ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങള്‍ അഭംഗുരം തുടരണം: അയ്യപ്പ സേവാസംഘം, ന്യൂയോര്‍ക്ക്

ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങള്‍ അഭംഗുരം തുടരണം: അയ്യപ്പ സേവാസംഘം, ന്യൂയോര്‍ക്ക്
ന്യൂയോര്‍ക്ക്: ഓരോ ദേവാലയത്തിനും അതിന്റേതായ ആചാരാനുഷ്ഠാനങ്ങളും വിശ്വാസങ്ങളും ഉണ്ട്. ഒരു യഥാര്‍ത്ഥ വിശ്വാസി അവ പൂര്‍ണ്ണമായും പിന്തുടരും. നൈഷ്ടിക ബ്രഹ്മചാരിയായി വസിക്കുന്ന അയ്യപ്പ ചൈതന്യത്തിന് കോട്ടം വരുത്തുന്ന ഒരു പ്രവര്‍ത്തിയും ഒരു ഭക്തന്റെയും, ഭക്തയുടെയും ഭാഗത്തുനിന്നും ഉണ്ടാവുകയില്ല, ആ ആചാരങ്ങള്‍ ലംഘിക്കുന്നത് കണ്ടുനില്‍ക്കുകയുമില്ല.

ശബരിമല എന്ന പുണ്യഭൂമിയെ തകര്‍ക്കാന്‍ ഇതിനു മുമ്പും പല ഗൂഢ ശ്രമങ്ങളും നടന്നിട്ടുണ്ട്. ഓരോ തവണയും ഈ പുണ്യഭൂമിയുടെ പവിത്രത തകര്‍ക്കാന്‍ ശ്രമിച്ചു പരാജയപ്പെട്ടവര്‍ പുതിയ വിവാദവുമായി എത്തിയിരിക്കുന്നതാണ് അവിടുത്തെ സ്ത്രീ പ്രവേശനം എന്ന കുതന്ത്രം. ശബരിമലയിലെ ആചാരങ്ങള്‍ക്കനുസരിച്ച് നിശ്ചിത പ്രായത്തിലുള്ള സ്ത്രീകള്‍ക്ക് അവിടെ പ്രവേശിക്കാന്‍ ഒരു വിലക്കുമില്ല. അതൊക്കെ മറച്ചുവെച്ച് അവിടെ സ്ത്രീകള്‍ക്ക് പൂര്‍ണ്ണ നിരോധനം, ലിംഗ വിവേചനം എന്നൊക്കെ ആരോപിച്ച് കോടതിയെ സമീപിച്ചിരിക്കുന്നവര്‍ യഥാര്‍ത്ഥ ഭക്തരല്ല. അവര്‍ക്ക് ഭാരതത്തിലുള്ള എല്ലാ ആരാധനാലയങ്ങളിലും സ്ത്രീജനങ്ങള്‍ക്ക് പ്രവേശനം വേണമെന്നുള്ള തുല്യനീതിക്കു വേണ്ടി താല്പര്യവുമില്ലെന്നു മാത്രമല്ല അതിനായി ശ്രമിക്കുന്നതുമില്ല എന്നു കേള്‍ക്കുമ്പോള്‍ തന്നെ ശബരിമല വിവാദത്തിനു പിറകിലെ ഗൂഢലക്ഷ്യം മനസ്സിലാക്കാവുന്നതേ ഉള്ളൂ.

