മാഞ്ചസ്റ്ററിലെ മലയാളി യുവാക്കള്‍ ഓസ്ട്രിയയിലെ ഡാന്യൂബ് നദിയില്‍ മുങ്ങി മരിച്ചു; ജോയലും ജെയിംസും മരണക്കയത്തിലേക്ക് മുങ്ങിപ്പോയത് ഹോളിഡേക്കിടെയുള്ള സ്പീഡ് ബോട്ടപകടത്തില്‍; കസിന്‍ ബ്രദേര്‍സിന്റെ അകാലവിയോഗത്തില്‍ തേങ്ങി മാഞ്ചസ്റ്റര്‍-വിയന്ന മലയാളികള്‍

മാഞ്ചസ്റ്ററിലെ മലയാളി യുവാക്കള്‍ ഓസ്ട്രിയയിലെ ഡാന്യൂബ് നദിയില്‍ മുങ്ങി മരിച്ചു; ജോയലും ജെയിംസും മരണക്കയത്തിലേക്ക് മുങ്ങിപ്പോയത് ഹോളിഡേക്കിടെയുള്ള സ്പീഡ് ബോട്ടപകടത്തില്‍; കസിന്‍ ബ്രദേര്‍സിന്റെ അകാലവിയോഗത്തില്‍ തേങ്ങി മാഞ്ചസ്റ്റര്‍-വിയന്ന മലയാളികള്‍
ജന്മനാടായ കേരളത്തില്‍ വെള്ളപ്പൊക്കം വിതച്ച നരകയാതന മിക്ക യുകെ മലയാളികളെയും ഓണാഘോഷത്തില്‍ നിന്ന് പോലും പിന്തിരിപ്പിച്ചിട്ടുണ്ട്. ഇപ്പോഴിതാ യുകെ മലയാളികളുടെ ഓണത്തിന്റെ നിറം കെടുത്തിക്കൊണ്ട് വീണ്ടുമൊരു ദുരന്തവാര്‍ത്തയെത്തിയിരിക്കുന്നു. മാഞ്ചസ്റ്ററിനടുത്തുള്ള ബോള്‍ട്ടണിലെ രണ്ട് മലയാളി യുവാക്കള്‍ ഇന്നലെ ഓസ്ട്രിയയിലെ വിയന്നയില്‍ ഡാന്യൂബ് നദിയിലുണ്ടായ സ്പീഡ് ബോട്ടപകടത്തില്‍ മുങ്ങി മരിച്ചുവെന്നാണാ ദുഖവാര്‍ത്ത. ബോള്‍ട്ടണില്‍ കഴിയുന്ന അനിയന്‍ കുഞ്ഞ്-സൂസന്‍ ദമ്പതികളുടെ പുത്രനായ ജോയല്‍ (19), ഷിബു-സുബി ദമ്പതികളുടെ പുത്രനായ ജെയിംസ്(15 ) എന്നിവരാണ് മുങ്ങി മരിച്ചിരിക്കുന്നത്. കസിന്‍ ബ്രദേര്‍സിനുണ്ടായ ദുരന്തത്തില്‍ മാഞ്ചസ്റ്ററിലെയും വിയന്നയിലെയും മലയാളികള്‍ തേങ്ങുകയാണ്.

ഇതില്‍ ജോയലിന്റെ പിതാവ് ചെങ്ങന്നൂര്‍ സ്വദേശിയും ജെയിംസിന്റെ പിതാവ് റാന്നി സ്വദേശിയുമാണ്. സൂസനും സുബിയും സഹോദരിമാരായതിനാല്‍ ഒരേ കുടുംബത്തിലെ യുവാക്കള്‍ അകാലത്തില്‍ പൊലിഞ്ഞ ദാരുണ സംഭവമാണുണ്ടായിരിക്കുന്നത്. ഈ സഹോദരിമാര്‍ തിരുവല്ലക്കാരാണ്. ഇക്കഴിഞ്ഞ ഞായറാഴ്ച ഇരു കുടുംബങ്ങളും ഹോളിഡേ അടിച്ച് പൊളിക്കാനായി ഓസ്ട്രിയയിലേക്ക് പോവുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

ഇവരുടെ കുടുംബക്കാര്‍ വിയന്നയില്‍ ഉണ്ടായതിനാലാണ് ഇപ്രാവശ്യത്തെ ഹോളിഡേ ഇവിടുന്നാക്കാമെന്ന് ഇവര്‍ തീരുമാനിച്ചത്. അതിലൂടെ ദുരന്തം യുവാക്കളെ തേടിയെത്താന്‍ വഴിയൊരുക്കുകയും ചെയ്തു. ഹോളിഡേക്കിടെ തടാകത്തില്‍ നടത്തിയ ബോട്ടിംഗിനിടെ ഒരു യുവാവ് വെള്ളത്തില്‍ പതിച്ചതിനെ തുടര്‍ന്ന് അയാളെ രക്ഷിക്കാന്‍ രണ്ടാമത്തെയാളും വെള്ളത്തിലേക്ക് എടുത്ത് ചാടുകയും രണ്ട് പേരും മുങ്ങി മരിക്കുകയുമായിരുന്നുവെന്നാണ് സൂചന. എന്നാല്‍ ഇതിന് ഔദ്യോഗികമായ സ്ഥിരീകരണം ലഭിച്ചിട്ടില്ല. അവധിയാഘോഷം കഴിഞ്ഞ് ഈ വരുന്ന ഞായറാഴ്ച യുകെയിലേക്ക് തിരികെ വരാന്‍ പദ്ധതിയിട്ടിരിക്കവെയാണ് നിനച്ചിരിക്കാതെ യുവാക്കളെ മരണം തട്ടിയെടുത്തിരിക്കുന്നത്.

യുവാക്കള്‍ നദയില്‍ മുങ്ങിപ്പോയെന്ന വിവരമറിഞ്ഞ് പോലീസ് തടാകത്തില്‍ വലകെട്ടി തിരിച്ചാണ് ഇവര്‍ക്കായി തെരച്ചില്‍ നടത്തിയിരുന്നത്. തുടര്‍ന്ന് തടാകത്തില്‍ മുങ്ങല്‍ വിദഗ്ധരുടെ സഹായത്തോടെ നടത്തിയ അരിച്ച് പെറുക്കലിലൂടെയാണ് മൃതദേഹങ്ങള്‍ വീണ്ടെടുത്തിരിക്കുന്നത്. ഇരുവരും ചെളിനിറഞ്ഞ തടാക ഭാഗത്ത് പതിച്ചതിനാല്‍ നീന്തി രക്ഷപ്പെടുക അസാധ്യമായിത്തീരുകയായിരുന്നുവെന്ന് സൂചനയുണ്ട്. ഇന്നലെ ഉച്ചയ്ക്ക് ശേഷം രണ്ട് മണിയോടെ അപകടം നടന്ന രാത്രി എട്ട് മണിയോടെയാണ് മൃതദേഹങ്ങള്‍ കണ്ടെടുക്കാന്‍ സാധിച്ചത്.

Other News in this category4malayalees Recommends