ഗള്‍ഫില്‍ പത്ത് ചക്കച്ചുളയ്ക്ക് 200 രൂപ

ഗള്‍ഫില്‍ പത്ത് ചക്കച്ചുളയ്ക്ക് 200 രൂപ
ദുബായ്: പ്രതിവര്‍ഷം പതിനായിരക്കണക്കിന് ചക്കകള്‍ നിലത്തുവീണ് അഴുകി നശിക്കുന്ന കേരളത്തിന് ഗള്‍ഫ് രാജ്യങ്ങള്‍ ചക്കവിപണിയുടെ പറുദീസ തുറന്നിടുന്നു. ഗള്‍ഫം രാജ്യങ്ങളില്‍ പാക്കുചെയ്ത പത്ത് ചക്കച്ചുളയ്ക്ക് വില 200 രൂപയെങ്കിലും മലയാളികളും തമിഴരും കര്‍ണാടകക്കാരും ആന്ധ്ര പ്രദേശുകാരുമായ പ്രവാസികള്‍ ചക്കക്കാലത്ത് കൊതിതീര്‍ക്കാന്‍ ഒരു തവണയെങ്കിലും ചക്ക വാങ്ങുന്നു.

വരിക്കച്ചക്കയാണെങ്കില്‍ ഒരു കഷണത്തിന് 750 രൂപ നല്‍കണം. പൊളിച്ചെടുത്താല്‍ കഷ്ടിച്ച് 20 ചുള കാണുമെന്നിരിക്കും. എങ്കിലും തീവില മറന്ന് ഗൃഹാതുരത്വമൂറുന്ന സ്വാദോടെ ചക്ക ഭക്ഷിക്കുന്ന ഗള്‍ഫ് മലയാളിക്ക് ചക്കയുടെ ലഭ്യത തന്നെയാണ് നമ്മുടെ സംസ്ഥാനഫലത്തെ ഒരു ആഡംബരവസ്തുവാക്കുന്നത്. പായ്ക്ക് ചെയ്ത് കിട്ടുന്ന ചക്കച്ചുളകളില്‍ കുരു ഉണ്ടാകില്ല. കുരു വേറെ കിട്ടും. ഒരു കിലോ ചക്കക്കുരുവിനും നല്‍കണം 300 രൂപയോളം. എങ്കിലും വിവിധ വിഭവങ്ങളുണ്ടാക്കാനും ചക്കക്കുരു പൊള്ളുന്ന വില നല്‍കി വാങ്ങാന്‍ വിധിക്കപ്പെട്ട പ്രവാസികള്‍.

തോരനുണ്ടാക്കുന്ന ഇളം ചക്കയായ ഇടിച്ചക്കയ്ക്ക് കിലോയ്ക്ക് 400 രൂപ നല്‍കണം. വരിക്കച്ചക്കയ്ക്കാണ് വന്‍ ഡിമാന്‍ഡ്. ചിലര്‍ നാട്ടില്‍ നിന്നും വരിക്കച്ചക്ക മുഴുവനായി കൊണ്ടുവന്ന് സുഹൃത്തുക്കള്‍ക്ക് സമ്മാനിക്കുന്ന പതിവുണ്ട്. ഇവിടെ കൊണ്ടുവന്ന് പങ്കുവയ്ക്കാന്‍ ചക്ക മുറിക്കുമ്പോള്‍ ചിലപ്പോള്‍ ആകെയുണ്ടാവുക എട്ടോ, പത്തോ ചുളകള്‍ മാത്രം. ഒരു ഭീമന്‍ വരിക്കച്ചക്കയുമായി നാട്ടില്‍ നിന്നെത്തിയ ഒരു പ്രവാസി ചക്കപ്പഴം പിളര്‍ന്നു നോക്കിയപ്പോള്‍ കണ്ട ആകെ ഒരൊറ്റ ചുള മാത്രമുള്ള ചിത്രം ഈയടുത്ത് ഗള്‍ഫിലെ സമൂഹമാധ്യമങ്ങളില്‍ വന്‍ഹിറ്റായി. ചക്ക വരട്ടിയതിനും ചക്കയുപ്പേരിയുമടക്കം ഗള്‍ഫില്‍ വന്‍ വിലയായതിനാല്‍ നാട്ടില്‍ നിന്ന് ഇവയെല്ലാം ഗള്‍ഫിലേയ്ക്ക് കൊണ്ടുവന്ന് സുഹൃത്തുക്കള്‍ക്ക് പങ്കുവയ്ക്കുന്നവരും ധാരാളം. ചക്ക ഹല്‍വയ്ക്കും വലിയ പ്രിയം. ഫിലിപ്പൈനില്‍ നിന്നുള്ള ചക്കപ്പഴ ജ്യൂസിന് ഗള്‍ഫില്‍ വലിയ പ്രിയമാണെങ്കിലും കേരളം ആ വഴിക്ക് ഇനിയും നീങ്ങിയിട്ടില്ല.

