയറക്ടര്‍ റഷീദ് അബ്ബാസായിരുന്നു. ദുബായിലെ ലോകത്തെ ഏറ്റവും ഉയരമേറിയ ബുര്‍ജ് ഖലിഫയുടെ നെറുകയിലെത്തി ദുബായുടെ വശ്യഭംഗി നുകര്‍ന്ന വിജയനും മോഹനയും പറഞ്ഞു; ഇതെല്ലാം ഒരു സ്വപ്നംപോലെ തോന്നുന്നു.

ലോകത്തെ സാമ്യമകന്ന ഉദ്യാനമായ മിറക്കിള്‍ ഗാര്‍ഡിനിലെത്തിയ ഇവര്‍ക്കു മലയാളി സന്ദര്‍ശകരും 50 ലക്ഷം പൂക്കള്‍കൊണ്ട് ബോയിങ് പുഷ്പവിമാനമൊരുക്കിയ മലയാളികളായ സാങ്കേതികവിദഗ്ധരും ചേര്‍ന്ന് ഹൃദ്യമായ വരവേല്‍പ്പാണ് നല്‍കിയത്.

വിജയനും മോഹനയും തങ്ങള്‍ സന്ദര്‍ശിച്ച രാജ്യങ്ങളെക്കുറിച്ച് യാത്രാക്കുറിപ്പുകള്‍ തയ്യാറാക്കി സുക്ഷിച്ചിട്ടുണ്ട്. ആരുടെയെങ്കിലും സഹായത്തോടെ ഇനി അവയ്ക്ക് അക്ഷരപ്രാണന്‍ നല്‍കണം. കൊച്ചിയിലെ തട്ടുകടയില്‍ നിന്നും മലയാള യാത്രാവിവരണ സാഹിത്യത്തറവാട്ടിലേയ്ക്ക് ദമ്പതികളും പിറക്കാന്‍പോകുന്നു.
Other News in this category4malayalees Recommends