ആറു മക്കളുടെ അമ്മ വീടിന് പുറത്ത് ഉറുമ്പരിച്ച നിലയില്‍ ; മക്കള്‍ പുറത്തുപോകുമ്പോള്‍ അമ്മയെ പുറത്താക്കി വാതില്‍പൂട്ടി ; ജ്വാല പ്രവര്‍ത്തകര്‍ നല്‍കിയ കേസില്‍ മക്കള്‍ ഇന്ന് സ്റ്റേഷനിലെത്തണം !

ആറു മക്കളുടെ അമ്മ വീടിന് പുറത്ത് ഉറുമ്പരിച്ച നിലയില്‍ ; മക്കള്‍ പുറത്തുപോകുമ്പോള്‍ അമ്മയെ പുറത്താക്കി വാതില്‍പൂട്ടി ; ജ്വാല പ്രവര്‍ത്തകര്‍ നല്‍കിയ കേസില്‍ മക്കള്‍ ഇന്ന് സ്റ്റേഷനിലെത്തണം !
ഒരു അമ്മ നൊന്തുപ്രസവിച്ച ആറു മക്കളും തിരിഞ്ഞുനോക്കാതെ പ്രായാധിക്യത്താല്‍ വലയുന്നു. അതീവ ദയനീയമായ കാഴ്ചയാണ് മാവേലിക്കരയില്‍ നിന്ന് കണ്ടത്. നാട്ടുകാര്‍ വിവരമറിയിച്ചതനുസരിച്ച് തിരുവനന്തപുരം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ജ്വാലയുടെ പ്രവര്‍ത്തകര്‍ ഇവരെ ഏറ്റെടുക്കുകയായിരുന്നു.

കല്ലുമല മാര്‍ക്കറ്റിനു സമീപം ചരിവുമേലതില്‍ ഭവാനിയമ്മ(86)യാണ് മക്കളുടെ അവഗണന മൂലം ഉറുമ്പരിച്ച് കിടന്നത്. മൂന്നു ആണും മൂന്നു പെണ്ണും ഉള്‍പ്പെടെ ആറു മക്കളുള്ള ഇവര്‍ കല്ലുമലയിലെ വീട്ടില്‍ ഇളയ മകനും മരുമകള്‍ക്കുമൊപ്പമായിരുന്നു താമസം.മകനും മരുമകളും പുറത്തു പോകുമ്പോള്‍ ഇവരെ വീടിനുള്ളില്‍ കയറ്റാതെ വീട്ടുപടിയില്‍ കിടത്തുകയാണ് ചെയ്യുന്നത്. ജ്വാലയുടെ പ്രവര്‍ത്തകരും പോലീസും എത്തുമ്പോള്‍ മൂഖത്തും ശരീരത്തിലും മലം പുരണ്ട നിലയില്‍ ഉറുമ്പരിച്ച് കിടക്കുകയായിരുന്നു ഇവര്‍.

ജ്വാലയുടെ പ്രവര്‍ത്തകരായ അശ്വതി, ജയകുമാര്‍, മാവേലിക്കര പോലീസ് സ്‌റ്റേഷനിലെ വനിതാ കോണ്‍സ്റ്റബിള്‍ ശ്രീകല, എ.എസ്.ഐമാരായ അനിരുദ്ധന്‍, സിറാജ് എന്നിവര്‍ ചേര്‍ന്ന് ഇവരെ കുളിപ്പിച്ച് വസ്ത്രം ധരിപ്പിച്ച ശേഷം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

ഭവാനിയമ്മയുടെ മക്കള്‍ക്കെതിരേ വയോജന സംരക്ഷണ നിയമപ്രകാരം കേസെടുക്കണമെന്നാവശ്യപ്പെട്ട് ജ്വാലയുടെ പ്രവര്‍ത്തകര്‍ മാവേലിക്കര പോലീസില്‍ പരാതി നല്‍കി. മക്കളോട് ഇന്നു ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട് .

നിരവധി കേസുകളാണ് ഇത്തരത്തില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. മക്കള്‍ സംരക്ഷിക്കാതെ പോകുന്ന അമ്മമാരുടെ വാര്‍ത്തകള്‍ പെരുകുന്നു. വൃദ്ധരാകും വരെ മക്കള്‍ക്ക് വേണ്ടി ജീവിച്ച ഇവരെ സംരക്ഷിക്കാന്‍ മക്കള്‍ തയ്യാറാകാത്ത ദയനീയ കാഴ്ചയാണ് കാണുന്നത് .

Other News in this category4malayalees Recommends