തരൂരിന്റെ ഹിന്ദു പാകിസ്താന്‍ പ്രസ്ഥാവന ; നേതാക്കള്‍ വാക്കുകള്‍ സൂക്ഷിച്ച് ഉപയോഗിക്കണമെന്ന് കോണ്‍ഗ്രസ് ; തരൂരിന് ചികിത്സ വേണമെന്ന് സുബ്രഹ്മണ്യന്‍ സ്വാമി

തരൂരിന്റെ ഹിന്ദു പാകിസ്താന്‍ പ്രസ്ഥാവന ; നേതാക്കള്‍ വാക്കുകള്‍ സൂക്ഷിച്ച് ഉപയോഗിക്കണമെന്ന് കോണ്‍ഗ്രസ് ; തരൂരിന് ചികിത്സ വേണമെന്ന് സുബ്രഹ്മണ്യന്‍ സ്വാമി
കോണ്‍ഗ്രസ് നേതാവ് ശശി തരൂരിന്റെ 'ഹിന്ദു പാകിസ്താന്‍' വിവാദ പ്രസ്താവനയ്ക്ക് പിന്നാലെ എല്ലാ നേതാക്കളും വാക്കുകള്‍ സൂക്ഷിച്ച് ഉപയോഗിക്കണമെന്ന മുന്നറിയിപ്പുമായി കോണ്‍ഗ്രസ് രംഗത്ത്.

കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിങ് സുര്‍ജേവാലയാണ് വിഷയത്തില്‍ മുന്നറിയിപ്പെന്നോളം ട്വീറ്റ് ചെയ്തത്. കഴിഞ്ഞ നാല് വര്‍ഷമായി രാജ്യത്ത് അസഹിഷ്ണുതയുടേയും വെറുപ്പിന്റേയും അന്തരീക്ഷമുണ്ടാക്കിയത് ബി.ജെ.പിയാണ്. എന്നാല്‍ ഇന്ത്യയുടെ സംസ്‌കാരിക മൂല്യങ്ങളായ ബഹുസ്വരതയും, വൈവിധ്യവും, മതങ്ങളും വംശങ്ങളും തമ്മിലുള്ള ഐക്യവുമാണ് കോണ്‍ഗ്രസ് ഉയര്‍ത്തിപ്പിടിക്കുന്നത്. നമ്മളില്‍ നിക്ഷിപ്തമായ ചരിത്രപരമായ ഉത്തരവാദിത്തം ബി.ജെ.പിയെ വിമര്‍ശിക്കുമ്പോളും എല്ലാ കോണ്‍ഗ്രസ് നേതാക്കളും മനസിലാക്കണം സുര്‍ജേവാല വ്യക്തമാക്കി.

തിരുവനന്തപുരത്ത് ഒരു ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കവേയാണ് തരൂര്‍ 'ഹിന്ദു പാകിസ്താന്‍' വിവാദ പ്രസ്താവന നടത്തിയത്. ബിജെപി വീണ്ടും അധികാരത്തിലേറിയാല്‍ പുതിയ ഭരണഘടന എഴുതിയുണ്ടാക്കുമെന്നും, ഇന്ത്യയെ പാക്കിസ്ഥാനെപ്പോലെയാക്കുമെന്നും, ന്യൂനപക്ഷങ്ങളുടെ അവകാശങ്ങളെ ഹനിക്കുന്ന അവസ്ഥ വരുമെന്നും തരൂര്‍ പറഞ്ഞത്.

തരൂരിന്റെ പ്രസ്താവനയ്‌ക്കെതിരെ ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമിയും രംഗത്തെത്തി ശശി തരൂരിന് വൈദ്യസഹായം ആവശ്യമുണ്ടെന്നാണ് സുബ്രഹ്മണ്യന്‍ സ്വാമി പറഞ്ഞത്. പ്രധാനമന്ത്രി നരേന്ദ്രമോദി ഇടപെട്ട് തരൂരിനാവശ്യമായ വൈദ്യസഹായമെത്തിക്കണമെന്നായിരുന്നു സ്വാമിയുടെ പ്രസ്താവന. സ്വാമിയെ കൂടാതെ കേന്ദ്രമന്ത്രി രാജ്യവര്‍ധന്‍ സിംഗ് റാത്തോഡും തരൂരിന്റെ പ്രസ്താവനയ്‌ക്കെതിരെ രംഗത്തു വന്നു. തരൂരിന് അധികാരം നഷ്ടപ്പെട്ടപ്പോള്‍ ഉണ്ടായ മതിഭ്രമമാണെന്ന് റാത്തോഡ് പറഞ്ഞു. രാജ്യത്തിന്റെ ജനാധിപത്യത്തെയും ഹിന്ദുക്കളെയും അധിക്ഷേപിക്കുന്ന തരത്തിലുള്ള പ്രസ്താവനയാണ് ഹിന്ദു പാകിസ്ഥാന്‍ എന്ന വാക്ക് കൊണ്ട് കോണ്‍ഗ്രസ് ഉദ്ദേശിച്ചതെന്ന് ബി.ജെ.പി വക്താവ് സംബിത് പത്ര പറഞ്ഞു.

Other News in this category4malayalees Recommends