അമ്മയുടെ മൃതദേഹം ബൈക്കില്‍ കെട്ടിവച്ചു പോസ്റ്റുമോര്‍ട്ടത്തിനായി കൊണ്ടുപോകുന്ന യുവാവിന്റെ ചിത്രം വേദനയാകുന്നു

അമ്മയുടെ മൃതദേഹം ബൈക്കില്‍ കെട്ടിവച്ചു പോസ്റ്റുമോര്‍ട്ടത്തിനായി കൊണ്ടുപോകുന്ന യുവാവിന്റെ ചിത്രം വേദനയാകുന്നു
അമ്മയുടെ മൃതദേഹം ബൈക്കില്‍ കെട്ടിവച്ചു പോസ്റ്റുമോര്‍ട്ടത്തിനായി കൊണ്ടുപോകുന്ന യുവാവിന്റെ കരളുരുകുന്ന വിഡിയോ വേദനയാകുന്നു. മധ്യപ്രദേശിലെ മസ്തപൂര്‍ സ്വദേശിനായായ കുന്‍വാര്‍ ഭായിയുടെ മൃതശരീരമാണ് മകന്‍ രാജേഷ് ബൈക്കിലിരുത്തി ടിക്കംഗറിലെ പോസ്റ്റ്‌മോര്‍ട്ടം കേന്ദ്രത്തിലെത്തിച്ചത്. ഞായറാഴ്ച്ച പാമ്പ് കടിച്ചതിനെ തുടര്‍ന്നാണ് കുന്‍വാര്‍ ഭായ് മരണപ്പെട്ടത്

ബന്ധുവിന്റെ സഹായത്തോടെയാണ് രാജേഷ് ശരീരം ബൈക്കില്‍ കെട്ടിവച്ചത്.മോഹന്‍ഗറിലെ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലേക്ക് എത്തിക്കുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു. തുടര്‍ന്ന് ലോക്കല്‍ പോലീസ് രാജേഷിനോടു തന്നെ അമ്മയുടെ ശരീരം പോസ്റ്റ്‌മോര്‍ട്ടം കേന്ദ്രത്തിലെത്തിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. 35കിമീ അകലെയുള്ള സ്ഥലത്തേക്ക് മൃതശരീരം എത്തിക്കാന്‍ ആംബുലന്‍സ് ഒരുക്കാനും തയ്യാറായില്ല. ഇതോടെയാണ് രാജേഷ് മറ്റൊരു വഴിയുമില്ലാതെ അമ്മയുടെ മൃതശരീരം ബൈക്കിലിരുത്തി പോസ്റ്റ്‌മോര്‍ട്ടത്തിനായി തിരിച്ചത്. പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം തിരികെ വരവേ ആശുപത്രി അധികൃതര്‍ രാജേഷിന് ആംബുലന്‍സ് നല്‍കി.

കുന്‍വാര്‍ ഭായിയെ പാമ്പു കടിച്ചെന്ന് അറിഞ്ഞയുടന്‍ ആശുപത്രിയിലെത്തിക്കുന്നതിന് പകരം മകന്‍ കൊണ്ടുപോയത് ക്ഷേത്രത്തിലേക്കായിരുന്നെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞതായി ജില്ലാ കളക്ടര്‍ അഭിജീത് അഗര്‍വാള്‍ പറഞ്ഞു.ആശുപത്രിയില്‍ നിന്നും തിരികെ ഗ്രാമത്തിലെത്താനായി ആംബുലന്‍സ് വാഗ്ദാനം ചെയ്തിരുന്നുവെന്നും യുവാവ് ആംബുലന്‍സ് സേവനം ലഭ്യമാകുന്ന 108ല്‍ വിളിച്ചിരുന്നെങ്കില്‍ ജില്ലാ ആശുപത്രിയില്‍ എത്തിക്കുന്നതിനുള്ള ആംബുലന്‍സും ലഭിച്ചിരുന്നേനെ എന്നും കളക്ടര്‍ കൂട്ടിച്ചേര്‍ത്തു.

Other News in this category4malayalees Recommends