എന്‍എച്ച്എസിലെ ജൂനിയര്‍ ഡോക്ടര്‍മാര്‍ക്ക് നടുനിവര്‍ക്കാന്‍ നേരമില്ല; ഇക്കാരണത്താല്‍ രോഗികളുടെ സുരക്ഷ കടുത്ത ഭീഷണിയില്‍; ഉറങ്ങാനോ ഭക്ഷണം കഴിക്കാനോ പോലും സമയമില്ലാതായ ജൂനിയര്‍ ഡോക്ടര്‍മാര്‍ക്ക് കൈപ്പിഴ പറ്റുന്നതേറുന്നു

എന്‍എച്ച്എസിലെ ജൂനിയര്‍ ഡോക്ടര്‍മാര്‍ക്ക് നടുനിവര്‍ക്കാന്‍ നേരമില്ല; ഇക്കാരണത്താല്‍ രോഗികളുടെ സുരക്ഷ കടുത്ത ഭീഷണിയില്‍; ഉറങ്ങാനോ ഭക്ഷണം  കഴിക്കാനോ പോലും സമയമില്ലാതായ ജൂനിയര്‍ ഡോക്ടര്‍മാര്‍ക്ക് കൈപ്പിഴ പറ്റുന്നതേറുന്നു
അമിത ജോലിഭാരവും ശമ്പളക്കുറവും തൊഴിലുമായി ബന്ധപ്പെട്ട മറ്റ് നിരവധി പ്രശ്‌നങ്ങളും മൂലം അസ്വസ്ഥരായ ജൂനിയര്‍ ഡോക്ടര്‍മാര്‍ എന്‍എച്ച്എസിലെത്തുന്ന രോഗികളുടെ സുരക്ഷയ്ക്ക് കടുത്ത ഭീഷണിയായി വര്‍ത്തിക്കുന്നുവെന്ന ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ട് പുറത്ത് വന്നു. ജൂനിയര്‍ ഡോക്ടര്‍മാര്‍ക്കായി കഴിഞ്ഞ വര്‍ഷം പുതിയ കോണ്‍ട്രാക്ട് നിലവില്‍ വന്നതിന് ശേഷം നടത്തിയ പ്രധാനപ്പെട്ട ഒരു സര്‍വേയിലാണ് ഗൗരവകരമായ ഇക്കാര്യം കണ്ടെത്തിയിരിക്കുന്നത്.

ദിവസത്തില്‍ ജോലി ആരംഭിക്കുന്നതിന് മുമ്പ് തന്നെ തങ്ങള്‍ ശാരീരികമായും മാനസികമായും തളര്‍ന്ന അവസ്ഥയിലെത്താറുണ്ടെന്നാണ് മൂന്നിലൊന്ന് ജൂനിയര്‍ ഡോക്ടര്‍മാരും വെളിപ്പെടുത്തിയിരിക്കുന്നതെന്നാണ് ജനറല്‍ മെഡിക്കല്‍ കൗണ്‍സില്‍ (ജിഎംസി) എടുത്ത് കാട്ടുന്നത്.മെഡിക്കല്‍ ട്രെയിനിംഗിനെ കുറിച്ച് ജിഎംസി വര്‍ഷം തോറും നടത്തി വരുന്ന ദേശീയവ്യാപകമായ സര്‍വേയിലാണ് ഞെട്ടിപ്പിക്കുന്ന ഈ വസ്തുതകള്‍ കണ്ടെത്തിയിരിക്കുന്നത്.

ഈ കണ്ടെത്തല്‍ രാജ്യമാകമാനം എന്‍എച്ച്എസ് ആശുപത്രികളിലെത്തുന്ന രോഗികളുടെ സുരക്ഷയെക്കുറിച്ചുള്ള ആശങ്ക വര്‍ധിപ്പിച്ചിരിക്കുന്നുവെന്നാണ് സേഫ്റ്റി ഗ്രൂപ്പുകള്‍ പറയുന്നത്. അതായത് ആവശ്യത്തിന് ഉറങ്ങാനോ വിശ്രമിക്കാനോ പോലും അവസരം ലഭിക്കാത്ത ഡോക്ടര്‍മാര്‍ കൂടുതല്‍ കൈപ്പിഴ വരുത്താന്‍ സാധ്യതയുണ്ടെന്നും അത് മൂലം രോഗികളുടെ സുരക്ഷ താറുമാറായി അവര്‍ക്ക് മരണം വരെ സംഭവിക്കാന്‍ അവസരങ്ങളുണ്ടാക്കുമെന്നും സേഫ്റ്റി ഗ്രൂപ്പുകള്‍ മുന്നറിയിപ്പേകുന്നു.

കാര്യങ്ങള്‍ ഇങ്ങനെയായിരിക്കെ മെഡിക്കല്‍ എഡ്യുക്കേഷന്റെ ചാര്‍ജുള്ളവര്‍ ഡോക്ടര്‍മാര്‍ക്ക് സ്വയം കെയര്‍ ചെയ്യാനും അവരുടെ രോഗികളെ കെയര്‍ ചെയ്യാനും സമയം ലഭിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തേണ്ടതുണ്ടെന്നും ഈ ഗ്രൂപ്പുകള്‍ ആവശ്യപ്പെടുന്നു. 2016ല്‍ ജൂനിയര്‍ ഡോക്ടര്‍മാര്‍ തുടര്‍ച്ചയായി സമരം ചെയ്തതിനെ തുടര്‍ന്ന് ജൂനിയര്‍ ഡോക്ടര്‍മാരുടെ ട്രെയിനിംഗും ക്ഷേമവും സംരക്ഷിക്കപ്പെടുകയെന്നതിന് പുതിയ കോണ്‍ട്രാക്ടില്‍ നിര്‍ണായക സ്ഥാനം നല്‍കാന്‍ ഹെല്‍ത്ത് സെക്രട്ടറി ജെറമി ഹണ്ട് നിര്‍ബന്ധിതനായിരുന്നു.

Other News in this category4malayalees Recommends