യുകെയില്‍ ഇലക്ട്രിക് കാറുകള്‍ വ്യാപകമാക്കുന്നതിനെ സ്വാഗതം ചെയ്ത് യുവജനങ്ങളില്‍ 50 ശതമാനം പേര്‍; മുതിര്‍ന്നവരില്‍ വെറും 25 ശതമാനം പേര്‍ മാത്രം; ഇവയെ സംബന്ധിച്ച തെറ്റിദ്ധാരണകളില്‍ നിന്നും മുക്തരാവുന്നവരേറെ; വേണ്ടത്ര ചാര്‍ജിംഗ് പോയിന്റുകളില്ലെന്ന്

യുകെയില്‍ ഇലക്ട്രിക് കാറുകള്‍  വ്യാപകമാക്കുന്നതിനെ സ്വാഗതം ചെയ്ത് യുവജനങ്ങളില്‍ 50 ശതമാനം പേര്‍; മുതിര്‍ന്നവരില്‍ വെറും 25 ശതമാനം പേര്‍ മാത്രം;  ഇവയെ സംബന്ധിച്ച തെറ്റിദ്ധാരണകളില്‍ നിന്നും മുക്തരാവുന്നവരേറെ; വേണ്ടത്ര ചാര്‍ജിംഗ് പോയിന്റുകളില്ലെന്ന്
യുകെയില്‍ ഇലക്ട്രിക് കാറുകളുടെ ഉപയോഗം ത്വരിതപ്പെടുത്തുന്നതിനുള്ള വിവിധ നടപടികളുമായി ഗവണ്‍മെന്റ് മുന്നോട്ട് പോയിക്കൊണ്ടിരിക്കുകയാണല്ലോ. രാജ്യത്തെ പകുതിയോളം യുവജനങ്ങളും ഇവിടെ ഇലക്ട്രിക് കാറുകള്‍ വരുന്നതിന് ശക്തമായ പിന്തുണയുമായി രംഗത്തെത്തിയിരിക്കുന്നുവെന്നാണ് മോട്ടോറിംഗ് ഗ്രൂപ്പായ എഎ നടത്തിയ ഏറ്റവും പുതിയൊരു സര്‍വേഫലം വെളിപ്പെടുത്തുന്നത്. ഇവിടെ ഇപ്പോഴുള്ള യുവജനങ്ങളുടെ മാതാപിതാക്കളില്‍ വെറും 25 ശതമാനം പേര്‍ മാത്രമാണ് ഇലക്ട്രിക് കാറുകളെ പിന്തുണയ്ക്കുന്നതെന്നറിയുമ്പോഴാണ് പുതുതലമുറ ഇവയെ എത്രത്തോളം കൂടുതല്‍ ഉള്‍ക്കൊള്ളുന്നതെന്ന് തെളിയുന്നുവെന്നും സര്‍വേ ഫലം എടുത്ത് കാട്ടുന്നു.

ഇലക്ട്രിക് വാഹനങ്ങളെക്കുറിച്ചുള്ള നിരവധി തെറ്റിദ്ധാരണകളില്‍ നിന്നും മിക്ക ഡ്രൈവര്‍മാരും മുക്തി നേടിക്കൊണ്ടിരിക്കുന്ന സമയമാണിതെന്നും സര്‍വേയിലൂടെ വെളിപ്പെട്ടിട്ടുണ്ട്. വാഹനങ്ങളാലുണ്ടാകുന്ന വായുമലിനീകരണം, കാലാവസ്ഥാ മാറ്റം തുടങ്ങിയവക്കുള്ള ഉത്തമപ്രതിവിധിയാണ് ഇലക്ട്രിക് കാറുകള്‍ വ്യാപകമാക്കുകയെന്ന് നിരവധി ഡ്രൈവര്‍മാര്‍ക്ക് ഇപ്പോള്‍ അഭിപ്രായമുണ്ടെന്നും സര്‍വേയില്‍ തെളിഞ്ഞിരിക്കുന്നു.യുവജനങ്ങള്‍ പുതിയ ടെക്‌നോളജിയെ സ്വീകരിക്കാന്‍ വയോജനങ്ങളേക്കാള്‍ താല്‍പര്യം പ്രകടിപ്പിക്കുന്നുവെന്നും സര്‍വേഫലങ്ങള്‍ എടുത്ത് കാട്ടുന്നു.

10,293 ഡ്രൈവര്‍മാരെ ഉള്‍പ്പെടുത്തി എഎനടത്തിയ പോപ്പുലസ് പോളിലാണ് ഇത് സംബന്ധിച്ച കാര്യങ്ങള്‍ വെളിപ്പെട്ടിരിക്കുന്നത്. എന്നാല്‍ ഇലക്ട്രിക് വാഹനങ്ങള്‍ വ്യാപകമാക്കുന്നതില്‍ രാജ്യത്ത് പലവിധ തടസങ്ങള്‍ നിലനില്‍ക്കുന്നുവെന്നും പ്രതികരിച്ചവര്‍ എടുത്ത് കാട്ടുന്നു. അതായത് രാജ്യത്ത് ഇലക്ട്രിക് വാഹനങ്ങള്‍ ചാര്‍ജ് ചെയ്യുന്നതിന് വേണ്ടത്ര പബ്ലിക്ക് ചാര്‍ജിംഗ് പോയിന്റുകളില്ലെന്നാണ് സര്‍വേയില്‍ പങ്കെടുത്ത 85 ശതമാനം പേരും എടുത്ത് കാട്ടുന്നത്.

ഇലക്ട്രോണിക്‌സ് വാഹനങ്ങള്‍ വളരെ ചെലവേറിയതാണെന്നാണ് 75 ശതമാനം പേര്‍ ചിന്തിക്കുന്നത്. ഇത്തരം വാഹനങ്ങള്‍ ചാര്‍ജ് ചെയ്യാന്‍ വളരെ സമയം വേണ്ടി വരുമെന്നാണ് 67 ശതമാനം പേര്‍ കരുതുന്നത്. ഇവയില്‍ വേണ്ടത്ര മോഡലുകള്‍ തെരഞ്ഞെടുക്കാനുണ്ടാവില്ലെന്നാണ് 67 ശതമാനം പേര്‍ ചിന്തിക്കുന്നത്. നിലവില്‍ രാജ്യത്ത് 16,000 ചാര്‍ജിംഗ് പോയിന്റുകളാണ് 58,000 ലോക്കേഷനുകളിലുള്ളത്. ഇതിന് പുറമെ മാസം തോറും 340 പോയിന്റുകള്‍ കൂട്ടിച്ചേര്‍ക്കപ്പെടുന്നുമുണ്ട്. മിക്ക ഡ്രൈവര്‍മാരും തങ്ങളുടെ കാറുകള്‍ വീടുകളില്‍ നിന്നാണ് ചാര്‍ജ് ചെയ്യുന്നത്.
Other News in this category4malayalees Recommends