മഴ ദുരിതം ; കേരളത്തിന് സഹായ ഹസ്തവുമായി അയല്‍ സംസ്ഥാനങ്ങള്‍ ; കര്‍ണാടക പത്തു കോടിയും തമിഴ്‌നാട് അഞ്ചു കോടിയും സഹായം നല്‍കും

മഴ ദുരിതം ; കേരളത്തിന് സഹായ ഹസ്തവുമായി അയല്‍ സംസ്ഥാനങ്ങള്‍ ; കര്‍ണാടക പത്തു കോടിയും തമിഴ്‌നാട് അഞ്ചു കോടിയും സഹായം നല്‍കും
കേരളത്തില്‍ കനത്ത മഴ തുടരുന്നതിനിടെ സഹായഹസ്തവുമായി തമിഴ്‌നാടും കര്‍ണാടകവും. മഴക്കെടുതിയെ നേരിടാന്‍ കേരളത്തിന് 5 കോടി രൂപ നല്‍കുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി അറിയിച്ചു. കേരളത്തിന് ദുരിതാശ്വാസവുമായി പത്തു കോടി രൂപ കര്‍ണാടക സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ടെന്നും കുമാരസ്വാമിയും അറിയിച്ചു. കേരളം ഗുരുതരമായ കാലവര്‍ഷക്കെടുതി നേരിടുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫോണില്‍ വിളിച്ച് വിവരങ്ങള്‍ ആരായുകയും ആവശ്യമായ സഹായം ഉറപ്പു നല്‍കുകയും ചെയ്തുവെന്ന് മുഖ്യമന്ത്രി പിണറായി അറിയിച്ചു.

സംസ്ഥാനത്തെ സ്ഥിതിഗതികള്‍ പ്രധാനമന്ത്രിയെ ധരിപ്പിച്ചു. രക്ഷാപ്രവര്‍ത്തനത്തിന് പെട്ടെന്ന് സൈനിക വിഭാഗങ്ങളെ അയച്ചതിന് നന്ദി അറിയിച്ചുവെന്ന് പിണറായി പറഞ്ഞു. ബാണാസുര സാഗറില്‍ നിന്നുള്ള വെള്ളം ഒഴുകിപ്പോകുന്നതിന് കബനി നദിയില്‍ കര്‍ണാടക ഭാഗത്തുള്ള ഷട്ടറുകള്‍ കേരളത്തിന്റെ ആവശ്യപ്രകാരം തുറന്നതായും എച്ച്.ഡി കുമാരസ്വാമി അറിയിച്ചു.

ശക്തമായ മഴ തുടരുന്ന സംസ്ഥാനത്ത് പലയിടത്തും ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും ഉണ്ടായി. 23 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. ഇതാദ്യമായിട്ടാണ് സംസ്ഥാനത്ത് 24 ഡാമുകള്‍ തുറക്കേണ്ടി വന്നത്. നിലവില്‍ സംസ്ഥാനത്ത് നിലനില്‍ക്കുന്നത് അസാധാരണ സാഹചര്യമെന്നും അതു കൊണ്ട് പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. തിരുവനന്തപുരത്ത് നടന്ന ഉന്നതതല യോഗത്തിന് ശേഷം നടന്ന വാര്‍ത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്.

Other News in this category4malayalees Recommends