അമേരിക്ക ഇറാന്‍ ബന്ധം കൂടുതല്‍ വഷളായി ; യുഎസ് ഉപരോധങ്ങള്‍ ഇന്ന് മുതല്‍ ; ട്രംപുമായി ചര്‍ച്ചയ്ക്കില്ലെന്ന് ഹസന്‍ റുഹാനി

അമേരിക്ക ഇറാന്‍ ബന്ധം കൂടുതല്‍ വഷളായി ; യുഎസ് ഉപരോധങ്ങള്‍ ഇന്ന് മുതല്‍ ; ട്രംപുമായി ചര്‍ച്ചയ്ക്കില്ലെന്ന് ഹസന്‍ റുഹാനി
ആണവ നിരായുധീകരണം, തീവ്രവാദ പിന്തുണ തുടങ്ങിയവയില്‍ ഉടക്കി അമേരിക്ക ഇറാന്‍ ബന്ധം കൂടുതല്‍ വഷളായി. ഇറാന് മേലുള്ള യു.എസ് ഉപരോധങ്ങള്‍ ഇന്ന് മുതല്‍ ആരംഭിക്കും. ഇറാന് മേല്‍ ഉപരോധം ഏര്‍പ്പെടുത്താനുള്ള എക്‌സിക്യൂട്ടീവ് ഓര്‍ഡര്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് തിങ്കളാഴ്ച ഒപ്പിട്ടു. ആണവ നിരായുധീകരണം നടപ്പാക്കുക, മധ്യപൂര്‍വേഷ്യ ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ നല്‍കി വരുന്ന തീവ്രവാദ പിന്തുണ അവസാനിപ്പിക്കുക, യുറേനിയം സമ്പുഷ്ടീകരണം അവസാനിപ്പിക്കുക തുടങ്ങി ഒരു ഡസനോളം ആവശ്യങ്ങളാണ് അമേരിക്ക മുന്നോട്ട് വെച്ചിരിക്കുന്നത്.

ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനിയെ ചര്‍ച്ചയ്ക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ ആദ്യഘട്ട ഉപരോധമാണ് അമേരിക്ക നടപ്പാക്കിയിരിക്കുന്നത്. ഈ വര്‍ഷം അവസാനത്തോടെ ഉപരോധങ്ങള്‍ കൂടുതല്‍ ശക്തമായി നടപ്പാക്കുമെന്ന മുന്നറിയിപ്പും യു.എസ് നല്‍കുന്നുണ്ട്. എന്നാല്‍, രാജ്യത്തിന് മേല്‍ ഉപരോധം നിലവില്‍ വന്ന സാഹചര്യത്തില്‍ ഇനിയൊരു ചര്‍ച്ചയ്ക്ക് പ്രസക്തിയില്ലെന്ന് ഹസന്‍ റുഹാനി പറഞ്ഞു. പിന്നില്‍ നിന്ന് കുത്തിയ ശേഷം ആ കത്തി ശരീരത്തില്‍ ഉപേക്ഷിച്ചിട്ട് പോയ വിശ്വാസ്യതയില്ലാത്ത ട്രംപ് ഭരണകൂടവുമായി ചര്‍ച്ചയ്ക്ക് യാതൊരു പ്രസക്തിയില്ലെന്നും റുഹാനി പ്രഖ്യാപിച്ചു. ഇറാനെതിരെ ഉപരോധം ഏര്‍പ്പെടുത്തിയ അമേരിക്ക ഇതോര്‍ത്ത് പിന്നീട് ദു:ഖിക്കേണ്ടി വരുമെന്നും റുഹാനി മുന്നറിയിപ്പ് നല്‍കി.

അതേസമയം, യുഎസിന്റെ ഉപരോധത്തോടെ യോജിപ്പില്ലെന്നും ടെഹ്‌റാനുള്ള സാമ്പത്തിക ചാനലുകള്‍ കൂടുതല്‍ കാര്യക്ഷമം ആക്കുമെന്നും ഇറാന്‍ കരാറില്‍ പങ്കാളികളായ റഷ്യ, ചൈന, ബ്രിട്ടന്‍, ഫ്രാന്‍സ്, ജര്‍മ്മനി, ഇയു (യൂറോപ്യന്‍ യൂണിയന്‍) എന്നിവര്‍ അറിയിച്ചു.

അമേരിക്കന്‍ ആവശ്യങ്ങള്‍ അനുഭാവപൂര്‍വം പരിഗണിക്കാത്തതിനാല്‍ ഇറാനുമായി ഉണ്ടാക്കിയ ആണവ കരാറില്‍നിന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പിന്നോട്ട് പോയിരുന്നു.

Other News in this category4malayalees Recommends