യുകെയിലെ പോലീസ് സേനകളുടെ മേല്‍ ട്രംപിന്റെ സന്ദര്‍ശനം കടുത്ത സമ്മര്‍ദമുണ്ടാക്കുന്നു; ഓരോ ഫോഴ്‌സും കൂടുതല്‍ ഓഫീസര്‍മാരെ വിട്ട് കൊടുക്കാന്‍ നിര്‍ബന്ധിതരായി; പതിവ് പോലീസിംഗ് അവതാളത്തിലായി കുറ്റകൃത്യങ്ങള്‍ പെരുകുമെന്ന് ആശങ്ക

യുകെയിലെ പോലീസ് സേനകളുടെ മേല്‍ ട്രംപിന്റെ സന്ദര്‍ശനം കടുത്ത സമ്മര്‍ദമുണ്ടാക്കുന്നു; ഓരോ ഫോഴ്‌സും കൂടുതല്‍ ഓഫീസര്‍മാരെ വിട്ട് കൊടുക്കാന്‍ നിര്‍ബന്ധിതരായി; പതിവ് പോലീസിംഗ് അവതാളത്തിലായി കുറ്റകൃത്യങ്ങള്‍ പെരുകുമെന്ന് ആശങ്ക
വേണ്ടത്ര ആളും അര്‍ത്ഥവുമില്ലാതെ വീര്‍പ്പ് മുട്ടുന്ന യുകെയിലെ പോലീസ് സേനകളുടെ മേല്‍ ഇരട്ടി ഭാരമേല്‍പ്പിക്കുകയാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ യുകെ സന്ദര്‍ശനം. റാങ്ക്- ആന്‍ഡ്-ഫയല്‍ ഓഫീസര്‍മാരെ പ്രതിനിധീകരിക്കുന്ന പോലീസ് ഫെഡറേഷനാണ് ഈ മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുന്നത്. ഇത് തങ്ങള്‍ക്ക് മേല്‍ ചോദ്യം ചെയ്യാനാവാത്ത വിധത്തിലുള്ള സമ്മര്‍ദമാണ് അടിച്ചേല്‍പ്പിച്ചിരിക്കുന്നതെന്നും പോലീസ് ഫെഡറേഷന്‍ ഓഫ് ഇംഗ്ലണ്ട് ആന്‍ഡ് വെയില്‍സ് സാക്ഷ്യപ്പെടുത്തുന്നു. ജൂലൈ 13ന് ട്രംപ് യുകെ സന്ദര്‍ശിക്കാനിരിക്കെ പഴുതടച്ച സുരക്ഷാ സംവിധാനങ്ങളാണ് ഇപ്പോള്‍ തന്നെ ഏര്‍പ്പെടുത്തിയിരിക്കുന്നത്.

ട്രംപിന്റെ സന്ദര്‍ശനത്തിനോട് അനുബന്ധിച്ച് കൂടുതല്‍ കരുതല്‍ സേനയെ വിന്യസിക്കേണ്ടി വന്നിരിക്കുന്നത് പതിവുള്ള പോലീസിംഗ് ഡ്യൂട്ടികള്‍ക്ക് കടുത്ത ഭീഷണിയാണുണ്ടാക്കുന്നതെന്നും അതിനാല്‍ മറ്റ് കുറ്റകൃത്യങ്ങള്‍ ഈ ദിവസങ്ങളില്‍ കുതിച്ച് കയറുമെന്നും ഫെഡറേഷന്‍ മുന്നറിയിപ്പേകുന്നു. ലോകകപ്പ് പോലുള്ള പ്രധാനപ്പെട്ട സംഭവങ്ങള്‍ നടക്കുമ്പോഴുണ്ടാകുന്ന സമ്മര്‍ദത്തിന് തുല്യമായ സമ്മര്‍ദമാണ് തങ്ങള്‍ക്ക് മേല്‍ ഇപ്പോഴുണ്ടായിരിക്കുന്നതെന്നാണ് പോലീസ് സംഘടന സാക്ഷ്യപ്പെടുത്തുന്നത്.

ട്രംപിന്റെ യുകെ സന്ദര്‍ശനം സുഖകരമല്ലാത്ത ഒരു അവസരത്തിലാണ് നടക്കുന്നതെന്നതും ആശങ്കയും അതിനെ തുടര്‍ന്ന് സുരക്ഷാ സംവിധാനങ്ങളും വര്‍ധിപ്പിക്കുന്നതിന് വഴിയൊരുക്കിയിരിക്കുന്നു. അദ്ദേഹം ലണ്ടന്‍ സന്ദര്‍ശിക്കുമ്പോള്‍ നിരവധി ഗ്രൂപ്പുകളാണ് അദ്ദേഹത്തിനെതിരെ ശക്തമായ പ്രതിഷേധ പ്രകടനങ്ങളും മറ്റും നടത്താന്‍ ഒരുങ്ങിയിരിക്കുന്നത്. ഇവരെ നേരിടുന്നതിനായി രാജ്യത്തതെ മിക്ക പോലീസ് സേനകളും അധികമായി ഓഫീസര്‍മാരെ തലസ്ഥാനത്തേക്ക് അയക്കാന്‍ നിര്‍ബന്ധിതരായിട്ടുണ്ട്.

ഇതു പോലുള്ള പ്രധാനപ്പെട്ട സംഭവങ്ങള്‍ നടക്കുമ്പോള്‍ മൂച്വല്‍ എയ്ഡ് എഗ്രിമെന്റ് പ്രകാരം രാജ്യത്തെ പോലീസ് സേനകള്‍ അധികമായി ഓഫീസര്‍മാരെ അയക്കാന്‍ ബാധ്യസ്ഥരാണ്. ട്രംപിന്റെ സന്ദര്‍ശനം സുരക്ഷിതമാക്കുന്നതിന് ശ്രദ്ധയോടെ പദ്ധതിയാസൂത്രണം നടത്തിയിട്ടുണ്ടെങ്കിലും ഇത് ലോ എന്‍ഫോഴ്‌സ്‌മെന്റിന് മേല്‍ കടുത്ത സമ്മര്‍ദമാണ് സൃഷ്ടിച്ചിരിക്കുന്നതെന്നാണ് പോലീസ് ഫെഡറേഷന്‍ ഓഫ് ഇംഗ്ലണ്ട് ആന്‍ഡ് വെയില്‍സിന്റെ ഓപ്പറേഷണല്‍ പോലീസിംഗ് ലീഡായ സൈമണ്‍ കെംപ്ടണ്‍ എടുത്ത് കാട്ടുന്നത്. ഇതിന്റെ ഭാഗമായി എല്ലാ സേനകളില്‍ നിന്നും ആയിരക്കണക്കിന് ഓഫീസര്‍മാരെ മൂച്വല്‍ എയ്ഡ് അഗ്രിമെന്റിന്റെ ഭാഗമായി തലസ്ഥാനത്തെത്തിക്കുന്നുണ്ടെന്നും അതിനാല്‍ എല്ലാ ഫോഴ്‌സുകളുടെ മേലും സമ്മര്‍ദമുണ്ടായിരിക്കുന്നുവെന്നും അദ്ദേഹം സാക്ഷ്യപ്പെടത്തുന്നു.

Other News in this category4malayalees Recommends