എയര്‍ഹോസ്റ്റസിന്റെ ആത്മഹത്യ ; സ്ത്രീധന പീഡനമെന്ന് ബന്ധുക്കള്‍

എയര്‍ഹോസ്റ്റസിന്റെ ആത്മഹത്യ ; സ്ത്രീധന പീഡനമെന്ന് ബന്ധുക്കള്‍
ന്യൂഡല്‍ഹി ; വീടിന് മുകളില്‍ നിന്ന് ചാടി എയര്‍ഹോസ്റ്റസ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആരോപണവുമായി ബന്ധുക്കള്‍. ഡല്‍ഹിയിലെ പഞ്ച്ശീല്‍ പാര്‍ക്കില്‍ വെള്ളിയാഴ്ചയായിരുന്നു അനീസിയ ബത്ര എന്ന 39 കാരിയുടെ ആത്മഹത്യ. യുവതിയുടെ മരണത്തിന് പിന്നില്‍ ഭര്‍ത്താവിന്റെയും വീട്ടുകാരുടേയും സ്ത്രീധന പീഡനമാണെന്ന് യുവതിയുടെ ബന്ധുക്കള്‍ ആരോപിച്ചു.

ആര്‍മി റിട്ടയേര്‍ഡ് മേജര്‍ ജനറലിന്റെ മകളും ജര്‍മ്മന്‍ എയര്‍ലൈന്‍സായ ലുഫ്താന്‍സയിലെ എയര്‍ഹോസ്റ്റസുമായിരുന്നു അനീസിയ. സോഫ്‌റ്റ്വെയര്‍ എഞ്ചിനീയറായ മായങ്ക് സിംഗ്വിയാണ് ഇവരുടെ ഭര്‍ത്താവ്. പലപ്പോഴും തന്റെ സഹോദരിയെ ഭര്‍ത്താവ് മര്‍ദ്ദിക്കാറുണ്ടായിരുന്നുവെന്ന് അനീസിയയുടെ സഹോദരന്‍ പോലീസിന് മൊഴി നല്‍കി.

ഇതിന്റെ അടിസ്ഥാനത്തില്‍ സിംഗ്വിയ്‌ക്കെതിരെ സ്ത്രീധന നിരോധന നിയമം, ഗാര്‍ഹിക പീഡനം എന്നീ വകുപ്പുകള്‍ പ്രകാരം കേസെടുത്തതായി ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ അറിയിച്ചു. വിശദമായ അന്വേഷണത്തിന് ശേഷമേ സിംഗ്വിയെ അറസ്റ്റ് ചെയ്യൂവെന്നും അദ്ദേഹം പറഞ്ഞു.

Other News in this category4malayalees Recommends