ബ്രെക്‌സിറ്റ് ഡീല്‍ പത്ത് ദിവസത്തിനുള്ളില്‍.....!! തെരേസ കണ്ണുരുട്ടിയപ്പോള്‍ വഴിക്ക് വന്ന് ബ്രസല്‍സ്; ഐറിഷ് അതിര്‍ത്തി പ്രശ്‌നത്തില്‍ പുതിയ നിര്‍ദേശങ്ങളുമായി ഇരുപക്ഷവും; ഈ മാസത്തെ സമ്മിറ്റില്‍ വിത്ത്ഡ്രാവല്‍ കരാറുണ്ടായേക്കും

ബ്രെക്‌സിറ്റ് ഡീല്‍ പത്ത് ദിവസത്തിനുള്ളില്‍.....!! തെരേസ കണ്ണുരുട്ടിയപ്പോള്‍ വഴിക്ക് വന്ന് ബ്രസല്‍സ്; ഐറിഷ് അതിര്‍ത്തി പ്രശ്‌നത്തില്‍ പുതിയ നിര്‍ദേശങ്ങളുമായി ഇരുപക്ഷവും; ഈ മാസത്തെ സമ്മിറ്റില്‍ വിത്ത്ഡ്രാവല്‍ കരാറുണ്ടായേക്കും
ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയ് ബ്രെക്‌സിറ്റിനായി തയ്യാറാക്കിയിരുന്ന ചെക്കേര്‍സ് പ്ലാന്‍ സാല്‍സ്ബര്‍ഗില്‍ ചേര്‍ന്ന യൂറോപ്യന്‍ യൂണിയന്‍ നേതാക്കന്‍മാരുടെ യോഗം പുറം കാല്‍ കൊണ്ട് തട്ടിയെറിഞ്ഞതിനെ തുടര്‍ന്ന് കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി ബ്രെക്‌സിറ്റ് ചര്‍ച്ചകള്‍ അക്ഷരാര്‍ത്ഥത്തില്‍ ത്രിശങ്കുവിലായിരുന്നു. ഇതിനെ തുടര്‍ന്ന് യൂറോപ്യന്‍ യൂണിയനോട് തെരേസ കടുത്ത നിലപാട് സ്വീകരിക്കുകയും യാതൊരു വിധത്തിലുള്ള ഡീലുമില്ലാതെ യുകെയെ യൂണിയന് പുറത്തെത്തിക്കുന്നതിനുള്ള കടുത്ത നടപടികളുമായി മുന്നോട്ട് പോവുകയുമായിരുന്നു.

അതിനിടെ ഇപ്പോഴിതാ യൂറോപ്യന്‍ യൂണിയന്‍ പിടിവാശി അയക്കുകയും പത്ത് ദിവസത്തിനകം പുതിയ കരാറിനുള്ള സാധ്യത തുറന്നിട്ടിരിക്കുന്നുവെന്നുമാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. ചുരുക്കിപ്പറഞ്ഞാല്‍ തെരേസ യൂണിയനെ നോക്കി കണ്ണുരുട്ടിയപ്പോള്‍ ബ്രസല്‍സ് പിടിവാശി അവസാനിപ്പിച്ച് വഴിക്ക് വരുകയായിരുന്നുവെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ ഈ മലക്കം മറിച്ചിലിനെ വിശേഷിപ്പിച്ചിരിക്കുന്നത്. ബ്രെക്‌സിറ്റ് ചര്‍ച്ചകളില്‍ എന്നും കീറാമുട്ടിയായി നിന്ന് ചര്‍ച്ചകളെ വഴിമുട്ടിച്ചിരുന്ന ഐറിഷ് അതിര്‍ത്തി പ്രശ്‌നം പരിഹരിക്കുന്നതിന് ഈ മാസത്തെ ചര്‍ച്ചകളില്‍ ഇരു പക്ഷവും പുതിയ നിര്‍ദേശങ്ങളുമായി രംഗത്തെത്തുമെന്നും സൂചനയുണ്ട്.

ഇത്തരത്തില്‍ ഇരുപക്ഷവും മര്‍ക്കടമുഷ്ടി പിന്‍വലിച്ച് വിട്ട് വീഴ്ചക്ക് തയ്യാറായതിനാല്‍ ഈ മാസത്തെ സമ്മിറ്റില്‍ വച്ച് വിത്ത്ഡ്രാവല്‍ കരാറുണ്ടായേക്കുമെന്ന പ്രതീക്ഷയാണ് ഇതിനെ തുടര്‍ന്ന് ശക്തമായിരിക്കുന്നത്. വരുന്ന വെള്ളിയാഴ്ച നടക്കുന്ന യോഗം ബ്രെക്‌സിറ്റ് കാര്യത്തില്‍ നിര്‍ണായക നീക്കങ്ങള്‍ക്ക് സാക്ഷിയാകുമെന്ന പ്രവചനവും ഇതിനെ തുടര്‍ന്ന് ശക്തമായിരിക്കുകയാണ്. യുകെ യൂണിയനില്‍ നിന്നും വിട്ട് പോകുന്നതിനുള്ള കരാര്‍ പടിവാതില്‍ക്കലെത്തിയെന്ന് യുറോപ്യന്‍ യൂണിയന്റെ ചീഫ് നെഗോഷ്യേറ്ററായ മൈക്കല്‍ ബാര്‍ണിയര്‍ തന്നെ യൂണിയന്‍ രാജ്യങ്ങള്‍ക്ക് സൂചനയേകിയതും വിലപേശലിന് പുത്തന്‍ ഉണര്‍വേകിയിരിക്കുന്നു.

സുപ്രധാനമായ യൂറോപ്യന്‍ കൗണ്‍സില്‍ സമ്മിറ്റിന് മുന്നോടിയായി ബ്രസല്‍സ് ക്ലബ് രാജ്യങ്ങളുടെ പ്രതിനിധികള്‍ തമ്മില്‍ തിരക്കിട്ട ചര്‍ച്ചകള്‍ അരങ്ങേറുന്നുണ്ട്. ഇത് വഴി ബ്രെക്സിറ്റ് ചര്‍ച്ചയില്‍ മറ്റ് 27 യൂണിയന്‍ രാജ്യങ്ങള്‍ക്കും പുതിയൊരു വെളിച്ചമാണുണ്ടായിരിക്കുന്നത്. ഏറ്റവും പുതിയ സൂചനകള്‍ പ്രകാരം ഈ മാസം നടക്കുന്ന സമ്മിറ്റില്‍ വിത്ത്ഡ്രാവല്‍ കരാര്‍ രൂപപ്പെടുത്തും. പിന്നീട് അടുത്ത മാസം നടക്കുന്ന എമര്‍ജന്‍സി ബ്രെക്സിറ്റ് സമ്മിറ്റില്‍ വച്ച് വരുകാല പങ്കാളിത്തത്തത്തെക്കുറിച്ച് കരാറുകളിലൊപ്പ് വയ്ക്കുകയും ചെയ്യും.


Other News in this category4malayalees Recommends