എളുപ്പത്തില്‍ വിസ ലഭിക്കുന്ന പട്ടികയില്‍ നിന്ന് ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ ഒഴിവാക്കിയ ബ്രിട്ടന്റെ നടപടിയ്ക്കെതിരെ പ്രതിഷേധം ശക്തം. കുടിയേറ്റ നയത്തില്‍ മാറ്റങ്ങള്‍ വരുത്തിയതിന്റെ ഭാഗമായാണ് ടയര്‍ 4 വിസ കാറ്റഗറിയിലുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ബ്രിട്ടീഷ് പാര്‍ലമെന്റ് ഭേദഗതി വരുത്തിയിരിക്കുന്നത്. അമേരിക്ക, കാനഡ, ന്യൂസിലന്‍ഡ് എന്നീ രാജ്യങ്ങളായിരുന്നു ബ്രിട്ടന്റെ ടയര്‍ 4 വിസ പട്ടികയില്‍ മുമ്പുണ്ടായിരുന്നത്. ഇതിനൊപ്പം ചൈന, ബഹ്റിന്, സെര്‍ബിയ എന്നീ രാജ്യങ്ങളേയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ബ്രിട്ടനുമായി മികച്ച സഹകരണത്തിലുള്ള ഇന്ത്യയെ പട്ടികയില്‍ നിന്നൊഴിവാക്കി. ബ്രിട്ടനിലേക്ക് ഉന്നത പഠനത്തിന് എത്തുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ മൂന്നാം സ്ഥാനം ഇന്ത്യയ്ക്കാണ്. ചൈനയും അമേരിക്കയുമാണ് രണ്ടാം സ്ഥാനത്ത്. പ്രത്യേക പട്ടികയില്‍ ഉള്‍പ്പെട്ടാല്‍ വിസ ലഭിക്കുന്നതിന് വിദ്യാര്‍ത്ഥികള്‍ക്ക് പല ഇളവുകളും ലഭിക്കുമായിരുന്നു.
പട്ടികയില്‍ നിന്നും ഒഴിവാക്കപ്പെട്ടതോടെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് വിസ കടമ്പ പ്രയാസമേറിയതാകും. പട്ടികയില്‍ നിന്ന് ഇന്ത്യയെ ബ്രിട്ടന് ഒഴിവാക്കിയത് രാജ്യത്തെ അപമാനിക്കുന്നതിന് തുല്യമാണെന്ന് വിമര്‍ശകര്‍ ചൂണ്ടികാണിക്കുന്നു.