ജയയെ വിദേശത്ത് ചികിത്സയ്ക്ക് കൊണ്ടുപോകുന്നതിനെ ഡോക്ടര്‍മാര്‍ എതിര്‍ത്തിരുന്നു

ജയയെ വിദേശത്ത് ചികിത്സയ്ക്ക് കൊണ്ടുപോകുന്നതിനെ ഡോക്ടര്‍മാര്‍ എതിര്‍ത്തിരുന്നു
ജയലളിതയെ ചികിത്സയ്ക്കായി വിദേശത്തു കൊണ്ടുപോകുന്നതിനെ ഡോക്ടര്‍മാര്‍ എതിര്‍ത്തിരുന്നതായി മുന്‍ സെക്രട്ടറിയും വിരമിച്ച ഐഎഎസ് ഉദ്യോഗസ്ഥനുമായ കെ എന്‍ വെങ്കട്ടരമണന്‍. തമിഴ്‌നാട് മുഖ്യമന്ത്രിയായിരുന്ന ജയലളിതയുടെ മരണത്തെ കുറിച്ച് അന്വേഷിക്കുന്ന കമ്മീഷന് മുമ്പാകെയാണ് വെങ്കട്ടരമണന്‍ ഇക്കാര്യം പറഞ്ഞത്. കമ്മീഷന്‍ ചെയര്‍മാനോട് ക്രോസ് വിസ്താരത്തിനിടെയാണ് ഈ പ്രതികരണം.

നാലു മണിക്കൂര്‍ നീണ്ട ക്രോസ് വിസ്താരത്തില്‍ അഞ്ച് സാക്ഷികളെയാണ് വിസ്തരിച്ചത്. വെങ്കട്ടരമണനെ കൂടാതെ ബന്ധുക്കളേയും ജയലളിതയുടെ മൃതദേഹം എംബാം ചെയ്ത സംഘത്തെ നയിച്ച വ്യക്തികളെയുമാണ് ചോദ്യം ചെയ്തത്.

എന്നാണ് ചികിത്സയ്ക്ക് വിദേശത്തേക്ക് കൊണ്ടുപോകേണ്ടെന്ന് തീരുമാനിച്ചതെന്നറിയില്ലെന്നും വെങ്കട്ടരാമണന്‍ പറഞ്ഞു. മന്ത്രിമാരുടെ എതിര്‍പ്പ് മൂലമാണ് വേണ്ടെന്ന് വച്ചതെന്ന് മുന്‍ ചീഫ് സെക്രട്ടറി അറിയിച്ചിരുന്നു.

അതിനിടെ തന്റെ ആരോഗ്യസ്ഥിതിയെ കുറിച്ച് പൊതുജനത്തെ അറിയിക്കണമെന്ന് ജയലളിത നിര്‍ദ്ദേശിച്ചിരുന്നു. അഭ്യൂഹങ്ങള്‍ പരക്കാതിരിക്കാനാണിതെന്നും വെങ്കട്ടരമണന്‍ പറഞ്ഞു.

അതിനിടെ മുന്‍ ചീഫ് സെക്രട്ടറി രാമ മോഹന റാവു കമ്മീഷന് മുന്നില്‍ ജയലളിതയുടെ ആരോഗ്യത്തെ കുറിച്ച് തെറ്റായ വിവരമാണ് നല്‍കുന്നതെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി പളനിസ്വാമി വ്യക്തമാക്കി. ആരേയോ സംരക്ഷിക്കാനുള്ള ശ്രമമാണ് ഇതെന്നും അദ്ദേഹം ആരോപിച്ചു.

Other News in this category4malayalees Recommends