ബ്രെക്‌സിറ്റ് ചര്‍ച്ചകളില്‍ ഒത്ത് തീര്‍പ്പ് ശ്രമങ്ങളും വിട്ട് വീഴ്ചകളും ഇനിയും സാധ്യമാണെന്ന് യൂറോപ്യന്‍ കൗണ്‍സില്‍ പ്രസിഡന്റ്; തെരേസയുടെ ചെക്കേര്‍സ് പ്ലാനിനെ യൂണിയന്‍ ഗൗരവത്തോടെയാണ് പരിഗണിച്ചതെന്ന് ഡൊണാള്‍ഡ് ടസ്‌ക്

ബ്രെക്‌സിറ്റ് ചര്‍ച്ചകളില്‍ ഒത്ത് തീര്‍പ്പ് ശ്രമങ്ങളും വിട്ട് വീഴ്ചകളും ഇനിയും സാധ്യമാണെന്ന് യൂറോപ്യന്‍ കൗണ്‍സില്‍ പ്രസിഡന്റ്; തെരേസയുടെ ചെക്കേര്‍സ് പ്ലാനിനെ യൂണിയന്‍ ഗൗരവത്തോടെയാണ് പരിഗണിച്ചതെന്ന്  ഡൊണാള്‍ഡ് ടസ്‌ക്
യുകെയും യൂറോപ്യന്‍ യൂണിയനും തമ്മിലുള്ള ബ്രെക്‌സിറ്റ് ചര്‍ച്ചകള്‍ നിലവില്‍ വഴി മുട്ടിയിരിക്കുന്നുവെങ്കിലും ഇപ്പോഴും ഒത്ത് തീര്‍പ്പ് ശ്രമങ്ങളും വിട്ട് വീഴ്ചകളും സാധ്യമാണെന്ന് വെളിപ്പെടുത്തി യൂറോപ്യന്‍ കൗണ്‍സില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ടസ്‌ക് രംഗത്തെത്തി. താന്‍ ബ്രെക്‌സിറ്റ് ചര്‍ച്ചകളില്‍ നിന്നും പിന്മാറാന്‍ തയ്യാറെടുത്ത് വരുന്നുവെന്ന ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയുടെ മുന്നറിയിപ്പിന് ശേഷമാണ് ടസ്‌ക് ഈ വാഗ്ദാനവുമായി മുന്നോട്ട് വന്നിരിക്കുന്നതെന്നത് ശ്രദ്ധേയമാണ്.

താന്‍ യഥാര്‍ത്ഥത്തില്‍ തെരേസയുടെ ആരാധകനാണെന്നും ഒരു പ്രസ്താവനയിലൂടെ ടസ്‌ക് വെളിപ്പെടുത്തുന്നു. എന്നാല്‍ തെരേസ ബ്രെക്‌സിറ്റിന്റെ കാര്യത്തില്‍ കടുത്ത നിലപാടുകളാണ് സ്വീകരിക്കുന്നതെന്നും തീരെ വിട്ട് വീഴ്ചക്ക് തയ്യാറാവുന്നില്ലെന്നും ആരോപിക്കാതിരിക്കാന്‍ കഴിയില്ലെന്നും ടസ്‌ക് തുറന്നടിക്കുന്നു. താന്‍ ബ്രെക്‌സിറ്റിനായി തയ്യാറാക്കിയിരിക്കുന്ന പദ്ധതിയെ യൂറോപ്യന്‍ യൂണിയന്‍ നേതാക്കന്‍മാര്‍ നിഷ്‌കരുണം തള്ളിക്കളഞ്ഞതിനെതിരെ വെള്ളിയാഴ്ച തെരേസ ശക്തമായി രംഗത്തെത്തിയിരുന്നു.

ഇക്കാര്യത്തില്‍ ബ്രസല്‍സിന്റെ ഭാഗത്ത് നിന്നും കൂടുതല്‍ ബഹുമാനം പ്രതീക്ഷിക്കുന്നുവെന്നായിരുന്നു തെരേസ പ്രതികരിച്ചത്. ചെക്കേര്‍സില്‍ വച്ച് കൂടിയ കാബിനറ്റ് യോഗത്തില്‍ വച്ച് അംഗീകരിക്കപ്പെട്ടിരുന്ന പ്ലാനിന് ബ്രസല്‍സിന്റെ ഭാഗത്ത് നിന്നും അംഗീകാരം നേടിയെടുക്കുന്നതിന് അങ്ങേയറ്റം പ്രയത്‌നിച്ചിട്ടും തിരിച്ചടി നേരിട്ടതിനെ തുടര്‍ന്നായിരുന്നു താന്‍ ബ്രെക്‌സിറ്റ് ചര്‍ച്ചകളില്‍ നിന്നും തീര്‍ത്തും പിന്‍വാങ്ങാനും ഡീലൊന്നുമില്ലാതെ യൂണിയന്‍ വിട്ട് പോകാനും തയ്യാറെടുക്കുന്നുവെന്ന കടുത്ത മുന്നറിയിപ്പ് ബ്രസല്‍സിന് മുന്നില്‍ തെരേസ മുഴക്കിയിരുന്നത്.

എന്നാല്‍ ചെക്കേര്‍സ് പ്ലാനിലൂടെ തെരേസ മുന്നോട്ട് വച്ചിരിക്കുന്ന സാമ്പത്തിക പങ്കാളിത്തം പ്രാവര്‍ത്തികമല്ലെന്നും അത് യൂണിയന്റ സിംഗിള്‍ മാര്‍ക്കറ്റിന്റെ വില ഇല്ലാതാക്കുമെന്നുമാണ് യൂറോപ്യന്‍ യൂണിയന്‍ നേതാക്കള്‍ ഈ പ്ലാന്‍ തള്ളിക്കളയുന്നതിനുള്ള ന്യായീകരണമായി എടുത്ത് കാട്ടുന്നത്. 2019 മാര്‍ച്ച് 29നാണ് യുകെ യൂറോപ്യന്‍ യൂണിയന്‍ വിട്ട് പോകാന്‍ പോവുന്നത്. അതിനാല്‍ ഇരു വിഭാഗവും നവംബറോടെ ഒരു ഡീലില്‍ എത്താന്‍ കിണഞ്ഞ് പരിശ്രമിക്കുന്നുണ്ട്. മറ്റൊരു പകരം നിര്‍ദേശമില്ലാതെ തന്റെ പ്ലാന്‍ യൂണിയന്‍ തള്ളിക്കളഞ്ഞിരിക്കുന്നതിനോട് യോജിക്കാനാവില്ലെന്നായിരുന്നു വെള്ളിയാഴ്ച ഡൗണിംഗ് സ്ട്രീറ്റില്‍ വച്ച് തെരേസ പ്രസ്താവിച്ചത്. എന്നാല്‍ തെരേസയുടെ പദ്ധതിയെ വളരെ ഗൗരവകരമായിട്ട് തന്നെയാണ് തങ്ങള്‍ പരിഗണിച്ചിരുന്നതെന്നാണ് മണിക്കൂറുകള്‍ക്ക് ശേഷം ടസ്‌ക് പ്രതികരിച്ചിരുന്നത്. അതിനാല്‍ ചര്‍ച്ചകളില്‍ ഇനിയും വിട്ട് വീഴ്ചകള്‍ക്ക് സാധ്യതയുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തുകയായിരുന്നു.

Other News in this category4malayalees Recommends