ഖത്തറില്‍ കഴിഞ്ഞ മാര്‍ച്ചില്‍ എത്തിയത് 625 കിലോ ചക്കയുപ്പേരി മാത്രം. ചക്കപ്പഴവും പച്ചക്കറിയുമായെത്തിയത് കഷ്ടിച്ച് അരലക്ഷത്തോളം രൂപയ്ക്ക്, ചക്കയും ചക്കവിഭവങ്ങളും ഷോപ്പിങ് മാളുകളിലും ഹൈപ്പര്‍സൂപ്പര്‍ മാര്‍ക്കറ്റുകളിലുമെത്തിയാല്‍ ഒരൊറ്റദിവസം കൊണ്ടുതന്നെ പ്രവാസികള്‍ അവ റാഞ്ചിക്കൊണ്ടുപോകും.

ഗള്‍ഫില്‍ ലുലുവിന്റെ ഹൈപ്പര്‍മാര്‍ക്കറ്റുകളിലാണ് ഏറ്റവുമധികം ചക്കയും ചക്കയുടെ മൂല്യവര്‍ധിത ഉല്‍പന്നങ്ങളും ലഭിക്കുന്നത്. ഇന്ത്യയ്ക്ക് പുറമേ തായ്‌ലന്‍ഡ്, ശ്രീലങ്ക, ഇന്തോനേഷ്യ, ഫിലിപ്പൈന്‍സ്, മലേഷ്യ എന്നിവിടങ്ങളില്‍ നിന്നും ഗള്‍ഫ് രാജ്യങ്ങളില്‍ ചക്കയെത്തുന്നുവെങ്കിലും പ്രവാസി മലയാളിക്ക് പ്രിയങ്കരം കേരളത്തിന്റെ ചക്ക തന്നെയാണ്. കേരളത്തില്‍ നിന്നെത്തുന്ന തേന്‍വരിക്ക, ചെമ്പരത്തിവരിക്ക, ചെമ്പാചക്ക, താമരച്ചക്ക, തേങ്ങാച്ചക്ക എന്നിവ ഇനങ്ങളിലെ വൈവിധ്യംകൊണ്ടും പോപ്പുലര്‍ ആകുന്നു.
ഏറെയും വിമാനമാര്‍ഗമാണ് ഇവിടെ ചക്കയെത്തുന്നത്. അതുകൊണ്ടാണ് വിലയുമേറുന്നത്. നമ്മുടെ ഫ്രൂട്ട്‌സ് ആന്‍ഡ് വെജിറ്റബിള്‍ പ്രെമോഷന്‍ കൗണ്‍സിലും ഹോര്‍ട്ടികോര്‍പ്പും വന്‍തോതില്‍ ചക്കയും ചക്ക ഉല്‍പന്നങ്ങളും കപ്പല്‍മാര്‍ഗം ഗള്‍ഫിലെത്തിച്ചാല്‍ ഇവിടത്തെ വിപണി സാധ്യതകള്‍ പരമാവധി മുതലാക്കാമെന്നാണ് പ്രവാസികള്‍ കരുതുന്നത്. അതോടെ കുറഞ്ഞവിലയ്ക്ക് ചക്കപ്രിയര്‍ക്ക് നമ്മുടെ സംസ്ഥാനഫലം ആസ്വദിക്കാനാവുമെന്ന പ്രത്യാശയും അവര്‍ക്കുണ്ട്.
Other News in this category4malayalees Recommends