ബാലു ഞങ്ങള്‍ക്കൊപ്പമുണ്ടായിരുന്നു, ലക്ഷ്മിയുടെയും ജാനിമോളുടെയും വിശേഷങ്ങള്‍ വാതോരാതെ പങ്കുവച്ചെന്ന് മഞ്ജു വാര്യര്‍, ആ സംഗീതം മരിക്കുന്നില്ലെന്ന് മോഹന്‍ലാല്‍, സഹിക്കാനാവുന്നില്ല, ഈ വേര്‍പാടെന്ന് ദിലീപ്

ബാലു ഞങ്ങള്‍ക്കൊപ്പമുണ്ടായിരുന്നു, ലക്ഷ്മിയുടെയും ജാനിമോളുടെയും വിശേഷങ്ങള്‍ വാതോരാതെ പങ്കുവച്ചെന്ന് മഞ്ജു വാര്യര്‍, ആ സംഗീതം മരിക്കുന്നില്ലെന്ന് മോഹന്‍ലാല്‍, സഹിക്കാനാവുന്നില്ല, ഈ വേര്‍പാടെന്ന് ദിലീപ്
കാലയവനികയില്‍ മറഞ്ഞ വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ വിയോഗത്തില്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ച് കലാലോകം. മോഹന്‍ലാല്‍, മഞ്ജു വാര്യര്‍, ദിലീപ്, കെജെ യേശുദാസ്, നിവിന്‍ പോളി, സുജാത, ദുല്‍ഖര്‍ തുടങ്ങിയവര്‍ ആദരാജ്ഞലികള്‍ അര്‍പ്പിച്ചു. എല്ലാവര്‍ക്കും പ്രിയപ്പെട്ടവനായിരുന്നു ബാലഭാസ്‌കര്‍.

വിസ്മയം തീര്‍ത്ത മാന്ത്രിക വിരലുകള്‍...ആ സംഗീതം മരിക്കുന്നില്ല. പ്രിയപ്പെട്ട ബാലുവിന് ആദരാഞ്ജലികളെന്ന് മോഹന്‍ലാല്‍ കുറിച്ചു. പകരം വയ്ക്കാനാകാത്ത പ്രതിഭയെയാണ് ബാലഭാസ്‌കറിന്റെ മരണത്തിലൂടെ നഷ്ടമായതെന്ന് പ്രശസ്ത വാദ്യകലാകാരന്‍ മട്ടന്നൂര്‍ ശങ്കരന്‍കുട്ടി അനുസ്മരിച്ചു.

ആ വയലിന്‍ തന്ത്രികള്‍ നിലച്ചുവെന്ന് വിശ്വസിക്കാനാകുന്നില്ലെന്ന് മഞ്ജു വാര്യര്‍. ഒരിക്കലും ഈ യാത്ര പറച്ചില്‍ മനസ്സ് സമ്മതിച്ചു തരില്ല. ആരാധനയില്‍ നിന്നും അടുത്ത സൗഹൃദമായി മാറിയ ബന്ധം. കുറച്ചു നാളുകള്‍ മുമ്പ് ഉണ്ടായ ഓസ്‌ട്രേലിയന്‍ യാത്രയില്‍ അദ്ഭുതം കേള്‍പ്പിക്കുന്ന വയലിനുമായി ബാലു ഞങ്ങള്‍ക്കൊപ്പമുണ്ടായിരുന്നു. ലക്ഷ്മിയുടെയും ജാനിമോളുടെയും വിശേഷങ്ങള്‍ വാതോരാതെ പങ്കുവച്ചുകൊണ്ട്... ഇല്ല! ബാലു വേറെങ്ങും പോയിട്ടില്ല.ഒരിക്കലും പോകുകയുമില്ലെന്ന് മഞ്ജു കുറിക്കുന്നു.

വയലിനിസ്റ്റും സംഗീത സംവിധായകനുമായ ബാലഭാസ്‌കറിന്റെ മരണം നികത്താനാവാത്ത നഷ്ടമെന്ന് ഗായകന്‍ കെ.ജെ യേശുദാസ് പറഞ്ഞു. നഷ്ടമായത് ഒരുപാട് ഉയരങ്ങള്‍ കീഴടക്കേണ്ടിയിരുന്ന കലാകാരനെയെന്ന് ദിലീപ്. വാക്കുകള്‍കൊണ്ട് മാത്രം വിടപറയാനാവില്ല, പ്രിയ സുഹൃത്തിന് ഒരുപാട് ഉയരങ്ങള്‍ കീഴടക്കേണ്ടിയിരുന്ന ഒരു മഹാനായ കലാകാരന്‍ കാലയവനികയ്ക്കുള്ളിലേക്ക് മറയുന്നത് അപ്രതീക്ഷിതമായാണ്. മറക്കാനാവുന്നില്ല, സഹിക്കാനാവുന്നില്ല, ഈ വേര്‍പാടെന്ന് ദിലീപ് കുറിച്ചു.

ഹൃദയംനുറുക്കുന്ന വാര്‍ത്തയാണെന്ന് ദുല്‍ഖര്‍ സല്‍മാനും സംഗീതലോകത്ത് പുഞ്ചിരിയോടെ മാസ്മരിക ലോകം തീര്‍ത്ത കലാകാരനെ എന്നും ഓര്‍മ്മിക്കുമെന്ന് നിവിന്‍ പോളിയും കുറിച്ചു. എന്നും ഹൃദയത്തില്‍ ബാലു നീ ഉണ്ടാകുമെന്ന് സുഹൃത്തും ഗായികയുമായ ജ്യോത്സനയും പറയാന്‍ വാക്കുകള്‍ ഇല്ലെന്നും സംഗീത ലോകത്തിന് തീരാ നഷ്ടമെന്ന് ഗായിക സുജാതയും പങ്കുവെച്ചു.

Other News in this category4malayalees Recommends