കെവിന്റെ കുടുംബത്തിന് വീടു വയ്ക്കാന്‍ പത്തുലക്ഷം രൂപ സര്‍ക്കാര്‍ നല്‍കും ; നീനുവിന്റെ പഠനം സര്‍ക്കാര്‍ ഏറ്റെടുക്കും

കെവിന്റെ കുടുംബത്തിന് വീടു വയ്ക്കാന്‍ പത്തുലക്ഷം രൂപ സര്‍ക്കാര്‍ നല്‍കും ; നീനുവിന്റെ പഠനം സര്‍ക്കാര്‍ ഏറ്റെടുക്കും
കെവിന്റെ കുടുംബത്തിന് വീട് വെക്കാന്‍ സര്‍ക്കാര്‍ സഹായം. 10 ലക്ഷം രൂപ നല്‍കാന്‍ മന്ത്രിസഭായോഗ തീരുമാനം. ഭാര്യ നീനുവിന്റെ പഠനം സര്‍ക്കാര്‍ ഏറ്റെടുക്കും. ഇന്നു ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. കെവിന്റെ കുടുംബത്തിന്റെ സംരക്ഷണം സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. കെവിന്റെ കുടുംബത്തിന് സ്ഥലം വാങ്ങി വീട് വെക്കുന്നതിനുള്ള സഹായമായാണ് 10 ലക്ഷം രൂപ നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

തെന്‍മല സ്വദേശി നീനു ചാക്കോയുമായുള്ള പ്രണയ വിവാഹത്തിന്റെ പേരിലാണ് നട്ടാശേരി സ്വദേശി കെവിനെ നീനുവിന്റെ ബന്ധുക്കള്‍ തട്ടിക്കൊണ്ടു പോയത്. പിന്നീട് കെവിന്റെ മൃതദേഹം ചാലിക്കരയിലെ പുഴയില്‍ ആണ് കണ്ടെത്തുന്നത്. സ്വന്തമായി ഒരു വീടു പോലുമില്ലാത്ത കുടുംബത്തിന്റെ ഏകപ്രതീക്ഷയായിരുന്നു കെവിന്‍.

കുടുംബ സഹിതം നട്ടാശ്ശേരിയില്‍ വാടകയ്ക്കാണ് ഇവര്‍ താമസിച്ചിരുന്നത്. കെവിന്റെ പിതാവ് ജോസഫിനുള്ള വര്‍ക്ഷോപ്പിലെ വരുമാനമാണ് കുടുംബത്തിന്റെ ഇപ്പോഴുള്ള ഏക ഉപജീവന മാര്‍ഗം. ഭാര്യയും മകളും ഇപ്പോള്‍ നീനുവും അടങ്ങുന്ന കുടുംബത്തെ ഇനിനോക്കേണ്ട ചുമതല കെവിന്റെ പിതാവ് ജോസഫിനാണ്.

മകനൊപ്പം ഇറങ്ങി വന്ന നീനുവിന്റെ ഭാവിയെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് ജോസഫിനും നീനുവിനും ഉറച്ച നിലപാടുണ്ടായിരുന്നു. കെവിന്റെ വീട്ടില്‍ ജീവിക്കണം എന്ന നീനുവിന്റെ ഉറച്ച നിലപാടിന് ജോസഫ് പിന്തുണയുമായി നിന്നു. ഇപ്പോള്‍ താമസിക്കുന്ന വാടകവീട്ടില്‍ നിന്ന് സ്വന്തമായി ഒരു വീട്ടിലേക്ക് മാറാനുള്ള ആഗ്രഹത്തിനാണ് സര്‍ക്കാര്‍ പിന്തുണ നല്‍കുന്നത്.

Other News in this category4malayalees Recommends