രോഗലക്ഷണങ്ങള്‍ പ്രകടമായാല്‍ വൈദ്യപരിശോധന നടത്തണമെന്ന് ഖത്തറിന്റെ നിര്‍ദേശം

രോഗലക്ഷണങ്ങള്‍ പ്രകടമായാല്‍ വൈദ്യപരിശോധന നടത്തണമെന്ന് ഖത്തറിന്റെ  നിര്‍ദേശം
ദോഹ: വിദേശയാത്ര കഴിഞ്ഞ് തിരിച്ചെത്തിയവരില്‍ ഏതെങ്കിലും തരത്തിലുള്ള രോഗലക്ഷണങ്ങള്‍ പ്രകടമായാല്‍ ഉടന്‍ വൈദ്യപരിശോധന നടത്തണമെന്ന് ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്‍ (എച്ച്.എം.സി.).

പ്രത്യേകിച്ചും കൊതുക് പരത്തുന്ന മലേറിയ, ഡെങ്കി, സിക, വെസ്റ്റ് നൈല്‍ വൈറസ് തുടങ്ങിയ രോഗങ്ങള്‍ നിലനില്‍ക്കുന്ന രാജ്യങ്ങളില്‍ സന്ദര്‍ശനം നടത്തി മടങ്ങിയെത്തിവര്‍ ശ്രദ്ധിക്കണമെന്നും അധികൃതര്‍ വ്യക്തമാക്കി. യാത്രാ രോഗങ്ങളെ പരിശോധിക്കാനായി എച്ച്.എം.സി.യുടെ സാംക്രമികരോഗ ചികിത്സാകേന്ദ്രത്തില്‍ യാത്രാക്ലിനിക്ക് പ്രവര്‍ത്തിക്കുന്നുണ്ട്. രോഗലക്ഷണങ്ങള്‍ പ്രകടമായവര്‍ വേഗത്തില്‍ ക്ലിനിക്കിലെത്തി രോഗം മോശാവസ്ഥയിലേക്ക് എത്തുന്നതിന് മുമ്പായി ചികിത്സ തേടണമെന്നും അധികൃതര്‍ നിര്‍ദേശിച്ചു.

രാജ്യത്തെ താമസക്കാര്‍ തങ്ങളുടെ ആരോഗ്യം നിരീക്ഷിക്കുന്നതിലും സുരക്ഷിതമായി പരിപാലിക്കുന്നതില്‍ ശ്രദ്ധചെലുത്തണമെന്ന് എച്ച്.എം.സി.യിലെ സാംക്രമികരോഗയാത്രാ മെഡിസിന്‍ കണ്‍സള്‍ട്ടന്റ് ഡോ. മുഹമ്മദ് അബു ഖത്താബ് പറഞ്ഞു. വിദേശയാത്ര നടത്തി തിരിച്ചെത്തുന്നവര്‍ക്ക് രണ്ടുമുതല്‍ ആറ് ആഴ്ചയ്ക്കുള്ളില്‍ രോഗലക്ഷണങ്ങള്‍ പ്രകടമാകും. എന്നാല്‍, ചില രോഗാവസ്ഥകള്‍ പ്രകടമാകാന്‍ മാസങ്ങളും വര്‍ഷങ്ങളും വേണ്ടിവരും. വിദേശ യാത്രകഴിഞ്ഞ് തിരിച്ചെത്തിയവരില്‍ പനി, വയറിളക്കം എന്നിവ അനുഭവപ്പെടുന്നവര്‍ ഉടന്‍തന്നെ എച്ച്.എം.സി.യുടെ യാത്രാക്ലിനിക്കില്‍ ചികിത്സതേടണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.

ചുമ, ഉദരരോഗം, ശ്വസനക്കുറവ് എന്നിവയെല്ലാമാണ് മറ്റ് ലക്ഷണങ്ങള്‍. ടൈഫോയ്ഡ് പനി, ഹെപ്പറ്റൈറ്റിസ് എ, ഹെപ്പറ്റൈറ്റിസ് ബി തുടങ്ങിയ മെഡിക്കല്‍ സാഹചര്യങ്ങള്‍ ഉള്ളവര്‍ വേഗത്തില്‍ വൈദ്യസഹായം തേടണം. യാത്ര ചെയ്ത സ്ഥലങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കിയാല്‍ വേഗത്തില്‍ യാത്രാസംബന്ധമായ രോഗങ്ങള്‍ തിരിച്ചറിയാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
Other News in this category4malayalees Recommends