കോടിക്കണക്കിന് ഭക്തര്‍ കൂട്ടമായി എത്തുന്ന കാനന ക്ഷേത്രത്തിന് ഇപ്പോള്‍ തന്നെ എല്ലാവരെയും ഉള്‍ക്കൊള്ളാനുള്ള സൗകര്യം പോലുമില്ലാത്ത അവസ്ഥയില്‍ സ്ത്രീ പ്രവേശനം സൃഷ്ടിക്കുന്ന ബുദ്ധിമുട്ടുകള്‍ ഊഹിക്കാവുന്നതിലും അപ്പുറമാണ്. ക്ഷേത്രത്തില്‍ എത്തുന്നവര്‍ മുഴുവന്‍ നിഷ്‌കളങ്ക ഭക്തര്‍ അല്ല. കള്ളനും, കൊള്ളക്കാരനും പിടിച്ചുപറിക്കാരനും സ്ത്രീലമ്പടന്മാര്‍ വരെ തിരക്കിന്റെ ആനുകൂല്യം മുതലാക്കിയോ, അല്ലെങ്കില്‍ കൃത്രിമ തിക്കും തിരക്കും സൃഷ്ടിച്ചുകൊണ്ട് കൂടെത്തന്നെ ഉണ്ടായെന്നു വരാം. നല്ല കുടുംബത്തില്‍ പിറന്ന ഒരു സ്ത്രീയും ആചാരം ലംഘിച്ച് ഇവിടെ ദര്‍ശനം നടത്തണം എന്ന് ആഗ്രഹിക്കില്ല. ഗൂഢലക്ഷ്യങ്ങള്‍ ഉള്ള ഫെമിനിസം, സ്വാതന്ത്ര്യം, സമത്വം എന്നൊക്കെ പറഞ്ഞു മുറവിളി കൂട്ടുന്നവര്‍ മറ്റേതെങ്കിലും ധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ പോയി ദര്‍ശനം നടത്തുന്നവരാണോ? ഭക്തിയല്ല ഇവരുടെ ലക്ഷ്യം. മറിച്ച് ശബരിമലയുടെ പരിപാവനതയെ തകര്‍ക്കുകയെന്നുള്ളതും ഹൈന്ദവത എന്ന സനാതന ധര്‍മ്മത്തെ അവഹേളിക്കലും മാത്രമാണ്.

കോടിക്കണക്കിനുള്ള അയ്യപ്പഭക്തരുടെ വിശ്വാസങ്ങള്‍ക്ക് യാതൊരു വിലയും കല്‍പ്പിക്കാതെ അവരുടെ വിശ്വാസങ്ങളെ വ്രണപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ എത്തിയവര്‍ക്ക് ഒത്താശ ചെയ്യുന്ന വിധം കേരള സര്‍ക്കാര്‍ അവര്‍ക്കനുകൂലമായി സുപ്രീം കോടതിയില്‍ സത്യവാങ്മൂലവും നല്‍കിയിരിക്കുന്നു എന്നുള്ളത് വളരെ വിചിത്രമാണ്.

ശബരിമലയെ മറ്റു ക്ഷേത്രങ്ങളില്‍ നിന്നും വ്യത്യസ്തമാക്കുന്നത് അവിടുത്തെ ആചാരങ്ങളും അനുഷ്ഠാനങ്ങളും തന്നെയാണ്. അതാണ് അവിടുത്തെ മഹത്വവും. ഭഗവാനും ഭക്തനും ഒന്നാകുന്ന ദേവസ്ഥാനം. പതിനെട്ടാം പടി കയറിയെത്തുന്ന ഭക്തന്‍ ആദ്യം ദര്‍ശിക്കുന്നതും അതുതന്നെയാണ് 'തത്ത്വമസി.' വ്രതം നോറ്റ് ഇരുമുടിക്കെട്ടുമായി പതിനെട്ടാംപടി ചവിട്ടുന്ന ഭക്തര്‍ക്ക് അവിടെ ജാതി, മത, വര്‍ണ്ണ, വര്‍ഗ്ഗ ചിന്തകളില്ല. മതസൗഹാര്‍ദ്ദത്തിന്റെ മകുടോദാഹരണമാണീ സന്നിധാനം.

കലിയുഗവരദനായ സാക്ഷാല്‍ ശ്രീഅയ്യപ്പസ്വാമി കുടികൊള്ളുന്ന ശബരിമലയുടെ പവിത്രതയെ കളങ്കപ്പെടുത്തുന്ന കുത്സിത തന്ത്രങ്ങളെ ചെറുത്തു തോല്‍പ്പിക്കുക തന്നെ വേണം. നമ്മുടെ ആചാരങ്ങളും അനുഷ്ഠാനങ്ങളും വിശ്വാസങ്ങളും സംരക്ഷിക്കുകയെന്നത് ധര്‍മ്മത്തിലൂടെ പ്രവര്‍ത്തിക്കുന്ന ഓരോ അയ്യപ്പ ഭക്തന്റെയും കടമയാണ്, കര്‍ത്തവ്യമാണ്. അതിനായി നമുക്ക് ഒന്നിച്ച് അണി ചേരാം.


ഗോപിനാഥ് കുറുപ്പ് (പ്രസിഡന്റ്)

സജി കരുണാകരന്‍ (സെക്രട്ടറി)

ന്യൂയോര്‍ക്ക് അയ്യപ്പ സേവാസംഘം

Other News in this category4malayalees Recommends