എണ്ണ ഇറക്കുമതി കുറച്ചാല്‍ പ്രത്യേക അവകാശ പദവി നഷ്ടമാകുമെന്ന് ഇന്ത്യയോട് ഇറാന്‍ ; യുഎസിന്റെ ഭീഷണിയില്‍ ഇന്ത്യന്‍ നിലപാട് നിര്‍ണ്ണായകമാകുന്നു

എണ്ണ ഇറക്കുമതി കുറച്ചാല്‍ പ്രത്യേക അവകാശ പദവി നഷ്ടമാകുമെന്ന് ഇന്ത്യയോട് ഇറാന്‍ ; യുഎസിന്റെ ഭീഷണിയില്‍ ഇന്ത്യന്‍ നിലപാട് നിര്‍ണ്ണായകമാകുന്നു
ന്യൂഡല്‍ഹി ; അമേരിക്കയുടെ സമ്മര്‍ദ്ദത്തിന് വഴങ്ങി ഇന്ത്യ തങ്ങളില്‍ നിന്നു ഇറക്കുമതി കുറച്ചാല്‍ പ്രത്യാഘാതമുണ്ടാകുമെന്ന മുന്നറിയിപ്പുമായി ഇറാന്‍. ഏതെങ്കിലും തരത്തിലുള്ള നീക്കമുണ്ടായാല്‍ ഇന്ത്യയ്ക്ക് നല്‍കാനിരിക്കുന്ന പ്രത്യേക അവകാശ പദവി നഷ്ടമാകുമെന്നാണ് ഇറാന്റെ മുന്നറിയിപ്പ്.

ഇറാനെ ഒഴിവാക്കി അമേരിക്ക, സൗദി ,റഷ്യ, ഇറാഖ് എന്നീ രാജ്യങ്ങളില്‍ നിന്ന് എണ്ണ വാങ്ങാനുള്ള ഇന്ത്യയുടെ നീക്കം അംഗീകരിക്കാനാകാത്തതാണെന്ന് ഇറാന്റെ ഡെപ്യൂട്ടി അംബാസഡര്‍ മസൗദ് റെസ്വാനിയന്‍ റഹഗി പറഞ്ഞു.

ഇന്ത്യയും ചൈനയും ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ഈ വര്‍ഷം നവംബര്‍ നാലിനകം ഇറാനില്‍ നിന്നുള്ള എണ്ണ ഇറക്കുമതി നിര്‍ത്തണമെന്ന് അമേരിക്ക കഴിഞ്ഞ മാസം അന്ത്യശാസനം നല്‍കിയിരുന്നു. എണ്ണ ഇടപാട് കുറച്ചുകൊണ്ടുവന്ന് നവംബര്‍ നാലോടെ അതു പൂര്‍ണ്ണമായും നിര്‍ത്തണമെന്നാണ് യുഎസ് നിര്‍ദ്ദേശം. ഇന്ത്യയ്ക്കും ചൈനയ്ക്കും മറ്റ് രാജ്യങ്ങളില്‍ നിന്നും വ്യത്യസ്ഥമായി ഇക്കാര്യത്തില്‍ ഇളവ് നല്‍കാനാവില്ലെന്നും വാണിജ്യ ഉപരോധം അവര്‍ക്കും ബാധകമാണെന്നുമാണ് അമേരിക്കന്‍ നിലപാട്.

എണ്ണ വിഷയം കൂടാതെ ഇറാനിലെ ഛാബഹര്‍ തുറമുഖത്തിന്റെ വികസനത്തിന് നിക്ഷേപം ആകര്‍ഷിക്കാമെന്ന വാഗ്ദാനം ഇന്ത്യ പാലിക്കാത്തതിലും ഇറാന് അമര്‍ഷമുണ്ട്. ഇതിലും ഉടന്‍ നടപടി പ്രതീക്ഷിക്കുന്നുവെന്ന് റഹഗി പറഞ്ഞു.

ഇന്ത്യയ്ക്ക് വിശ്വസിക്കാവുന്ന ഊര്‍ജ പങ്കാളിയാണ് ഇറാനെന്നും യുക്തിപരമായ നിരക്കിലാണ് എണ്ണ നല്‍കുന്നതെന്നും റഹഗി ഓര്‍മ്മിപ്പിച്ചു. എണ്ണ ഉത്പാദനത്തില്‍ മൂന്നാം സ്ഥാനത്താണ് ഇറാന്‍. ഇറാക്കും സൗദിയും കഴിഞ്ഞാലുള്ള സ്ഥാനത്താണ് ഇറാന്‍.ഇന്ത്യയും ചൈനയുമാണ് ഇറാന്റെ ഏറ്റവും വലിയ എണ്ണ ഉപഭോക്താക്കള്‍ .

Other News in this category4malayalees Recommends