ഗള്‍ഫിലെ അതിസമ്പന്നരുടെ എണ്ണത്തില്‍ ഇന്ത്യക്കാര്‍ മുന്നില്‍, ഗള്‍ഫിലെ വിദേശികളായ, സ്വയംസംരംഭകരായ കോടീശ്വരന്മാരുടെ എണ്ണം വര്‍ധിക്കുകയാണെന്നും റിപ്പോര്‍ട്ട്

ഗള്‍ഫിലെ അതിസമ്പന്നരുടെ എണ്ണത്തില്‍ ഇന്ത്യക്കാര്‍ മുന്നില്‍,  ഗള്‍ഫിലെ വിദേശികളായ, സ്വയംസംരംഭകരായ കോടീശ്വരന്മാരുടെ എണ്ണം വര്‍ധിക്കുകയാണെന്നും റിപ്പോര്‍ട്ട്
ദുബായ്: ഗള്‍ഫിലെ സ്വയംസംരംഭകരായ അതിസമ്പന്നരുടെ എണ്ണത്തില്‍ ഇന്ത്യക്കാര്‍ മുന്നില്‍. ചൈനയിലെ ഹുറൂണ്‍ റിപ്പോര്‍ട്ടാണ് പട്ടിക പുറത്തിറക്കിയത്. 36 പേരുള്ള പട്ടികയില്‍ ഇന്ത്യയില്‍ നിന്നുള്ള 13 കോടീശ്വരന്മാരാണ് സ്ഥാനം പിടിച്ചിരിക്കുന്നത്.

ഗള്‍ഫിലെ വിദേശികളായ, സ്വയംസംരംഭകരായ കോടീശ്വരന്മാരുടെ എണ്ണം വര്‍ധിക്കുകയാണെന്നും റിപ്പോര്‍ട്ട് പറയുന്നു. ഇതില്‍ മുന്നില്‍ നില്‍ക്കുന്നതും ഇന്ത്യയില്‍ നിന്നുള്ളവരാണ്.

പട്ടികയില്‍ അഞ്ചാമതായി സ്ഥാനം പിടിച്ചിരിക്കുന്നത് ലുലു ഗ്രൂപ്പ് മേധാവി എം.എ. യൂസഫലിയാണ് (ആസ്തി 32,425 കോടി രൂപ), എന്‍.എം.സി. ഹെല്‍ത്ത്‌കെയര്‍ ചെയര്‍മാന്‍ ബി.ആര്‍. ഷെട്ടി, ആര്‍.പി. ഗ്രൂപ്പ് ചെയര്‍മാന്‍ രവി പിള്ള (22,699 കോടി രൂപ വീതം), ലാന്‍ഡ്മാര്‍ക്ക് മേധാവി മിക്കി ജെഗിതാനി എന്നിവരാണ് ആദ്യ പത്തു സ്ഥാനങ്ങളില്‍ ഇടം നേടിയ മറ്റ് ഇന്ത്യക്കാര്‍. ജെംസ് എഡ്യൂക്കേഷന്‍ ചെയര്‍മാന്‍ സണ്ണി വര്‍ക്കി (18,156 കോടി രൂപ), ശോഭ ഗ്രൂപ്പ് ചെയര്‍മാന്‍ പി.എന്‍.സി. മേനോന്‍, വി.പി.എസ്. ഹെല്‍ത്ത് കെയര്‍ എം.ഡി. ഷംഷീര്‍ വയലില്‍ ( 11,023 കോടി രൂപ വീതം), ആസ്റ്റര്‍ ഡി.എം. ഹെല്‍ത്ത് കെയര്‍ എം.ഡി. ആസാദ് മൂപ്പന്‍ (6,484 കോടി രൂപ), ഡാന്യൂബ് ഗ്രൂപ്പ് ചെയര്‍മാന്‍ റിസ്വാന്‍ സാജന്‍ തുടങ്ങിയവരാണ് പട്ടികയിലെ മറ്റ് ഇന്ത്യന്‍ പ്രമുഖര്‍.

സ്വയംസംരംഭകരായ കോടീശ്വരന്മാരുടെ പട്ടികയില്‍ ഒന്നാംസ്ഥാനം മാജിദ് അല്‍ ഫുത്തൈം ഹോള്‍ഡിങ് മേധാവി മാജിദ് അല്‍ ഫുത്തൈം നേടി. ആറ് ഗള്‍ഫ് രാജ്യങ്ങളില്‍ വച്ചേറ്റവും കൂടുതല്‍ സ്വയം സംരംഭകരായ കോടീശ്വരന്മാരുള്ളത് യു.എ.ഇ.യിലാണ് 22 പേര്‍. ഇതില്‍ 16 പേര്‍ ദുബായില്‍ നിന്നുള്ളവരാണ്. കോടീശ്വരന്മാരുടെ പ്രവര്‍ത്തന മേഖലയില്‍ റീട്ടെയിലിനാണ് ഒന്നാംസ്ഥാനമെന്ന് റിപ്പോര്‍ട്ട് പറയുന്നു. ലാന്‍ഡ്മാര്‍ക്ക്, ലുലു തുടങ്ങിയ പ്രമുഖ ബ്രാന്‍ഡുകളുടെ കണക്കുകള്‍ ചൂണ്ടിക്കാട്ടിയാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. രണ്ടാംസ്ഥാനത്ത് നില്‍ക്കുന്നത് ആരോഗ്യമേഖലയാണ്. കഴിഞ്ഞ വര്‍ഷം ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയ കോടീശ്വരന്മാര്‍ ബി.ആര്‍. ഷെട്ടിയും സണ്ണി വര്‍ക്കിയുമാണെന്ന് റിപ്പോര്‍ട്ട് പറയുന്നു. ബി.ആര്‍. ഷെട്ടിയുടെ സമ്പദ് വളര്‍ച്ച 125 ശതമാനവും സണ്ണി വര്‍ക്കിയുടേത് 87 ശതമാനവുമാണ്.
Other News in this category4malayalees Recommends