പാസ്‌പോര്‍ട്ട് കിട്ടണോ ? ഹിന്ദു മതത്തിലേക്ക് മാറണം ; ദമ്പതികളെ അപമാനിച്ച് അധികൃതര്‍ ; ഒടുവില്‍ പണിയിരന്നുവാങ്ങി

പാസ്‌പോര്‍ട്ട് കിട്ടണോ ? ഹിന്ദു മതത്തിലേക്ക് മാറണം ; ദമ്പതികളെ അപമാനിച്ച് അധികൃതര്‍ ; ഒടുവില്‍ പണിയിരന്നുവാങ്ങി
മിശ്രവിവാഹിതരായ ദമ്പതിമാരെ അപമാനിച്ച് ലഖ്‌നൗ പാസ്‌പോര്‍ട്ട് ഓഫീസര്‍. ലഖ്‌നൗവിലെ പാസ്‌പോര്‍ട്ട് സേവാ കേന്ദ്രത്തിലെത്തിയ മുഹമ്മദ് അനസ് സിദ്ധിഖിക്കും ഭാര്യ തന്‍വി സേഥിനുമാണ് പാസ്‌പോര്‍ട്ട് ഓഫീസിലെ ഉദ്യോഗസ്ഥനില്‍ നിന്ന് ദുരനുഭവം ഉണ്ടായത്. വികാസ് മിശ്ര എന്ന ഉദ്യോഗസ്ഥന്‍ അനസിനോടു ഹിന്ദുമതം സ്വീകരിക്കാനും തന്‍വിയോട് രേഖകളിലെ പേരുമാറ്റണമെന്ന് ആവശ്യപ്പെട്ടുവെന്നും ദമ്പതിമാര്‍ ആരോപിക്കുന്നു.

ബുധനാഴ്ചയാണ് സംഭവം. വിഷയത്തില്‍ വിദേശകാര്യമന്ത്രി സുഷമ സ്വരാജിന്റെ ഇടപെടല്‍ ആവശ്യപ്പെട്ട് ദമ്പതികള്‍ ട്വീറ്റ് ചെയ്തതോടെയാണ് വിവരം ലോകം അറിയുന്നത്. ജൂണ്‍ പത്തൊമ്പതിന് പാസ്‌പോര്‍ട്ടിനായി അപേക്ഷ സമര്‍പ്പിച്ചതായിരുന്നു ഇരുവരും. ബുധനാഴ്ചയാണ് ഓഫീസിലെത്താന്‍ ലഭിച്ച നിര്‍ദ്ദേശം. തന്‍വിയുടെ രേഖകള്‍ പരിശോധിക്കുന്നതിനിടെയാണ് പേരുമാറ്റണമെന്നും അല്ലെങ്കില്‍ അപേക്ഷ തിരസ്‌കരിക്കപ്പെടുമെന്നും വികാസ് മിശ്ര പറയുന്നത്.

ഹിന്ദു മതത്തിലേക്കു മാറിയില്ലെങ്കില്‍ വിവാഹം അംഗീകരിക്കപ്പെടില്ലെന്നായിരുന്നു അനസിനോട് മിശ്ര പറഞ്ഞത്. ഹിന്ദു ആചാരപ്രകാരം വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ട മിശ്ര അനസിനോടും തന്‍വിയോടും അസിസ്റ്റന്റ് പാസ്‌പോര്‍ട്ട് ഓഫീസറെ കാണാനും പറഞ്ഞു.

അദ്ദേഹത്തോട് പരാതിപ്പെട്ടപ്പോള്‍ മിശ്ര പലരോടും ഇത്തരത്തില്‍ അപമര്യാദയായി പെറുമാറാറുണ്ടെന്നും പ്രശ്‌നം പരിഹരിക്കാന്‍ ശ്രമിക്കാമെന്നും അടുത്തദിവസം വരാനുമായിരുന്നു മറുപടി. വിദേശകാര്യമന്ത്രിയുടെ ഇടപെടലിനെത്തുടര്‍ന്ന് ഇവര്‍ക്ക് പാസ്‌പോര്‍ട്ട് അനുവദിക്കുകയും പാസ്‌പോര്‍ട്ട് ഓഫീസറെ സ്ഥലം മാറ്റുകയും ചെയ്തു. ലഖ്‌നൗവിലെ അമിനാബാദ് സ്വദേശിയായ അനസ് 2007ലാണ് തന്‍വിയെ വിവാഹം കഴിക്കുന്നത്.

നോയിഡയിലെ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന ഇരുവര്‍ക്കും ആറുവയസ്സുകാരിയായ മകളുമുണ്ട്.

Other News in this category4malayalees Recommends