ഖത്തറില്‍ 32 പുതിയ അല്‍ ഫുര്‍ജാന്‍ മാര്‍ക്കറ്റുകള്‍ തുറക്കും, അല്‍ ഫുര്‍ജാന്റെ രണ്ടാംഘട്ട ജോലികള്‍ ആരംഭിച്ചു

ഖത്തറില്‍ 32 പുതിയ അല്‍ ഫുര്‍ജാന്‍ മാര്‍ക്കറ്റുകള്‍ തുറക്കും, അല്‍ ഫുര്‍ജാന്റെ രണ്ടാംഘട്ട ജോലികള്‍ ആരംഭിച്ചു
ദോഹ: അടുത്തവര്‍ഷം മധ്യത്തോടെ രാജ്യത്ത് പുതിയ 32 അല്‍ ഫുര്‍ജാന്‍ മാര്‍ക്കറ്റുകള്‍ കൂടി പ്രവര്‍ത്തനം തുടങ്ങുമെന്ന് ഖത്തര്‍ ഡെവലപ്‌മെന്റ് ബാങ്ക്.

അല്‍ ഫുര്‍ജാന്‍ മാര്‍ക്കറ്റിന്റെ രണ്ടാംഘട്ട പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായതായും ബാങ്ക് സി.ഇ.ഒ. അബ്ദുല്‍ അസീസ് ബിന്‍ നാസ്സര്‍ അല്‍ ഖലീഫ പറഞ്ഞു. രാജ്യത്തിന്റെ ഉള്‍പ്രദേശങ്ങളിലെ താമസക്കാര്‍ക്ക് നിത്യോപയോഗ സേവനങ്ങളും സാധനങ്ങളും ലഭ്യമാക്കാന്‍ വേണ്ടിയാണ് സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള അല്‍ ഫുര്‍ജാന്‍ മാര്‍ക്കറ്റുകള്‍ തുറക്കുന്നത്. നിലവില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി അല്‍ ഫുര്‍ജാന്‍ മാര്‍ക്കറ്റുകള്‍ സജീവമാണ്.

രണ്ടാംഘട്ടത്തില്‍ 78 വാണിജ്യശാലകളെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന തരത്തിലുള്ള ആറ് മാര്‍ക്കറ്റുകളുടെ നിര്‍മാണമാണ് തുടങ്ങുന്നത്. 16 കടകളുമായി മൈതര്‍ സൗത്തിലും 21 കടകളുമായി ജെറിയാന്‍ ജെനിഹാത്തിലും 16 കടകളുമായി ഉംഖ്വാണിലും കര്‍ത്തിയാത്തില്‍ ഏഴും അല്‍ഖോറില്‍ 10 കടകളും ഉള്‍പ്പെടുന്ന ആറ് അല്‍ഫുര്‍ജാന്‍ മാര്‍ക്കറ്റുകളാണ് നിര്‍മാണം തുടങ്ങുന്നത്. അടുത്ത 12 മാസത്തിനുള്ളില്‍ പുതിയ മാര്‍ക്കറ്റുകളുടെ നിര്‍മാണം പൂര്‍ത്തിയാകും. ബാക്കി 26 എണ്ണത്തിന്റെ ഡിസൈന്‍ ഘട്ടത്തിലാണ്.

അല്‍ ഫുര്‍ജാന്‍ മാര്‍ക്കറ്റുകളുടെ നിര്‍മാണച്ചുമതല ഖത്തര്‍ ഡെവലപ്‌മെന്റ് ബാങ്കിനാണ്. ഉം ലെഖ്ബ, അല്‍ ഗരാഫ, ഇസ്ഗവ, ബാനി ഹാജെര്‍, ലുഐബ്അല്‍ മുഹജിറ, അല്‍ അസീസിയ, മൈതര്‍ നോര്‍ത്ത്, ബു സിദ്ര, എയ്ന്‍ ഖാലിദ്, ഉം ല്‍ സനീം, അല്‍ സഖ്മ, സെയ്‌ന അല്‍ ഹുമെയ്ദി, അല്‍ ദഖീറ, മദീനത്ത് അല്‍ കബാന്‍, മദിനത്ത് ആഷ് ശമാല്‍, റൗദത്ത് റാഷിദ്, അല്‍ കരാന, അല്‍ വഖ്‌റ, അല്‍ ഉട്ടൗരിയ, ലക്രീബ്, അല്‍ ഗുവെയ്രിയ, അല്‍ റയാന്‍ അല്‍ ജദീദ്, അബു അല്‍ ഹിരന്‍, ഏയ്ന്‍ സിനാന്‍ എന്നിവിടങ്ങളിലാണ് പുതിയ മാര്‍ക്കറ്റുകള്‍ തുറക്കുന്നത്.

കടകളുടെ വലിപ്പം വര്‍ധിപ്പിക്കും. കടകളിലെ ജീവനക്കാര്‍ക്ക് താമസ സൗകര്യമുണ്ടാവും. വലിയ പ്രവേശന നിര്‍ഗമന കവാടങ്ങളും മിതമായ വാടകയുമൊക്കെയായാണ് പുതിയ കേന്ദ്രങ്ങളുടെ പ്രത്യേകത.
Other News in this category4malayalees Recommends