മൂന്നു വര്‍ഷത്തിനിടെ മൂന്നാം തവണയും ലോട്ടറിയടിച്ചു ; ഭാഗ്യദേവത എന്നും മനോഹരനൊപ്പം

മൂന്നു വര്‍ഷത്തിനിടെ മൂന്നാം തവണയും ലോട്ടറിയടിച്ചു ; ഭാഗ്യദേവത എന്നും മനോഹരനൊപ്പം
ഒരുതവണയെങ്കിലും ലോട്ടറി അടിച്ചെങ്കില്‍ എന്ന് ചിന്തിക്കാത്തവര്‍ അപൂര്‍വമായിരിക്കും. എന്നാല്‍, തകഴിക്കാരന്‍ ആര്‍.പി. മനോഹരന് മൂന്നുവര്‍ഷം തുടര്‍ച്ചയായി ലോട്ടറി ഒന്നാംസമ്മാനം ലഭിച്ച് അപൂര്‍വ ഭാഗ്യത്തിന് ഉടമയായിരിക്കുന്നു.കഴിഞ്ഞ വെള്ളിയാഴ്ച നറുക്കെടുത്ത നിര്‍മല്‍ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനമായ 70 ലക്ഷം രൂപയാണ് ഏറ്റവും ഒടുവില്‍ മനോഹരന് ലഭിച്ചത്. ഇതിനൊപ്പം സമ്മാനാര്‍ഹമായ നമ്പറിലെ 11 സീരീസ് ടിക്കറ്റുകള്‍ എടുത്തതിനാല്‍ 1,10,000 രൂപകൂടി ലഭിക്കും.

2016 ഓഗസ്റ്റ് 28നാണ് ആദ്യം ഭാഗ്യം തേടിയെത്തിയത്. പൗര്‍ണമി ഭാഗ്യക്കുറിയില്‍ ഒന്നാം സമ്മാനമായി 65 ലക്ഷം. 2017 നവംബര്‍ 10ന് നിര്‍മല്‍ ഭാഗ്യക്കുറിയിലൂടെ 70 ലക്ഷം രൂപ വീണ്ടുമടിച്ചു. ഇതിന്റെ സമ്മാനത്തുക ഏതാനും മാസം മുന്‍പാണ് ലഭിച്ചത്. അതിനിടെയാണ് മൂന്നാമതും ഭാഗ്യം കടാക്ഷിക്കുന്നത്.

സ്ഥിരമായി അടിക്കുന്നതുകൊണ്ട് മൂന്നാം തവണയും സമ്മാനം കിട്ടിയതറിഞ്ഞപ്പോള്‍ പ്രത്യേകിച്ചൊന്നും തോന്നിയില്ലെന്നായിരുന്നു മനോഹരന്റെ ആദ്യ പ്രതികരണം.

വൈദ്യുതിബോര്‍ഡിലെ റിട്ട. ഓവര്‍സിയറാണ് തകഴി പടഹാരം ലക്ഷ്മിഗോകുലത്തില്‍ ആര്‍.പി. മനോഹരന്‍ എന്ന അറുപത്തിനാലുകാരന്‍. വിരമിച്ചശേഷമാണ് ഭാഗ്യക്കുറി സ്ഥിരമായി എടുക്കാന്‍ തുടങ്ങിയത്. 5000 രൂപയുടെവരെ ടിക്കറ്റ് എടുക്കാറുണ്ടെന്ന് അദ്ദേഹം പറയുന്നു. വനജയാണ് മനോഹരന്റെ ഭാര്യ. സജിത്ത്, എസ്.ഡി. കോളേജില്‍ സാമ്പത്തികശാസ്ത്രവിഭാഗം ഗസ്റ്റ് അധ്യാപികയായ ലക്ഷ്മി എന്നിവര്‍ മക്കളാണ്.

Other News in this category4malayalees Recommends