ഇന്ത്യന്‍ വ്യാപാരബന്ധം സദൃഢമാക്കി 'ഇന്‍വെസ്റ്റ് ഇന്‍ ഷാര്‍ജ'

ഇന്ത്യന്‍ വ്യാപാരബന്ധം സദൃഢമാക്കി 'ഇന്‍വെസ്റ്റ് ഇന്‍ ഷാര്‍ജ'
ഷാര്‍ജ: ഇന്ത്യയുമായുള്ള നിക്ഷേപ, വ്യാപാരബന്ധം കൂടുതല്‍ ദൃഢമാക്കിക്കൊണ്ട് ഷാര്‍ജ വിദേശ നിക്ഷേപ വിഭാഗമായ 'ഇന്‍വെസ്റ്റ് ഇന്‍ ഷാര്‍ജ' ഇന്ത്യന്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കി.

ഷാര്‍ജയിലെ കൂടുതല്‍ നിക്ഷേപസാധ്യതകള്‍ ഇന്ത്യന്‍ വ്യവസായികളെ ബോധ്യപ്പെടുത്തുകയും കൂടുതല്‍ ബൃഹത് സംരംഭങ്ങള്‍ ആരംഭിക്കാനുള്ള സാധ്യതകള്‍ വിലയിരുത്തുകയുമായിരുന്നു സന്ദര്‍ശന ലക്ഷ്യം. അതിനായി 'ഇന്‍വെസ്റ്റ് ഇന്‍ ഷാര്‍ജ' പ്രതിനിധികള്‍ ഇന്ത്യയിലെ വന്‍കിട സ്വകാര്യ, പൊതു മേഖലകളിലെ സംരംഭകരുമായി കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ചയില്‍ വലിയ പ്രതീക്ഷയാണുള്ളതെന്ന് ഇന്ത്യയില്‍ സന്ദര്‍ശനം നടത്തി തിരിച്ചെത്തിയ പ്രതിനിധികള്‍ പറഞ്ഞു.

വ്യാപാരബന്ധത്തില്‍ ഡോളര്‍ വിനിമയമൊഴിവാക്കി സ്വന്തം കറന്‍സികള്‍ ഉപയോഗിക്കാമെന്ന നിര്‍ണായക തീരുമാനം ഷാര്‍ജയും ഇന്ത്യയും തമ്മിലുള്ള ബന്ധത്തിന് കൂടുതല്‍ കരുത്തുപകരുമെന്നും കണക്കാക്കുന്നു. 2020ആകുമ്പോഴേക്കും ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരബന്ധം നിലവിലെ 60 ബില്യണ്‍ ഡോളറില്‍നിന്ന് 100 ബില്യണായി ഉയര്‍ത്താനും ശ്രമം നടക്കുന്നുണ്ട്. യു.എ.ഇ. സാമ്പത്തിക മന്ത്രാലയവും ആന്ധ്രസര്‍ക്കാരും ചേര്‍ന്ന് വിശാഖപട്ടണത്ത് സംഘടിപ്പിച്ച നിക്ഷേപ സമ്മേളനത്തില്‍ ഇന്‍വെസ്റ്റ് ഇന്‍ ഷാര്‍ജ പ്രതിനിധികള്‍ പങ്കെടുത്തിരുന്നു.

നിലവിലുള്ള വ്യാവസായിക ബന്ധത്തിന് കൂടുതല്‍ കരുത്തുപകരുകയും ഷാര്‍ജയില്‍ കൂടുതല്‍ നിക്ഷേപസാഹചര്യം ഒരുക്കുകയുമാണ് ലക്ഷ്യമെന്ന് ഇന്‍വെസ്റ്റ് ഇന്‍ ഷാര്‍ജ സി.ഇ.ഒ. മുഹമ്മദ് ജുമാ അല്‍ മുഷറഖ് പറഞ്ഞു. ഇന്ത്യന്‍ യാത്രയില്‍ ആരോഗ്യ, വിദ്യാഭ്യാസ, വിനോദ സഞ്ചാരമേഖലകളിലെ വിദഗ്ധരുമായി ചര്‍ച്ച നടത്തിയതായി അല്‍ മുഷറഖ് അറിയിച്ചു. ഷാര്‍ജ കൂടുതല്‍ നിക്ഷേപസൗഹൃദ ഇടമാണെന്നു ബോധ്യപ്പെടുത്താന്‍ യാത്രയില്‍ സാധിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

മുംബൈ എന്‍ഡി സ്റ്റുഡിയോ മേധാവികളുമായി ഇന്‍വെസ്റ്റ് ഇന്‍ ഷാര്‍ജ പ്രതിനിധികള്‍ ചര്‍ച്ച നടത്തി. യു.എ.ഇ.യുടെ സാംസ്‌കാരിക തലസ്ഥാനമായ ഷാര്‍ജയെ 'ബോളിവുഡ് നഗര'മാക്കുകയെന്ന ആശയവും ചര്‍ച്ചയില്‍ സൂചിപ്പിച്ചു. നേരത്തേ ഇതേ ആശയം ഷാര്‍ജ നിക്ഷേപ വികസന അതോറിറ്റി സി.ഇ.ഒ. മര്‍വാന്‍ ജാസിം അല്‍ സര്‍ക്കാര്‍ മുന്നോട്ടുവെച്ചിരുന്നു. ഏഴുദിവസം നീണ്ടുനിന്ന സംഘത്തിന്റെ ഇന്ത്യന്‍ സന്ദര്‍ശനത്തില്‍ ഷാര്‍ജ മീഡിയ സിറ്റി പ്രതിനിധികളും പങ്കെടുത്തിരുന്നു.
Other News in this category4malayalees Recommends