വൈദീകനില്‍ നിന്ന് മോശം അനുഭവമുണ്ടായി ; സ്വയം പൊള്ളലേല്‍പ്പിച്ച് രക്ഷപ്പെടുകയായിരുന്നു ; വെളിപ്പെടുത്തലുമായി ദയാബായി

വൈദീകനില്‍ നിന്ന് മോശം അനുഭവമുണ്ടായി ; സ്വയം പൊള്ളലേല്‍പ്പിച്ച് രക്ഷപ്പെടുകയായിരുന്നു ; വെളിപ്പെടുത്തലുമായി ദയാബായി
കോണ്‍വെന്റ് പഠനകാലത്ത് തനിക്ക് വൈദികനില്‍ നിന്ന് ദുരനുഭവം നേരിടേണ്ടി വന്നിട്ടുണ്ടെന്ന് സാമൂഹ്യപ്രവര്‍ത്തകയായ ദയാബായി. ലേഖന സമാഹാരത്തിലെ 'ദയാബായി ദ് ലേഡി വിത്ത് ഫയര്‍' എന്ന ലേഖനത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. പതിനാറാമത്തെ വയസ്സിലാണ് ഇവര്‍ കോണ്‍വെന്റിലെത്തുന്നത്. എന്നാല്‍ സഭാവസ്ത്ര സ്വീകരണത്തിന് മുമ്പുള്ള ഫോര്‍മേഷന്‍ സമയത്ത് ദയാ ബായി മഠത്തില്‍ നിന്നും പോരുകയാണുണ്ടായത്.

കേരളത്തില്‍ വച്ചാണ് എനിക്കീ ദുരനുഭവമുണ്ടായത്. ആ മഠത്തിന്റെ പേര് വെളിപ്പെടുത്താന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. ഞാനന്ന് മഠത്തില്‍ എത്തിയിട്ടേ ഉണ്ടായിരുന്നുള്ളു. എനിക്ക് ബഹുമാനമുണ്ടായിരുന്ന ഒരു മുതിര്‍ന്ന വൈദികനാണ് എന്നോട് മോശമായി പെരുമാറിയത്. അശ്ലീലമായി സംസാരിക്കുകയും ചെയ്തു. പെട്ടെന്ന് ഷോക്കായിപ്പോയി. കാരണം ഒരിക്കലും അത്തരമൊരു പ്രവര്‍ത്തി അദ്ദേഹത്തില്‍ നിന്നും പ്രതീക്ഷിക്കുന്നില്ലല്ലോ. കരഞ്ഞുകൊണ്ട് ഞാന്‍ അവിടെ നിന്ന് ഓടിപ്പോയി.' ദയാബായി വര്‍ഷങ്ങള്‍ക്ക് മുമ്പ് തനിക്ക് നേരിട്ട ദുരനുഭവം വിവരിക്കുന്നു.

പിന്നീട് ഇദ്ദേഹത്തെ നേരിടേണ്ടി വരുമ്പോഴെല്ലാം പേടിയായിരുന്നു. മെഴുകുതിരി കത്തിച്ച് മെഴുക് ദേഹത്ത് ഉരുക്കിയൊഴിക്കുമായിരുന്നു. മുറിവുകള്‍ കണ്ടാല്‍ ഉപദ്രവിക്കാതിരുന്നാലോ എന്ന തോന്നലിലാണ് അന്നങ്ങനെ ചെയ്തത്. അന്നതൊരു രക്ഷാമാര്‍ഗമായി തോന്നിയെന്നും ദയാബായി പറയുന്നു. പിന്നീട് പലരില്‍ നിന്നും ഈ വൈദികനെക്കുറിച്ച് മോശം വാര്‍ത്തകള്‍ കേട്ടിരുന്നു. മറ്റ് കന്യാസ്ത്രീകളുടെ അടുത്തും ഇയാള്‍ ഇങ്ങനെ പെരുമാറിയിട്ടുണ്ടെന്ന് അറിഞ്ഞു. സഭ തന്നെ ഈ വൈദികനെ പിന്നീട് പുറത്താക്കുകയായിരുന്നു.

സഭയില്‍ ആത്മീയതയുടെ ജീര്‍ണ്ണതയാണ് ഇപ്പോള്‍ സംഭവിച്ചു കൊണ്ടിരിക്കുന്നത്. സുഖലോലുപതയും ആഡംബര ജീവിതവും മുമ്പത്തേക്കാള്‍ വര്‍ദ്ധിച്ചിരിക്കുന്നു. മിഷണറിയാകുക എന്നതായിരുന്നു മഠത്തില്‍ ചേരാന്‍ തീരുമാനിക്കുമ്പോള്‍ ആഗ്രഹം. എന്നാല്‍ സഭ ആവശ്യപ്പെടുന്നത് അതൊന്നുമല്ല എന്ന് പിന്നീട് മനസ്സിലായി. കല്ലും മുള്ളും നിറഞ്ഞ പാതകളൊന്നും സ്വീകരിക്കാന്‍ സഭാംഗങ്ങള്‍ ആരും തയ്യാറായിരുന്നില്ല. അന്നും അവരുടെ ചെയ്തികള്‍ സഹിക്കാന്‍ കഴിയാതെയാണ് കന്യാസ്ത്രീയാകുന്നതിന് മുമ്പ് തന്നെ ഫോര്‍മേഷന്‍ സമയത്ത് പുറത്ത് പോകുന്നത്.

'ജലന്ധര്‍ ബിഷപ്പിന്റെ കേസില്‍ സഭയില്‍ നിന്നും യാതൊരു നീതിയും പ്രതീക്ഷിക്കേണ്ടതില്ല. അല്ലെങ്കില്‍ തന്നെ എന്തിനാണ് സഭയുടെ നീതി. ഇന്ദിരാ ഗാന്ധിയെ അറസ്റ്റ് ചെയ്തിട്ടില്ലേ? പിന്നെന്താ ഈ ബിഷപ്പിനെ അറസ്റ്റ് ചെയ്താല്‍? ദയാബായി ചോദിക്കുന്നു. നിയമത്തിന്റെ പിന്‍ബലമാണ് കന്യാസ്ത്രീയ്ക്ക് വേണ്ടത്. എന്റെ കാര്യം വര്‍ഷങ്ങള്‍ക്ക് ശേഷമാണ് തുറന്നു പറഞ്ഞത്. അന്ന് ആരോടെങ്കിലും തുറന്നു സംസാരിക്കാന്‍ പോലും ഭയമായിരുന്നു. അതുകൊണ്ടാണ് പൊള്ളിക്കാനൊക്കെ പോയത്. എന്നാല്‍ ഇന്ന് ആ കന്യാസ്ത്രീക്ക് പിന്തുണ നല്‍കി ധാരാളം പേര്‍ കൂടെയുണ്ട്. സത്യം ജയിക്കേണ്ടതും അവര്‍ക്ക് നീതി ലഭിക്കേണ്ടതുമാവശ്യമാണ്.' ദയാബായി പറയുന്നു.

Other News in this category4malayalees Recommends