കൊലപാതക കേസില്‍ സാക്ഷിപറഞ്ഞാല്‍ വീട്ടിലെത്തില്ലെന്ന പി കെ ബഷീറിന്റെ വിവാദ പ്രസംഗം ; കേസ് പിന്‍വലിച്ചത് സുപ്രീം കോടതി റദ്ദാക്കി

കൊലപാതക കേസില്‍ സാക്ഷിപറഞ്ഞാല്‍ വീട്ടിലെത്തില്ലെന്ന പി കെ ബഷീറിന്റെ വിവാദ പ്രസംഗം ; കേസ് പിന്‍വലിച്ചത് സുപ്രീം കോടതി റദ്ദാക്കി
ഏറനാട് മണ്ഡലത്തിലെ മുസ്ലീംലീഗ് എംഎല്‍എ പി കെ ബഷീറിന്റെ കൊലവിളി പ്രസംഗത്തിലെ കേസ് പിന്‍വലിച്ചത് റദ്ദാക്കി. വധക്കേസില്‍ സാക്ഷിപറഞ്ഞാല്‍ വീട്ടിലെത്തില്ലെന്നായിരുന്നു പി കെ ബഷീറിന്റെ പരാമര്‍ശം. യുഡിഎഫ് സര്‍ക്കാരെടുത്ത തീരുമാനമാണ് സുപ്രീംകോടതി റദ്ദാക്കിയത്. കേസ് വീണ്ടും മജിസ്‌ട്രേറ്റ് കോടതിക്ക് വിട്ട സുപ്രീം കോടതി കേസില്‍ നടപടികള്‍ തുടരാനും നിര്‍ദ്ദേശിച്ചു .

മുന്‍ എല്‍ഡിഎഫ സര്‍ക്കാരിന്റെ കാലത്ത് വിവാദ പാഠപുസ്തകത്തിനെതിരെ യൂത്ത് ലീഗ് നടത്തിയ സമരത്തില്‍ അദ്ധ്യാപകന്‍ കൊല്ലപ്പെട്ടതാണ് ബഷീറിനെതിരായ കേസിനാധാരം. ഏഴാം ക്ലാസിലെ സാമൂഹ്യശാസ്ത്ര പാഠപുസ്തകത്തില്‍ മതമില്ലാത്ത ജീവന്‍ എന്ന അദ്ധ്യായം ചേര്‍ത്തതിനെതിരെയുള്ള സമരത്തിനിടയില്‍ കിരിശേരി ഗവ. സ്‌കൂളില്‍ നടന്ന ക്ലസ്റ്റര്‍ മീറ്റിംഗില്‍ പങ്കെടുക്കാന്‍ പോയ ജെയിംസ് അഗസ്റ്റിന്‍ എന്ന അദ്ധ്യാപകന്‍ മരിക്കുകയായിരുന്നു.

മീറ്റിംഗ് നടന്നുകൊണ്ടിരിക്കെ ഒരുകൂട്ടം യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ ക്ലാസ് റൂമിലേക്ക് ഇരച്ചുകയറുകയും തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ അധ്യാപകന്‍ കൊല്ലപ്പെടുകയുമായിരുന്നു. ഈ കേസില്‍ ഏതാനും യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ അറസ്റ്റിലാകുകയും ചെയ്തിരുന്നു. പിന്നീട് നടന്ന ഒരു പൊതുയോഗത്തിലാണ് ബഷീര്‍ ഭീഷണി മുഴക്കിയത്. ഏറനാട് നിയോജകമണ്ഡലം മുസ്ലിം ലീഗ് കമ്മിറ്റിയൊരു തീരുമാനമെടുത്തിട്ടുണ്ട്. ഇതിന്റെ പ്രസിഡന്റ് എന്ന നിലയ്ക്ക് ഞാന്‍ പറയുന്നത് ഈ കേസ് കോടതിയില്‍ എന്നെങ്കിലും വരുകയാണെങ്കില്‍ സാക്ഷി പറയാന്‍ ആരെങ്കിലും എത്തിയാല്‍ അവന്‍ ജീവനോടെ തിരിച്ചുപോകില്ല എന്നായിരുന്നു ബഷീറിന്റെ പ്രസംഗം.

Other News in this category4malayalees Recommends