ഗള്‍ഫിലെ നഴ്‌സുമാര്‍ക്ക് പുതിയ ഡിപ്ലോമ

ഗള്‍ഫിലെ നഴ്‌സുമാര്‍ക്ക് പുതിയ ഡിപ്ലോമ
റിയാദ്: ഗള്‍ഫിലെ മലയാളി നഴ്‌സുമാര്‍ക്കെല്ലാം ഡിപ്ലോമ എന്ന് രേഖപ്പെടുത്തിയ പുതിയ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുമെന്ന കേരളാ നഴ്‌സസ് ആന്‍ഡ് മിഡ്‌വൈവ്‌സ് കൗണ്‍സില്‍ തീരുമാനിച്ചതോടെ ആയിരക്കണക്കിന് നഴ്‌സുമാര്‍ നേരിട്ട പിരിച്ചുവിടല്‍ ഭീഷണിക്ക് പരിഹാരമായി.

ഇത് സംബന്ധിച്ച അറിയിപ്പ് ആറ് ഗള്‍ഫ് രാജ്യങ്ങളിലെ ഇന്ത്യന്‍ എംബസികള്‍ക്ക് ലഭിച്ചു. 2005ന് മുമ്പ് നഴ്‌സിങ് പരീക്ഷ പാസായവര്‍ക്ക് നല്‍കിയ സര്‍ട്ടിഫിക്കറ്റില്‍ ഡിപ്ലോമ എന്ന് രേഖപ്പെടുത്താത്തതാണ് വിനയായത്. ഇതുമൂലം സൗദി അറേബ്യയിലെ നഴ്‌സിങ് മേഖലയില്‍ ഏകദേശം പൂര്‍ണാധിപത്യം തന്നെയുള്ള ആയിരക്കണക്കിന് മലയാളി നഴ്‌സുമാര്‍ക്ക് തൊഴില്‍വിസയും താമസരേഖയും പുതുക്കാനാവാതെ ജോലി നഷ്ടപ്പെട്ട് നാട്ടിലേയ്ക്ക് മടങ്ങേണ്ടിവരുമെന്ന് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഈ പ്രതിസന്ധിക്ക് പരിഹാരമുണ്ടാക്കണമെന്നു കാണിച്ച് 'നവയുഗം' സാംസ്‌കാരികവേദിയും സൗദി കേരള നഴ്‌സസ് അസോസിയേഷനും കൗണ്‍സില്‍ രജിസ്ട്രാര്‍ പ്രൊഫ. വത്സ കെ പണിക്കര്‍ക്ക് നിവേദനം നല്‍കിയിരുന്നു. സൗദിയില്‍ പണിയെടുക്കുന്ന മലയാളി നഴ്‌സുമാരില്‍ മഹാ ഭൂരിഭാഗവും ഡിപ്ലോമ എന്ന് രേഖപ്പെടുത്താത്ത സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിച്ച് ജോലി നേടിയവരാണ്. മറ്റ് ഗള്‍ഫ് രാജ്യങ്ങളിലെ നഴ്‌സുമാര്‍ക്കും പിരിച്ചുവിടല്‍ ഭീഷണി ഉണ്ടായേക്കാമെന്ന അവസ്ഥയിലാണ് നഴ്‌സിങ് കൗണ്‍സിലിന്റെ ഈ തീരുമാനം.

സര്‍ട്ടിഫിക്കറ്റ് പുതുക്കി നല്‍കാന്‍ ഓണ്‍ലൈന്‍ ആയി അപേക്ഷ ക്ഷണിക്കാന്‍ നടപടികള്‍ സ്വീകരിച്ചുകഴിഞ്ഞുവെന്നും സൗദിയില്‍ മാത്രമല്ല ഗള്‍ഫ് മേഖലയടക്കം മറ്റ് രാജ്യങ്ങളിലുള്ളവര്‍ക്കും ഡിപ്ലോമ എന്ന് രേഖപ്പെടുത്തിയ ഹോളോഗ്രാമോടു കൂടിയ പുതിയ സര്‍ട്ടിഫിക്കറ്റ് നല്‍കുമെന്നും പ്രൊ. വത്സ അറിയിച്ചു. കൗണ്‍സിലിന്റെ വെബ്‌സൈറ്റിലൂടെ പുതിയ സര്‍ട്ടിഫിക്കറ്റിന് ഓണ്‍ലൈനായി അപേക്ഷ നല്‍കണം.

കോഴ്‌സ് സെലക്ട് ചെയ്യാനുള്ള ഡ്രോപ്‌മെനുവില്‍ ഡിപ്ലോമ ഇന്‍ ജനറല്‍ നഴ്‌സിങ് ആന്‍ഡ് മിഡ്‌വൈഫറി എന്നും രേഖപ്പെടുത്തിയിട്ടുണ്ട്. ഈ മെനുവിലൂടെയായിരിക്കണം പുതിയ സര്‍ട്ടിഫിക്കറ്റുകള്‍ക്ക് അപേക്ഷ നല്‍കേണ്ടത്. 1990 മുതല്‍ 2012 ഡിസംബര്‍ ഒടുവില്‍ വരെയുള്ള കാലയളവില്‍ നല്‍കിയ സര്‍ട്ടിഫിക്കറ്റുകളാണ് പുതുക്കി നല്‍കുന്നതെന്നും പ്രൊഫ. വത്സ അറിയിച്ചു. സ്വാഗതാര്‍ഹമായ തീരുമാനമാണിതെന്ന് സൗദി ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്‍ പ്രസിഡന്റ് ചിഞ്ചു റാണി പറഞ്ഞു. അപേക്ഷിച്ചാല്‍ ഒറ്റ ദിവസംകൊണ്ട് പുതുക്കിയ സര്‍ട്ടിഫിക്കറ്റ് ലഭിക്കുമെന്നും പ്രൊഫ. വത്സ വ്യക്തമാക്കി. ഈ സര്‍ട്ടിഫിക്കറ്റ് സൗദിയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ സാക്ഷ്യപ്പെടുത്തി സൗദി മെഡിക്കല്‍ കൗണ്‍സില്‍ സ്‌പെഷലിറ്റീസ് വിഭാഗത്തില്‍ ഹാജരാക്കിയാല്‍ തൊഴില്‍വിസ പുതുക്കിക്കിട്ടുമെന്നും അവര്‍ അറിയിച്ചു.

ഈ സൗകര്യം മറ്റ് ഗള്‍ഫ് രാജ്യങ്ങളിലെ മലയാളി നഴ്‌സുമാരും പ്രയോജനപ്പെടുത്തി പുതിയ സര്‍ട്ടിഫിക്കറ്റുകള്‍ നേടിയാല്‍ ഭാവിയില്‍ സൗദിയിലെപോലെ പ്രതിസന്ധിയുണ്ടാകില്ലെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
Other News in this category4malayalees Recommends