കന്യാസ്ത്രീയെ പീഡിപ്പിച്ച കേസ് ; അശ്ലീല സംഭാഷണം നടത്തിയെന്ന ആരോപണത്തില്‍ ജലന്ധര്‍ ബിഷപ്പിന്റെ ഫോണ്‍ രേഖകള്‍ ഹാജാരാക്കണമെന്ന് കോടതി

കന്യാസ്ത്രീയെ പീഡിപ്പിച്ച കേസ് ; അശ്ലീല സംഭാഷണം നടത്തിയെന്ന ആരോപണത്തില്‍ ജലന്ധര്‍ ബിഷപ്പിന്റെ ഫോണ്‍ രേഖകള്‍ ഹാജാരാക്കണമെന്ന് കോടതി
തന്നെ ലൈംഗീകമായി പീഡിപ്പിച്ചതായി ആരോപിച്ച് ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ കന്യാസ്ത്രീ നല്‍കിയ പരാതിയില്‍ ബിഷപ്പിന്റെ മൊബൈല്‍ രേഖകള്‍ ഹാജരാക്കണമെന്ന് കോടതി. പാലാ മജിസ്‌ട്രേറ്റ് കോടതിയാണ് ഉത്തരവിട്ടത്. 18 ന് മുമ്പേ ബിഷപ്പിന്റെ മൊബൈല്‍ ഫോണ്‍ രേഖകള്‍ ഹാജരാക്കാന്‍ എയര്‍ടെല്‍, ബിഎസ്എന്‍എല്‍ കമ്പനികള്‍ക്കാണ് കോടതി നിര്‍ദേശം നല്‍കിയിരിക്കുന്നത്.

നേരത്തെ അന്വേഷണ സംഘം ബിഷപ്പിന്റെ 2014 മുതല്‍ 2016 വരെയുള്ള മൊബൈല്‍ രേഖകള്‍ ആവശ്യപ്പെട്ട് ഇരുകമ്പനികളെയും സമീപിച്ചിരുന്നു. പക്ഷേനല്‍കാന്‍ സാധിക്കുകയില്ലെന്ന നിലപാടാണ് സ്വീകരിച്ചിരുന്നത്. 2016ന് ശേഷമുള്ള മൊബൈല്‍ രേഖകള്‍ ഹാജരാക്കാമെന്നും കമ്പനികള്‍ അറിയിച്ചിരുന്നു. ഇതേതുടര്‍ന്നാണ് അന്വേഷണ സംഘം കോടതിയെ സമീപിച്ചത്.

കന്യാസ്ത്രീയ നല്‍കിയ പരാതിയില്‍ 2014 മുതല്‍ 2016 വരെയുള്ള സമയത്ത് തന്നെ ബിഷപ്പ് മൊബൈല്‍ ഫോണില്‍ വിളിച്ച് അശ്ലീലം പറഞ്ഞുവെന്ന് പരാതിയില്‍ പറയുന്നു. ഇതു പരിശോധിക്കുന്നതിനാണ് മൊബൈല്‍ രേഖകളാവശ്യപ്പെട്ടത്.

നേരത്തെ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ ഒരു വിഭാഗം വൈദികര്‍ രംഗത്ത് വന്നിരുന്നു. അന്വേഷണം അവസാനിക്കും വരെ ബിഷപ് പദവിയില്‍ നിന്ന് മാറിനില്‍ക്കണമെന്നാണ് വൈദികരുടെ ആവശ്യം. ബിഷപ് പങ്കെടുത്ത ഒരു യോഗത്തിലാണ് വൈദികര്‍ ഈ ആവശ്യം ഉന്നയിച്ചത്. ബിഷപ്പിനെ മാറ്റി നിര്‍ത്തണമെന്ന് ആവശ്യപ്പെട്ട് ഒരു വിഭാഗം വൈദികര്‍ ഡല്‍ഹി ആര്‍ച്ച് ബിഷപ്പിന് കത്തു നല്‍കി. എന്നാല്‍ രാജിവയ്ക്കില്ലെന്ന് ഫ്രാങ്കോ മുളയ്ക്കല്‍ പ്രതികരിച്ചു.

Other News in this category4malayalees Recommends