മക്കള്‍ ഇന്ന് അമ്മയ്ക്കരികെ ..' ഇംഗ്ലണ്ടിന്റെ നസ്രത്തിന്' ഇന്ന് മലയാണ്മയുടെ ആദരം

മക്കള്‍ ഇന്ന് അമ്മയ്ക്കരികെ ..' ഇംഗ്ലണ്ടിന്റെ നസ്രത്തിന്' ഇന്ന് മലയാണ്മയുടെ ആദരം
വാര്‍സിങ്ഹാം ; ചുണ്ടുകളില്‍ പ്രാര്‍ത്ഥനയും ഹൃദയത്തില്‍ നിറയെ സ്‌നേഹവുമായി മലയാളി മക്കള്‍ അമ്മയെ കാണാനെത്തുന്നു. ഭക്തിയും പ്രാര്‍ത്ഥനയും കൂട്ടായ്മയുമൊന്നിക്കുന്ന പ്രസിദ്ധമായ വാല്‍സിങ്ഹാം തീര്‍ത്ഥാടനം ഇന്ന്. ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയുടെ വിവിധ റീജിയണുകളില്‍ നിന്നായി പതിനായിരത്തില്‍പരം മക്കള്‍ അവരുടെ ആത്മീയ അമ്മയെ കാണാന്‍ വാല്‍സിംഗ്ഹാമിലെത്തും.

രാവിലെ 9 മണി മുതല്‍ തുടങ്ങുന്ന തിരു കര്‍മ്മങ്ങള്‍ക്ക് രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍, ഈസ്റ്റ് ആംഗ്ലിയ ബിഷപ് അലക്‌സ് ഹോപ്‌സ്, ഈ വര്‍ഷത്തെ പരിപാടികളുടെ കോഓര്‍ഡിനേറ്റര്‍ റവ ഫാ ഫിലിപ്പ് പന്തമാക്കല്‍, ഹോളി ഫാമിലി (കിംഗ്സ്ലിന്‍) കമ്യൂണിറ്റി, വൈദീകര്‍, വോളണ്ടിയേഴ്‌സ് തുടങ്ങിയവര്‍ നേതൃത്വം നല്‍കും. തീര്‍ത്ഥാടകരെ സ്വീകരിക്കാന്‍ ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായി.

വാല്‍സിങ്ഹാം തീര്‍ത്ഥാടനത്തിനായി വിശ്വാസികള്‍ ഒന്നിച്ചുകൂടുന്നതിനാല്‍ സീറോ മലബാര്‍ വിശുദ്ധ കുര്‍ബാന കേന്ദ്രങ്ങളില്‍ പതിവുള്ള വി കുര്‍ബ്ബാന ഇന്ന് ഉണ്ടായിരിക്കുന്നതല്ലെന്ന് രൂപതാദ്ധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ നേരത്തെ അറിയിച്ചിരുന്നു. മാതൃഭക്തി ചെറുപ്പം മുതലേ അഭ്യസിക്കുകയും നോവേന, വണക്കമാസം, ജപമാല മാസം തുടങ്ങിയ ഭക്തക്യത്യങ്ങളിലൂടെ മാതൃസ്‌നേഹം ആഴത്തില്‍ അനുഭവിച്ചറിയുകയും ചെയ്തിട്ടുള്ള കേരളത്തില്‍ നിന്ന് യുകെയിലേക്ക് കുടിയേറിയ ക്രൈസ്തവര്‍ക്ക് ഗൃഹാതുരത്വത്തിന്റെ നിറമാര്‍ന്ന ഓര്‍മ്മകളും അനുഭവവും കൂടിയാണ് ഈ തീര്‍ത്ഥാടനം സമ്മാനിക്കുന്നത്. യുകെയില്‍ നടക്കുന്ന മലയാളി കൂട്ടായ്മകളില്‍ ഏറ്റവും വലിയവയുടെ കൂട്ടത്തിലും ഈ തീര്‍ത്ഥാടനം ശ്രദ്ധിക്കപ്പെടാറുണ്ട് .

Other News in this category4malayalees Recommends