അമേരിക്കയും പാക്കിസ്ഥാനും തമ്മിലുള്ള ബന്ധം വഷളാകുന്നു; അമേരിക്കന്‍ നയതന്ത്രജ്ഞര്‍ക്ക് പാക്കിസ്ഥാനില്‍ ചില നിയന്ത്രണങ്ങള്‍; യുഎസ് തങ്ങളുടെ ഡിപ്ലോമാറ്റുകളോട് ചെയ്തതിനുള്ള ഇസ്ലാമാബാദിന്റെ തിരിച്ചടി

അമേരിക്കയും പാക്കിസ്ഥാനും തമ്മിലുള്ള ബന്ധം വഷളാകുന്നു; അമേരിക്കന്‍ നയതന്ത്രജ്ഞര്‍ക്ക് പാക്കിസ്ഥാനില്‍ ചില നിയന്ത്രണങ്ങള്‍; യുഎസ് തങ്ങളുടെ ഡിപ്ലോമാറ്റുകളോട് ചെയ്തതിനുള്ള ഇസ്ലാമാബാദിന്റെ തിരിച്ചടി
പാക്കിസ്ഥാനും അമേരിക്കയും തമ്മിലുള്ള നയതന്ത്ര ബന്ധങ്ങള്‍ വഷളായി വരുന്നുവെന്ന് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. ഇത് പ്രകാരം അമേരിക്കന്‍ നയതന്ത്രജ്ഞര്‍ക്ക് പാക്കിസ്ഥാനില്‍ ഇസ്ലാമാബാദ് ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. അമേരിക്ക പാക്ക് നയതന്ത്രജ്ഞര്‍ക്ക് മേല്‍ ഏര്‍പ്പെടുത്തിയ ഇതേ പോലുള്ള നിയന്ത്രണങ്ങള്‍ക്കുള്ള തിരിച്ചടിയായിട്ടാണ് പാക്കിസ്ഥാന്റെ പുതിയ നടപടി.

മേയ് ഒന്ന് മുതലാണ് ഇത്തരത്തിലുള്ള നിയന്ത്രണം ആദ്യം നടപ്പിലാക്കാന്‍ പാക്കിസ്ഥാന്‍ തീരുമാനിച്ചിരുന്നതെങ്കിലും പ്രശ്‌നം പരിഹരിക്കാന്‍ ഇരു രാജ്യങ്ങളും ശ്രമിച്ചതിനെ തുടര്‍ന്ന് ഇത് നീട്ടി വയ്ക്കുകയായിരുന്നു. എന്നാല്‍ പ്രസ്തുത നിയന്ത്രണം വെള്ളിയാഴ്ച നിലവില്‍ വന്നിരിക്കുകയാണ്. ഇരു രാജ്യങ്ങളും നയതന്ത്രജ്ഞര്‍ പരസ്പരം പോകുന്നതിന് നിലവില്‍ ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നുവെന്നാണ് പാക്കിസ്ഥാന്‍ വിദേശകാര്യമന്ത്രാലയത്തിന്റെ വക്താവായ ഡോ. മുഹമ്മദ് ഫൈസല്‍ വെളിപ്പെടുത്തുന്നത്.

ഇന്ന് മുതലാണ് ഇത് സംബന്ധിച്ച നിയന്ത്രണം ഔദ്യോഗികമായി നിലവില്‍ വരുന്നതെന്നും അദ്ദേഹം പറയുന്നു.ഇരു രാജ്യങ്ങളും പ്രശ്‌നം ചര്‍ച്ചയിലൂടെ പരിഹരിക്കുന്നതിനെ കുറിച്ച് ആലോചിച്ച് വരുന്നുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തുന്നു. യുഎസ് നടപ്പിലാക്കിയ നിയന്ത്രണം അനുസരിച്ച് വാഷിംഗ്ടണിലെ എംബസിയിലെ പാക്കിസ്ഥാന്‍ ഡിപ്ലോമാറ്റുകളും ന്യൂയോര്‍ക്ക്, ലോസ് ഏയ്ജല്‍സ്, ടെക്‌സാസ്, ചിക്കാഗോ എന്നീ കോണ്‍സുലേറ്റുകളിലെ പാക്ക് നയതന്ത്രജ്ഞരും തങ്ങള്‍ നിയമിക്കപ്പെട്ട ഇടത്തിന്റെ 40 കിലോമീറ്ററിനുള്ളിലുണ്ടാകണമെന്നാണ് നിര്‍ദേശം നല്‍കിയിരുന്നത്. ഈ പരിധിവിട്ട് പോകണമെങ്കില്‍ അവര്‍ അഞ്ച് ദിവസം മുമ്പ് അനുവാദമെടുക്കുകയും വേണം.

Other News in this category4malayalees Recommends