ബ്രെക്‌സിറ്റില്‍ നല്ല ഡീല്‍ ലഭിക്കുമെന്ന വാഗ്ദാനമുയര്‍ന്നപ്പോള്‍ പൗണ്ട് വില കുതിച്ചുയര്‍ന്നു; ഇന്നലെ യുഎസ് ഡോളറിനെതിരെ പൗണ്ട് വില 1.2956 ഡോളര്‍; ഓഹരിവിപണിയിലും കുതിപ്പ്; പുതിയ പ്രതീക്ഷയേകിയത് യൂറോപ്യന്‍ യൂണിയന്‍ ചീഫ് നെഗോഷ്യേറ്ററുടെ വാഗ്ദാനം

ബ്രെക്‌സിറ്റില്‍ നല്ല ഡീല്‍ ലഭിക്കുമെന്ന വാഗ്ദാനമുയര്‍ന്നപ്പോള്‍ പൗണ്ട് വില കുതിച്ചുയര്‍ന്നു; ഇന്നലെ യുഎസ് ഡോളറിനെതിരെ പൗണ്ട് വില 1.2956 ഡോളര്‍; ഓഹരിവിപണിയിലും കുതിപ്പ്; പുതിയ പ്രതീക്ഷയേകിയത് യൂറോപ്യന്‍ യൂണിയന്‍ ചീഫ് നെഗോഷ്യേറ്ററുടെ വാഗ്ദാനം
ബ്രെക്‌സിറ്റുമായി ബന്ധപ്പെട്ട അനിശ്ചിതത്വം പെരുകിയപ്പോഴൊക്കെ പൗണ്ട് വില കുത്തനെ താഴോട്ട് പോയിട്ടുണ്ട്. എന്നാല്‍ ബ്രെക്‌സിറ്റുമായി ബന്ധപ്പെട്ട ശുഭപ്രതീക്ഷയുണ്ടായ വേളകളിലെല്ലാം പൗണ്ട് വില കുത്തനെ ഉയരുകയും ചെയ്തിരുന്നു. ഇന്നലെ അത്തരമൊരു നല്ല മുഹുര്‍ത്തമാണുണ്ടായിരിക്കുന്നത്. യുകെയ്ക്ക് ബ്രെക്‌സിറ്റില്‍ മികച്ചൊരു ഡീല്‍ നല്‍കുന്നതിനെ കുറിച്ച് ചിന്തിച്ച് തുടങ്ങിയെന്ന് യൂറോപ്യന്‍ യൂണിയന്‍ ചീഫ് നെഗോഷ്യേറ്ററായ മൈക്കല്‍ ബാര്‍ണിയറുടെ പ്രസ്താവനയെ തുടര്‍ന്നാണ് പൗണ്ട് വില യൂറോയ്ക്കും യുഎസ് ഡോളറിനുമെതിരെ കുതിച്ചുയരാന്‍ തുടങ്ങിയിരിക്കുന്നത്.

മറ്റേതൊരു മൂന്നാം രാജ്യത്തിന് പ്രദാനം ചെയ്യുന്നതിനേക്കാള്‍ മികച്ചൊരു ഡീല്‍ യുകെയ്ക്ക് ബ്രെക്‌സിറ്റിന് ശേഷം നല്‍കുന്ന കാര്യം പരിഗണിക്കുന്നുവെന്ന ബാര്‍ണിയറുടെ പ്രസ്താവനയാണ് പൗണ്ടിനെ രക്ഷപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ കുറേ മാസങ്ങളായി ബ്രെക്‌സിറ്റ് ചര്‍ച്ചകള്‍ കടുത്ത അനിശ്ചിതത്വത്തിലായത് കാരണം പൗണ്ട് വില കുറഞ്ഞിരുന്നു. ആ മാന്ദ്യത്തില്‍ നിന്നും ഏറെക്കാലത്തിന് ശേഷം ഇന്നലെ പൗണ്ട് കരകയറാന്‍ തുടങ്ങിയിരിക്കുകയാണ്.

ഇന്നലെ ബാര്‍ണിയര്‍ക്ക് പുറമെ പുതിയ ബ്രെക്‌സിറ്റ് സെക്രട്ടറി ഡൊമിനിക്ക് റാബും ബ്രെക്‌സിറ്റുമായി ബന്ധപ്പെട്ട പുതിയ വിവരങ്ങള്‍ പുറത്ത് വിട്ടിരുന്നു. ഇതും പൗണ്ടിനെ കൈപിടിച്ച് കയറ്റാന്‍ സഹായിച്ചുണ്ട്. ഇത് പ്രകാരം യുഎസ് ഡോളറിനെതിരെ താരതമ്യപ്പെടുത്തുമ്പോള്‍ ഇന്നലെ പൗണ്ട് വില 1.2956 ഡോളറായി കുതിച്ചുയര്‍ന്നിരിക്കുകയാണ്. അതായത് ഒറ്റ ദിവസം കൊണ്ട് പൗണ്ട് വിലയില്‍ 0.8 ശതമാനം വര്‍ധനവാണുണ്ടായിരിക്കുന്നത്.

ഇത്തരത്തില്‍ സ്റ്റെര്‍ലിംഗ് വിലയിലുണ്ടായ കുതിപ്പ് യുകെയിലെ ഓഹരി വിപണികളിലും പോസിറ്റീവ് പ്രതികരണമുണ്ടാക്കിയിട്ടുണ്ട്. തല്‍ഫലമായി ബ്രിട്ടീഷ് 10 ഇയര്‍ ബോണ്ട് മേയ് 22 ശേഷം ഏറ്റവും ഉയര്‍ന്ന കുതിപ്പാണുണ്ടാക്കിയിരിക്കുന്നത്. ഇത് പ്രകാരം ഇത് നാല് പോയിന്റുകളാണ് ഉയര്‍ന്നിരിക്കുന്നത്. ബ്രസല്‍സും യുകെയും തമ്മിലുള്ള ബ്രെക്‌സിറ്റ് ചര്‍ച്ചകള്‍ പലവിധ പ്രശ്‌നങ്ങളില്‍ തട്ടി വഴിമുട്ടിയിരിക്കുന്നതിനാല്‍ നോ-ഡീല്‍ ബ്രെക്‌സിറ്റുണ്ടാകാനുള്ള സാധ്യതയേറെയാണെന്ന ആശങ്കകള്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വര്‍ധിക്കുകയും അത് മാര്‍ക്കറ്റില്‍ അനിശ്ചിതത്വം വര്‍ധിപ്പിക്കുകയും ചെയ്ത സാഹചര്യത്തിലാണ് അതിന് താല്‍ക്കാലിക ശമനമുണ്ടാക്കുന്ന രീതിയില്‍ പൗണ്ട് വില കുതിച്ചുയര്‍ന്നിരിക്കുന്നതെന്ന് കടുത്ത പ്രതീക്ഷ വര്‍ധിപ്പിക്കുന്നു.

Other News in this category4malayalees Recommends