കേന്ദ്രം കള്ളം പറയുന്നു ? അനില്‍ അംബാനിയെ പങ്കാളിയാക്കണമെന്ന് കരാറില്‍ നിര്‍ബന്ധിത വ്യവസ്ഥ ; റഫേല്‍ കരാറിലെ വിവാദം കനക്കുന്നു

കേന്ദ്രം കള്ളം പറയുന്നു ? അനില്‍ അംബാനിയെ പങ്കാളിയാക്കണമെന്ന് കരാറില്‍ നിര്‍ബന്ധിത വ്യവസ്ഥ ; റഫേല്‍ കരാറിലെ വിവാദം കനക്കുന്നു
റഫേല്‍ ഇടപാടില്‍ പ്രതിപക്ഷത്തിന്റെ ആരോപണങ്ങള്‍ ശരിവെക്കുന്ന രീതിയില്‍ ഫ്രഞ്ച് മാധ്യമത്തിന്റെ വെളിപ്പെടുത്തല്‍. 36 റഫേല്‍ യുദ്ധ വിമാനങ്ങള്‍ വാങ്ങിയ ഇടപാടില്‍ അനില്‍ അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയന്‍സ് ഡിഫന്‍സിനെ ഇടപാടില്‍ പങ്കാളിയാക്കല്‍ നിര്‍ബന്ധിത വ്യവസ്ഥയായിരുന്നുവെന്ന് ഫ്രഞ്ച് കമ്പനി ദസോ ഏവിയേഷന്റെ ആഭ്യന്തര രേഖകള്‍ തെളിയിക്കുന്നതായി ഫ്രഞ്ച് മാധ്യമം 'മീഡിയ പാര്‍ട്ട്' റിപ്പോര്‍ട്ട് ചെയ്തു.

റിലയന്‍സിനെ പങ്കാളിയാക്കിയത് റഫാല്‍ നിര്‍മാതാക്കളായ ദസോള്‍ട്ടെന്ന കേന്ദ്ര സര്‍ക്കാരിന്റെ വാദം ഇതോടെ പൊളിഞ്ഞു. കരാറിന്റെ വിശദാംശങ്ങള്‍ വെളിപ്പെടുത്താന്‍ പ്രതിപക്ഷം ആവശ്യപ്പെട്ടിട്ടും സര്‍ക്കാര്‍ വഴങ്ങാത്തത് ഇത്തരം വ്യവസ്ഥയുണ്ടായതിനാലായിരിക്കാം എന്നാണ് വിലയിരുത്തലുകള്‍.

ഈ വര്‍ഷം അവസാനം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകള്‍ക്കും അടുത്ത വര്‍ഷം നടക്കുന്ന ലോകസഭാ തിരഞ്ഞെടുപ്പിനും പ്രതിപക്ഷത്തിന് ശക്തമായ ആയുധമാണ് മീഡിയ പാര്‍ട്ടിന്റെ വെളിപ്പെടുത്തലിലൂടെ ലഭിച്ചത്. കേന്ദ്ര പ്രതിരോധമന്ത്രി നിര്‍മല സീതാരാമന്‍ ഫ്രാന്‍സില്‍ സന്ദര്‍ശനത്തിനെത്തുന്നതിന് തൊട്ടുതലേന്നാണ് പ്രതിപക്ഷ വാദങ്ങള്‍ക്ക് കൂടുതല്‍ കരുത്തുപകരുന്ന വെളിപ്പെടുത്തല്‍. 'കരാര്‍ നടപ്പാകണമെങ്കില്‍ ഇന്ത്യന്‍ പങ്കാളിയായി റിലയന്‍സ് ഡിഫന്‍സിനെ പരിഗണിച്ചേതീരൂ എന്ന് ദസോ ഏവിയേഷന്‍ കണക്കാക്കിയതിന്റെ രേഖ തങ്ങളുടെ വശമുണ്ടെന്ന് 'മീഡിയ പാര്‍ട്ട്' അന്വേഷണ റിപ്പോര്‍ട്ട് പറയുന്നു. ഇന്ത്യന്‍ വിപണി പിടിക്കാനുള്ള വഴിയായതിനാല്‍ ഫ്രഞ്ച് ആയുധ നിര്‍മാണ കമ്പനി നിര്‍ബന്ധത്തിന് വഴങ്ങുകയായിരുന്നു. റിലയന്‍സിനെ പദ്ധതിയില്‍ പങ്കെടുപ്പിക്കുക എന്നത് മോദി സര്‍ക്കാറിന്റെ ' നിര്‍ബന്ധിതവും അടിയന്തിരവുമായ' വ്യവസ്ഥയായിരുന്നെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

റഫാല്‍ ഇടപാടില്‍ റിലയന്‍സിനെ പങ്കാളിയാക്കിയത് ഇന്ത്യയുടെ നിര്‍ദേശപ്രകാരമെന്ന മുന്‍ ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സ്വ ഒലാദിന്റെ വെളിപ്പെടുത്തല്‍ പുറത്തുവിട്ട മീഡിയ പാര്‍ട്ടിന്റെ പുതിയ കണ്ടെത്തല്‍ വിവാദത്തില്‍ നിര്‍ണായക വഴിത്തിരിവ് ആവുകയാണ്.

Other News in this category4malayalees Recommends