രണ്ടാമൂഴം സിനിമയുടെ തിരക്കഥ തിരികെ ആവശ്യപ്പെട്ട് എംടി ; ആയിരം കോടി ബജറ്റ് ചിത്രം സ്വപ്നമാകുമോ

രണ്ടാമൂഴം സിനിമയുടെ തിരക്കഥ തിരികെ ആവശ്യപ്പെട്ട് എംടി ; ആയിരം കോടി ബജറ്റ് ചിത്രം സ്വപ്നമാകുമോ
രണ്ടാമൂഴം നോവലിനെ ആസ്പദമാക്കിയുള്ള സിനിമയില്‍നിന്ന് രചയിതാവ് എം ടി വാസുദേവന്‍ നായര്‍ പിന്മാറുന്നു. ശ്രീകുമാര്‍ മേനോന്റെ സംവിധാനത്തില്‍ ഒരുങ്ങാനിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥ തിരികെ വാങ്ങിക്കാന്‍ എംടി കോടതിയെ സമീപിക്കും. സംവിധായകനുമായുണ്ടാക്കിയ കരാര്‍കാലാവധി അവസാനിച്ചുവെന്നും തിരക്കഥ തിരികെ വേണമെന്നും എംടി വ്യാഴാഴ്ച കോടതിയില്‍ അറിയിക്കും.

ഇന്ത്യയിലെ ഏറ്റവും വലിയ ചലച്ചിത്രം എന്ന വിശേഷണത്തോടെ ആരംഭിക്കാനിരുന്ന ചിത്രമാണ് രണ്ടാംമൂഴം. ചിത്രത്തിന്റെ ചിത്രീകരണം വൈകുന്നതില്‍ പ്രതിഷേധിച്ചാണ് എംടിയുടെ നടപടി. തിരക്കഥ തിരികെ കിട്ടാന്‍ കോഴിക്കോട് മുന്‍സിഫ് കോടതിയില്‍ ഹര്‍ജി സമീപിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. തിരക്കഥയ്ക്കായി മുന്‍കൂറായി വാങ്ങിയ തുക മടക്കിക്കൊടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

നാലുവര്‍ഷം മുമ്പ് ചര്‍ച്ചകള്‍ക്കു ശേഷം എം ടി വാസുദേവന്‍ നായര്‍ ചിത്രത്തിന്റെ തിരക്കഥ കൈമാറിയിരുന്നു. മൂന്നുവര്‍ഷത്തേക്കായിരുന്നു തിരക്കഥയുടെ കരാര്‍. ഇക്കാലയളവിനുള്ളില്‍ സിനിമ പൂര്‍ത്തിയാക്കുമെന്നായിരുന്നു സംവിധായകന്‍ പറഞ്ഞിരുന്നത്. എന്നാല്‍ മൂന്നുവര്‍ഷത്തിനു ശേഷവും സിനിമയുടെ ചിത്രീകരണം പോലും തുടങ്ങിയില്ല.

നിരന്തരം പഠനവും ഗവേഷണവും നടത്തിയാണ് താന്‍ രണ്ടാമൂഴം കഥയുണ്ടാക്കിയതെന്നും എന്നാല്‍ താന്‍ കാട്ടിയ ആവേശം സിനിമ ചെയ്യുന്നവര്‍ കാട്ടിയില്ലെന്നാണ് എംടിയുടെ പരാതി. തിരക്കഥ കിട്ടുമ്പോള്‍ മുന്‍കൂറായി കൈപ്പറ്റിയ തുകയു മടക്കി നല്‍കാനാണ് ഉദ്ദേശം. അതേസമയം സിനിമയുമായി ബന്ധപ്പെട്ട് സംവിധായകന്റെയോ നിര്‍മ്മാതാവിന്റെയോ പ്രതികരണം പുറത്തു വന്നിട്ടില്ല.

പ്രവാസി വ്യവസായി ബി ആര്‍ ഷെട്ടിയാണ് സിനിമ നിര്‍മ്മിക്കുമെന്ന് അറിയിച്ചിരുന്നത്. 1000 കോടിയായിരുന്നു മുതല്‍മുടക്കും പറഞ്ഞുകേട്ടിരുന്നത്. മലയാളത്തിലും ഇംഗ്ലീഷിലും ഹിന്ദിയിലുമായി രണ്ടു ഭാഗങ്ങളായിട്ടായിരുന്നു സിനിമ പ്രഖ്യാപിച്ചിരുന്നത്.

Other News in this category4malayalees Recommends