ജെയ്‌ഷെ മുഹമ്മദ് തലവനും പത്താന്‍കോട്ട് സൈനീക കേന്ദ്ര ആക്രമണത്തിന്റെ സൂത്രധാരനുമായ മസൂദ് അസര്‍ ഗുരുതരാവസ്ഥയില്‍

ജെയ്‌ഷെ മുഹമ്മദ് തലവനും പത്താന്‍കോട്ട് സൈനീക കേന്ദ്ര ആക്രമണത്തിന്റെ സൂത്രധാരനുമായ മസൂദ് അസര്‍ ഗുരുതരാവസ്ഥയില്‍
പാക് ഭീകര സംഘടനയായ ജെയ്‌ഷെ മുഹമ്മദ് തലവനും ജമ്മുകാശ്മീരിലെ പത്താന്‍കോട്ട് സൈനികകേന്ദ്ര ആക്രമണത്തിന്റെ സൂത്രധാരനുമായ മസൂദ് അസര്‍ ഗുരുതരാവസ്ഥയിലെന്ന് റിപ്പോര്‍ട്ട്. എഴുന്നേല്‍ക്കാന്‍ പോലും കഴിയാത്ത അവസ്ഥയില്‍ കഴിയുകയാണെന്ന് ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ പറയുന്നു. 2016ല്‍ ഉറിയിലെ സൈനിക ക്യാംപ് ആക്രമിച്ച് 17 ഇന്ത്യന്‍ സൈനികരെ വധിച്ച സംഭവത്തിന്റെ മുഖ്യസൂത്രധാരനും മസൂദാണ്. മസൂദിന്റെ അനാരാഗ്യത്തെ തുടര്‍ന്ന് സംഘടനയുടെ അധികാരം സംബന്ധിച്ച് അയാളുടെ രണ്ട് സഹോദരന്മാര്‍ തമ്മില്‍ തര്‍ക്കങ്ങളുണ്ടായെന്നും റിപ്പോര്‍ട്ടുണ്ട്. സഹോദരങ്ങളായ റൗഫ് അസ്ഗര്‍, അത്തര്‍ ഇബ്രാഹിം എന്നിവര്‍ വേര്‍പിരിഞ്ഞാണ് പ്രവര്‍ത്തിക്കുന്നതെന്നും ഇന്ത്യന്‍ ഏജന്‍സികള്‍ പറയുന്നു.

നട്ടെല്ലിന് സാരമായ രോഗം ബാധിച്ച മസൂദിന്റെ വൃക്കകള്‍ രണ്ടും ഏറെക്കുറെ പ്രവര്‍ത്തനരഹിതമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതേക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാന്‍ അധികൃതര്‍ തയ്യാറായില്ല. റാവല്‍പിണ്ടിയിലെ സൈനിക ആശുപത്രിയില്‍ ഒന്നരവര്‍ഷമായി മസൂദ് ചികിത്സയില്‍ കഴിയുന്നതെന്നാണ് വിവരം. അടുത്തിടെ സ്വന്തം നാടായ ഭവല്‍പൂര്‍ അടക്കം പാകിസ്ഥാനിലെ ഒരു സ്ഥലത്തേയും പൊതുപരിപാടികളില്‍ മസൂദിനെ കാണാറില്ലായിരുന്നു.

മസൂദിനെ ആഗോള തീവ്രവാദിയായി പ്രഖ്യാപിക്കണമെന്ന് ഇന്ത്യ നേരത്തെ ഐക്യരാഷ്ടസഭയുടെ സുരക്ഷാ കൗണ്‍സിലില്‍ ആവശ്യപ്പെട്ടിരുന്നു. ഇന്ത്യയുടെ ആവശ്യത്തെ അമേരിക്ക, ബ്രിട്ടന്‍, ഫ്രാന്‍സ് ഉള്‍പ്പെടെയുള്ള സുരക്ഷാ കൗണ്‍സില്‍ അംഗങ്ങള്‍ അനുകൂലിച്ചിരുന്നു. എന്നാല്‍,ചൈനയുടെ ശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന് പ്രഖ്യാപനം ഉണ്ടായിട്ടില്ല. മസൂദിന്റെ സന്പത്ത് മരവിപ്പിക്കണമെന്നും അന്താരാഷ്ട്ര യാത്രകള്‍ തടയണമെന്നുമുള്ള നിര്‍ദ്ദേശത്തേയും ചൈന വീറ്റോ ചെയ്തിരുന്നു.

Other News in this category4malayalees Recommends