ഒടുവില്‍ അത് സംഭവിച്ചു ; ട്രംപും ഉന്നും കണ്ടുമുട്ടി ; സമാധാന ചര്‍ച്ചകള്‍ ഉറ്റുനോക്കി ലോകം

ഒടുവില്‍ അത് സംഭവിച്ചു ; ട്രംപും ഉന്നും കണ്ടുമുട്ടി ; സമാധാന ചര്‍ച്ചകള്‍ ഉറ്റുനോക്കി ലോകം
അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നും കൂടിക്കാഴ്ച നടത്തി.സിംഗപ്പൂരിലെ സെന്‍േറാസ ദ്വീപിലെ ഹോട്ടലില്‍ വച്ചാണ് ലോകം ഉറ്റുനോക്കുന്ന സമാധാന ചര്‍ച്ച നടക്കുന്നത്. ഇരു നേതാക്കളും പരസ്പരം ഹസ്തദാനം ചെയ്തുകൊണ്ട് ചരിത്ര കൂടിക്കാഴ്ചയ്ക്ക് ആരംഭം കുറിച്ചു.

ചരിത്രത്തിലാദ്യമായിട്ടാണ് യുഎസ് പ്രസിഡന്റും ഉത്തരകൊറിയന്‍ മേധാവിയും നേരില്‍ കാണുന്നത്. ഫോണില്‍ പോലും രണ്ടു രാജ്യങ്ങളിലെയും ഭരണാധികാരികള്‍ ഇതുവരെ സംസാരിച്ചിട്ടില്ല. ചര്‍ച്ചക്ക് മുമ്പായി ഇരു നേതാക്കളും മാധ്യമങ്ങളെ കണ്ടു. സിംഗപ്പൂര്‍ കൂടിക്കാഴ്ചക്കുള്ള വഴി ഒട്ടും എളുപ്പമായിരുന്നില്ലെന്ന് കിം പറഞ്ഞു. പഴയ മുന്‍വിധികളും പ്രവര്‍ത്തികളും മുന്നോട്ടുള്ള വഴിയില്‍ തടസം സൃഷ്ടിച്ചുവെങ്കിലും തങ്ങള്‍ അത് മറികടന്ന് ഇവിടെ എത്തിയിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. തങ്ങള്‍ തമ്മില്‍ മികച്ച ബന്ധമുണ്ടാകുമെന്ന് ട്രംപ് പ്രതികരിച്ചു.

അടച്ചിട്ട മുറിയില്‍ ഇരുനേതാക്കന്മാരും പരിഭാഷകരും മാത്രമായിട്ടായിരുന്നു ആദ്യ ചര്‍ച്ച. സമാധാനവും ഉത്തരകൊറിയന്‍ ആണവ നിരായുധീകരണവുമാകും പ്രധാന ചര്‍ച്ചാവിഷയങ്ങളെന്നാണ് ലഭിക്കുന്ന വിവരങ്ങള്‍. ട്രംപിന്റെ സംഘത്തില്‍ വിദേശകാര്യ സെക്രട്ടറി പോംപെയോ, സെക്കന്‍ഡ് ചീഫ് ഓഫ് സ്റ്റാഫ് ജോണ്‍ കെല്ലി, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജോണ്‍ ബോള്‍ട്ടണ്‍, വൈറ്റ് ഹൗസ് ഓപ്പറേഷന്‍സ് മേധാവി ജോ ഹാഗിന്‍ എന്നിവരാണുള്ളത്. ഉത്തരകൊറിയന്‍ വിദേശകാര്യമന്ത്രി റീ യോഹ് ഹോ, കൊറിയന്‍ വര്‍ക്കേഴ്‌സ് പാര്‍ട്ടി പ്രതിനിധി കിം യോങ് ചോള്‍, കിമ്മിന്റെ സഹോദരി കിം യോ ചോങ്, വിദേശകാര്യ സെക്രട്ടറി ചോ സോന്‍ ഹുയി എന്നിവരാണ് ഉന്നിന്റെ സംഘത്തിലുള്ളത്.

Other News in this category4malayalees Recommends