വിവാഹേതര ബന്ധത്തില്‍ പുരുഷന്മാര്‍ക്കൊപ്പം സ്ത്രീകളെക്കൂടി കുറ്റക്കാരാക്കാനുള്ള നിയമഭേദഗതിക്ക് കേന്ദ്ര സര്‍ക്കാര്‍

വിവാഹേതര ബന്ധത്തില്‍ പുരുഷന്മാര്‍ക്കൊപ്പം സ്ത്രീകളെക്കൂടി കുറ്റക്കാരാക്കാനുള്ള നിയമഭേദഗതിക്ക് കേന്ദ്ര സര്‍ക്കാര്‍
വിവാഹേതര ബന്ധത്തില്‍ പുരുഷന്മാര്‍ക്കൊപ്പം സ്ത്രീകളെക്കൂടി കുറ്റക്കാരാക്കാനുള്ള നിയമഭേദഗതിക്ക് കേന്ദ്ര സര്‍ക്കാര്‍. വിവാഹിതയുമായി അവിഹിതബന്ധം പുലര്‍ത്തിയാല്‍ പുരുഷനെ മാത്രം കുറ്റക്കാരാക്കുന്ന നിലവിലെ വകുപ്പ് റദ്ദാക്കില്ല. പരപുരുഷബന്ധത്തില്‍ ഏര്‍പ്പെടുന്ന വിവാഹിതയായ സ്ത്രീക്ക് പൂര്‍ണസംരക്ഷണം നല്‍കുന്നതാണ് നിലവിലെ വകുപ്പ്. പുരുഷന്മാരെ മാത്രമല്ല, 'മറ്റൊരാളുടെ ജീവിതപങ്കാളിയുമായി ലൈംഗികബന്ധത്തിലേര്‍പ്പെടുന്ന ഏതൊരാളെയും കുറ്റക്കാരാക്കണം എന്ന മളീമഠ് കമ്മിറ്റിയുടെ ശുപാര്‍ശയെ ആധാരമാക്കിയാണ് കേന്ദ്രം നീങ്ങുന്നത്.

പുരുഷനോടൊപ്പം കുറ്റംചെയ്യുന്നുണ്ടെങ്കിലും സ്ത്രീയെ മാത്രം സംരക്ഷിക്കുന്ന നിയമം ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി കോഴിക്കോട് സ്വദേശി ജോസഫ് ഷൈന്‍ സുപ്രീംകോടതിയില്‍ നല്‍കിയ ഹര്‍ജിയിലാണ് സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കിയത്. പരപുരുഷ ബന്ധത്തില്‍ ഏര്‍പ്പെടുന്ന വിവാഹിതയായ സ്ത്രീയെ ശിക്ഷിക്കാന്‍ നിലവില്‍ വ്യവസ്ഥയില്ല. സ്ത്രീയുടെ ഭര്‍ത്താവ് പരാതിപ്പെട്ടാല്‍ പുരുഷന് അഞ്ചുവര്‍ഷംവരെ ശിക്ഷ ലഭിക്കുകയും ചെയ്യും.

എണ്‍പതോളം രാജ്യങ്ങളില്‍ ഉഭയസമ്മതത്തോടെയുള്ള വിവാഹേതരബന്ധം കുറ്റകരമല്ല. പരിഷ്‌കൃത സമൂഹത്തിന് ചേരാത്തതാണ് 497ാം വകുപ്പെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി.ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 497ാം വകുപ്പും ക്രിമിനല്‍ നടപടിച്ചട്ടത്തിലെ 198(2) വകുപ്പും റദ്ദാക്കണമെന്ന ഹര്‍ജിയോട് യോജിക്കുന്ന നിലപാടാണ് സുപ്രീംകോടതി സ്വീകരിച്ചതെങ്കിലും വിഷയം ഭരണഘടനാ ബെഞ്ചിന്റെ പരിഗണനയിലാണ്.

Other News in this category4malayalees Recommends